സ്ത്രീ

കഥാസന്ദർഭം: 

"ഒരു തികഞ്ഞ ചിന്തകനാണ് രാജന്‍. ജീവിതസത്യം ഗ്രഹിച്ച ഒരു കഥാകൃത്ത്. ചില ആദര്‍ശങ്ങള്‍ പരീക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് അയാള്‍. പാരമ്പര്യം എന്നു പറയുന്നത് നശിക്കാത്ത ഒന്നാണോ എന്ന് പരീക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചു. അതിനുവേണ്ടി രാജന്‍ ഒരു വേശ്യയുടെ മകളായ സുഷമയെ വിവാഹം കഴിച്ചു. മനോഹരിയും മദാലസയുമായ സുഷമ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നിട്ടും അവള്‍ ഒരു കാമുകിയായി തന്നെ കഴിഞ്ഞു. പ്രേമലോലുപയായ അവള്‍ ചെന്നു പതിച്ചത് കാമലോലുപനായ മധുവിന്റെ കരങ്ങളിലാണ്. അവളുടെ പ്രേമകേളികള്‍ക്ക് ഭര്‍ത്താവും കുഞ്ഞും ഒരു പ്രശ്നമായിരുന്നില്ല. യൌവനം സൂക്ഷിക്കണമെന്നു മാത്രമേ അവള്‍ക്കു നിഷ്കര്‍ഷയുണ്ടായിരുന്നുള്ളൂ. രാജന്‍ അവള്‍ക്കു വേണ്ടി പലതും ത്യജിച്ചു. അയാള്‍ തന്റെ സ്വൈരവിഹാരത്തിനു തടസ്സമാവുന്നു എന്നു കണ്ടപ്പോള്‍ അവള്‍ അയാളെ വീട്ടില്‍നിന്നും ചവുട്ടിപ്പുറത്താക്കുകയാണ്. വീട്ടിലെ വേലക്കാരി മല്ലികക്കുപോലും അതു സഹിക്കാന്‍ കഴിയുന്നില്ല. സുഷമയെ ആരാധിച്ച് നടക്കുന്ന ധനിക യുവാവാണ് വിജയന്‍. പരിഷ്കാരിയല്ലെങ്കിലും സ്നേഹമുള്ളവളായിരുന്നു വിജയന്റെ ഭാര്യ സുധ. അവളെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ് അയാള്‍. അവസാനം സുധയെ അയാള്‍ വീട്ടില്‍നിന്നു പുറത്താക്കുന്നു. അവള്‍ തന്റെ നാട്ടിന്‍പുറത്തുള്ള വസതിയില്‍ എത്തി. വൃദ്ധനായ നാണുപ്പിള്ള അവളെ സംരക്ഷിക്കുന്നു.
വിജയന്‍ സുഷമയുടെ വീടുപണി ചെയ്യാന്‍ പോലും തയാറായി. മധു ഇതിനിടയില്‍ സുഷമയില്‍നിന്നും അകന്നുകൊണ്ടിരുന്നു. അവന്റെ ദൃഷ്ടി പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കു സഞ്ചരിച്ചു. സുധയിലായി പിന്നീട് അവന്റെ കണ്ണ്. എന്നാല്‍ സുധ അവന് വഴങ്ങുന്നില്ല. സ്ത്രീകളെ മുഴുവന്‍ വെറുത്തുകഴിഞ്ഞിരുന്ന രാജന്‍ അരഭ്രാന്തനായി അലഞ്ഞുനടക്കുകയാണ്. ഇതിനിടെ വിജയന്‍ സുഷമയെ കൈവെടിയുകയും ചെയ്തു. ഇന്നവള്‍ ആര്‍ക്കും ആവശ്യമില്ലാത്ത ഒരാളായി മാറിക്കഴിഞ്ഞിരിക്കുന്നു. സൌന്ദര്യവും യൌവനത്തുടിപ്പും നഷ്ടമായിരിക്കുന്നു. സുഷമ തന്റെ പാപത്തിന്റെ ഫലം അനുഭവിച്ചു തുടങ്ങി. സ്വന്തം കുഞ്ഞു മാത്രമായി അവള്‍ക്കുള്ള അവലംബം. സുഷമ ഭര്‍ത്താവിനെ തേടി ഉഴറിനടന്നു. അലഞ്ഞുതിരിയുന്ന രാജനെ അവള്‍ കണ്ടുമുട്ടി. പക്ഷേ രാജന്‍ അവളെ സ്വീകരിക്കാന്‍ തയാറായില്ല. അവളുടെ അപേക്ഷകള്‍ വനരോദനങ്ങളായി അവശേഷിച്ചു. തനിക്കു സുഷമയില്‍ ജനിച്ച പെണ്‍കുട്ടി പാരമ്പര്യമനുസരിച്ച് വേശ്യയായി മാറുമെന്ന് അയാള്‍ ഭയന്നു. ഒരു ദിവസം മകളെ എടുത്ത് അയാള്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. സുഷമ നിലവിളിച്ചുകൊണ്ട് അയാളെ പിന്തുടര്‍ന്നു. രാജന്‍ ആ പെണ്‍കുട്ടിയെ കൊന്നുകളയുന്ന ഭീകരദൃശ്യം അവള്‍ക്കു കണ്ടു നില്‍ക്കേണ്ടി വന്നു. അവള്‍ ബോധരഹിതയായി നിലംപതിച്ചു. അവളുടെ കണ്ണുകള്‍ പിന്നീട് തുറന്നില്ല. രാജന്റെ രണ്ടു തുള്ളികണ്ണീര്‍ അവളുടെ കണ്‍പോളകളില്‍ വീണു. പിന്നീട് രാജന്‍ അവിടെ നിന്ന് എവിടേക്കെന്നില്ലാതെ പോവുന്നു. സുഷമയെ ആരാധിച്ചു കഴിഞ്ഞിരുന്ന വിജയന്റെ മനസ്സില്‍ ഇപ്പോള്‍ പശ്ചാത്താപം പുകയുകയാണ്. എല്ലാ പാപങ്ങളും പൊറുത്തു തരാന്‍ യാചിച്ചുകൊണ്ട് അയാള്‍ സുചരിതയായ ഭാര്യ സുധയെ സമീപിക്കുന്നു. അവള്‍ എല്ലാം മറന്ന് അയാളെ സ്വീകരിക്കുന്നു."