Anna Katharina
ആറാം വയസ്സു മുതൽ ഗിറ്റാർ പഠിയ്ക്കുന്ന അന്ന കാതറിന പരസ്യജിംഗിളുകളിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ജിംഗിളുകളും റീ-റെക്കോഡിംഗും ചെയ്തുകൊണ്ടിരുന്ന അന്നയെ,ഗിറ്റാർ ഗുരു സുമേഷ് പരമേശ്വരനാണ് സംഗീതസംവിധായകൻ ഗോപീസുന്ദറിനു പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഗോപീസുന്ദർ സംഗീതം ചെയ്ത പരസ്യജിംഗിളുകൾ ആലപിച്ച അന്നയെ സിനിമയിലേയ്ക്ക് പരിചയപ്പെടുത്തിയതും അദ്ദേഹം തന്നെ. "കാസനോവ"യിലെ തീം മ്യൂസിക്കിനു ശബ്ദം നൽകിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് ഗോപീസുന്ദർ സംഗീതം ചെയ്ത "ഈ അടുത്ത കാലത്ത്","മാസ്റ്റേഴ്സ്",എം ജയചന്ദ്രന്റെ "മല്ലുസിംഗ്" എന്നീ സിനിമകൾക്ക് ശേഷം അന്നയുടെ ഏറ്റവും വലിയ ഹിറ്റ് പിറന്നു. "ഉസ്താദ് ഹോട്ടൽ" എന്ന സിനിമയിലെ ഗോപീസുന്ദറിന്റെ തന്നെ സംഗീതത്തിൽ "അപ്പങ്ങളെമ്പാടും" എന്ന പാട്ട്. ആ സിനിമയിൽ അതുകൂടാതെ "മെൽ മെൽ" എന്ന പാട്ടും അന്നയുടേതായുണ്ട്.
ഉസ്താദ് ഹോട്ടലിലെ പാട്ടുകൾക്ക് 2012ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാർഡ് നോമിനേഷൻ നേടാനും അന്നയ്ക്കായി.
ഏറെ താമസിയാതെ ഗോപിസുന്ദറിന്റെ തന്നെ സംഗീതത്തിൽ "യാര്ടാ മഹേഷ്" എന്ന സിനിമയിലൂടെ തമിഴ് സിനിമാ പിന്നണിഗാനരംഗത്തും അന്ന കാതറിന അവതരിപ്പിയ്ക്കപ്പെട്ടു.
ആലപ്പുഴ സ്വദേശികളായ വാലയിൽ ജോസഫ് വർഗീസും മിനിയുമാണ് മാതാപിതാക്കൾ.ബെക്കി മേരി ഏകസഹോദരി. കാറ്ററിംഗ് ബിസിനസുകാരനായ രഞ്ചേഷ് ചാണ്ടിയാണ് ഭർത്താവ്. വോക്കൽ മ്യൂസിക്കിൽ കാര്യമായ ശാസ്ത്രീയപരിശീലനമൊന്നും നേടിയിട്ടില്ലാത്ത അന്ന ബഹുമുഖപ്രതിഭയാണ്. മെൽബണിൽ നിന്ന് മീഡിയ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും സ്വകാര്യ പൈലറ്റ് ലൈസൻസും നേടിയിട്ടുണ്ട് അന്ന. സിനിമയിൽ പാടുന്നതിനു മുൻപ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പബ്ലിക് റിലേഷൻസ് മാനേജർ ആയിരുന്നു.ആറോളം പാട്ടുകളുടെ റീ-റെക്കോർഡിംഗും ചെയ്തിട്ടുണ്ട്.