സ്പിരിറ്റ്-പ്രദര്‍ശനപരതയ്ക്കിട്ടൊരു കുത്ത്

(സ്പോയിലര്‍ അലര്‍ട്ട് എന്നു പറഞ്ഞുകൂടെങ്കിലും, സിനിമയുടെ കഥാഗതി വിളിച്ചുപറയുന്ന ചിലതെങ്കിലും ഈ കുറിപ്പിലുണ്ട്. സിനിമ കാണണം എന്നുള്ളവര്‍ക്ക് കണ്ടിട്ടുവന്ന് വായിയ്ക്കാം. നെഗറ്റീവ് റിവ്യൂ പ്രളയം കണ്ട് ഇത് കാണാന്‍ പോകുന്നില്ല എന്ന്‍ തീരുമാനിച്ചവര്‍ക്കും കണ്ടവര്‍ക്കും വായിക്കാവുന്നതാണ്. എന്നാൽ ഈ റിവ്യൂ ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാനുമുള്ളതല്ല. പോസ്റ്റിനു താഴെ വന്ന്‍ 'ലാലണ്ണന്‍ കീ ജയ്' എന്നെഴുതി വെയ്ക്കാനും ഈ വഴി വരരുതെന്ന് അപേക്ഷിക്കുന്നു. സിനിമയുടെ ആദ്യപാതിയില്‍ മദ്യത്തെ ആഘോഷിച്ച് പരിഹസിക്കുകയാണെന്ന് മനസ്സിലാവാതെ 'വെള്ളമടിക്കാത്ത ലാലേട്ടനെ എന്തിനു കൊള്ളാം' എന്നു പറഞ്ഞ് അങ്ങനെ ഈ സിനിമയെ ആഘോഷിക്കുന്നവര്‍ക്കുമുള്ളതല്ല ഈ റിവ്യൂ. ഫാന്‍സ് മഹാന്മാരുടെ 'ലാലേട്ടനുക്ക് ഹരോഹര'യും പോസ്റ്ററില്‍ പാലഭിഷേകവും കാരണമാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക്ക് പോയ എനിക്കും എന്‍റെ കൂട്ടുകാരിക്കും സാദാ തീയേറ്റര്‍ വിട്ട് കുത്തകബൂര്‍ഷ്വാസി മള്‍ട്ടിപ്ലക്സില്‍ കേറി നൂറ്റമ്പതു രൂപയ്ക്ക് പടം കാണണ്ടിവന്നത്.).

ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ എന്നെ നോക്കിയിരുന്ന, എനിക്കിന്നും ഒരുപാട് പ്രിയപ്പെട്ട ഒരു ആയയുണ്ട്. സത്യഭാമ എന്ന്‍ പേരുള്ള അവരെ ഞാന്‍ സത്തിചേച്ചീ എന്നോ, സതിച്ചാ എന്നോ അമ്മമ്മ വിളിച്ചിരുന്ന പോലെ സത്യം എന്നോ വിളിച്ചുവന്നു. എനിക്കു ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ അവരെനിക്കൊപ്പം ഉണ്ട്. വിജി എന്ന്‍ വിളിപ്പേരുള്ള അവരുടെ മകള്‍ പത്താം ക്ലാസ്സിലെ പാഠപുസ്തകത്തിനരികിലിരുന്നും കഥ കേള്‍ക്കാന്‍ വാശി പിടിച്ചുകൊണ്ടിരുന്ന വാശിക്കുടുക്കയായ എനിക്കു ചിരിച്ചുകൊണ്ട് 'വഴിയിലെ കല്ലിന്റെ' കഥ പറഞ്ഞു തന്നു. ആണ്‍മക്കളായ സന്തോഷേട്ടനും ഗിരിയേട്ടനും പഠിക്കുന്നതിനിടയിലും മണ്ണു ചുമക്കാനും വയറിംഗ് പണിക്കും പോയി. അവരുടെ പണിസാധനങ്ങളുടെ സഞ്ചി ഒരു നിധിപ്പെട്ടി പോലെ മിഴിച്ചു നോക്കിക്കൊണ്ടിരുന്ന എനിക്ക് വയറുകള്‍ കൊണ്ട് അത്ഭുതകരങ്ങളായ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിത്തന്നു.

മുഖത്തിന്‍റെ ഒരു ഭാഗം വീര്‍ത്തുകെട്ടിയാണ്  ഒരു ദിവസം സത്യചേച്ചി കയറി വന്നത്. അമ്മമ്മയുടെയും അമ്മയുടെയും ചോദ്യങ്ങള്‍ക്ക് ഒരക്ഷരം പോലും മറുപടി പറയാതെ പണി മുഴുവന്‍ തീര്‍ത്തു പോവാന്‍ നേരം ഭക്ഷണം കഴിക്കുമ്പോള്‍ അവരിരുന്നു കരഞ്ഞു. 'വിജിക്കും മക്കള്‍ക്കും ഇന്ന്‍ ഒന്നും വെച്ചു കൊട്ത്തിട്ട്ല്ലാ ബ്ടത്തമ്മേ' എന്നു പറഞ്ഞു കരഞ്ഞു. തലേ ദിവസം കുടിച്ചു വന്ന ഭര്‍ത്താവ് വീട്ടിലെ സകല പാത്രങ്ങളും എറിഞ്ഞുപൊട്ടിച്ചുവെന്നും, ഭേദ്യത്തിന്‍റെ ബാക്കിയാണ് മുഖത്തെ വീര്‍ത്തുകെട്ട് എന്നും ഏങ്ങിക്കരച്ചിലിനിടയില്‍ അവരെങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. 'ഇവ്ട്ത്തെ ആവശ്യം കഴിഞ്ഞ ഒരു അലൂമിനപ്പാത്രം തരണട്ടോ അമ്മേ, അതാവ്മ്പോ എറിഞ്ഞാ പൊട്ടില്ലല്ലോ' എന്നു കണ്ണീരിനിടയിലൂടെ ചിരിച്ച് അവരെഴുന്നേറ്റു.

അവരുടെ അന്നത്തെ ഏറ്റവും നല്ല കൂട്ടുകാരി ഞാനായിരുന്നെന്ന് തോന്നുന്നു. ചുവന്ന വട്ടബക്കറ്റിനുള്ളില്‍ ചൂടുവെള്ളം നിറച്ച് എണ്ണ തേപ്പിച്ച് എന്നെ ബക്കറ്റിനുള്ളില്‍ കയറ്റിനിര്‍ത്തി കുളിപ്പിക്കുമ്പോള്‍ അവരെന്തൊക്കെയോ കഥകള്‍ പറഞ്ഞുതന്നിരുന്നു. അത് പക്ഷേ, വിജിച്ചേച്ചിയുടെ മാണിക്യക്കല്ലിന്റെയോ രാജകുമാരന്‍റെയോ കഥയായിരുന്നില്ല. അവരുടെ സ്വന്തം കഥകളായിരുന്നു. വെള്ളം തട്ടിത്തെറിപ്പിച്ചു കളിക്കുന്നതിനിടയില്‍ അവര്‍ ചോദിക്കുന്നതിനെല്ലാം ഞാന്‍ 'ആ' എന്നോ 'അല്ലാ' എന്നോ ഒക്കെ മൂളിക്കൊണ്ടിരുന്നു. അന്ന്‍ പക്ഷേ അവര്‍ പറഞ്ഞ കഥ ഞാന്‍ മറന്നിട്ടില്ല. 'വല്ലാത്ത കയ്പാ അമ്മൂ അതിന്, ഒരു ജാതി നാറ്റാണ്, മണം തട്ടിയാ അപ്പോ ഛര്‍ദ്ദിക്കും ഞാന്‍, എന്നിട്ടും എങ്ങനെയാ ഓരോരുത്തരു അതിങ്ങനെ വലിച്ചു കേറ്റണതാവോ' എന്നിങ്ങനെ അവരെന്നോട് പിറുപിറുത്തുകൊണ്ടിരുന്നു.

അന്നു മുതല്‍ ഇന്നു വരെ എനിക്ക് കള്ള്‍ ഒരു ആഘോഷവസ്തുവല്ല. കോളേജിലെത്തിയപ്പോഴേക്കും പരീക്ഷകളുടെ റിസള്‍ട്ട് വന്നാല്‍ , നല്ല മാര്‍ക്ക് കിട്ടിയാല്‍ അതിന്, കിട്ടിയില്ലെങ്കില്‍ അതിനും കുപ്പി! ടൂറിന് പോയാല്‍ വൈകീട്ട്, കൂട്ടത്തോടെ ആഘോഷം, കള്ളു കുടിച്ചുകൊണ്ടാണ്. പിറ്റേന്ന് ബസ്സില്‍ കുത്തിവെച്ച കോഴിയുടെ പോലെ തൂങ്ങിപ്പിടിച്ച് ഇരിക്കുന്നത് കാണാം, കുറേയേണ്ണം. കോളേജില്‍ ഓണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വെഹിക്കിള്‍ പോര്‍ച്ചില്‍ കുപ്പി റെഡിയാണ്. പ്ലസ് ടു വിന് കൂടെ പഠിച്ച ഫ്രണ്ട് കാണാന്‍ വന്നാല്‍ കൂടാന്‍ പോകുന്നത് കോളേജിനു മുന്നിലെ സത്യേട്ടന്‍റെ 'ജ്യൂസ് ഷാപ്പില്‍ '. ഇത്തരം ആഘോഷങ്ങള്‍ക്ക് നടുവിലും സത്യച്ചേച്ചി ചോദിച്ച ആ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ ഉള്ളില്‍ . ഈ നാറ്റവസ്തു എങ്ങനെയാണ് ഇവരൊക്കെ വലിച്ചു കേറ്റുന്നതെന്ന്.

മദ്യപാനത്തിന് സ്തുതി പാടുന്നവരേ, വിശ്വമഹാസാഹിത്യകാരന്‍മാര്‍  മദ്യത്തിനെക്കുറിച്ചെഴുതിയ ഉദാത്തങ്ങളായ വരികള്‍ ഇവിടെ വന്ന്‍ ക്വോട്ട് ചെയ്യാതിരിക്കുക. എത്ര മധുരോദാത്തം എന്നു പറഞ്ഞാലും കള്ള്‍ എനിക്കു എന്നും, നാറ്റമുള്ള, കയ്പുള്ള വസ്തു തന്നെയാണ്. സത്യചേച്ചിയുടെ ഓര്‍മകള്‍ എന്നില്‍ നിന്ന്‍ മാഞ്ഞുപോവാത്തിടത്തോളം കാലം...
---------------------------
(ഇതെന്തിനാ ഇപ്പോ ഈ കഥ മുഴുവന്‍ ഇവിടെ വിസ്തരിച്ചത് എന്ന്‍ നിങ്ങള്‍ ചോദിച്ചേക്കാം. ഇക്കഥയിലെന്ത് പുതുമ, സാധാരണ നമ്മളൊക്കെ കാണുന്നതല്ലേ എന്നും ചോദിച്ചേക്കാം. പെട്ടെന്ന്, സത്യച്ചേച്ചിയെ, അവരുടെ ഓര്‍മകളെ ശക്തമായി എന്നിലേക്ക് തിരിച്ചുകൊണ്ടു വന്നത്, എന്നെക്കൊണ്ട് ഇതു മുഴുവന്‍ ഇവിടെ എഴുതിച്ചത് 'സ്പിരിറ്റ്' എന്ന സിനിമയാണ്. ഈ വരി വായിക്കുന്നതോടെ ഒരു വിധം ഫേസ്ബുക്ക് സാഹിത്യകാരന്‍മാരൊക്കെയും നിരാശരായി ഈ റിവ്യൂ വിട്ട് സ്കൂട്ടാവാനിടയുണ്ട്. എങ്കിലും ഞാനെഴുത്ത് തുടരട്ടെ.)

രഘുനന്ദന്‍ യു.കെ യില്‍ കുറെക്കാലം ബാങ്കുദ്യോഗസ്ഥനായിരുന്നു. മടുത്ത് ജോലി രാജിവെച്ച് അയാള്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നു. സജീവപത്രപ്രവര്‍ത്തനവും നിര്‍ത്തി അയാളിപ്പോള്‍ കേരളത്തിലെ ഒരു മെട്രോയില്‍ സ്ഥിരതാമസമാണ്. തുടക്കത്തില്‍ രഘുനന്ദനെ കാട്ടിത്തരുമ്പോള്‍ തന്നെ സംവിധായകന്‍ ഒരു വോയ്സ് ഓവറിലൂടെ നമുക്ക് പറഞ്ഞു തരുന്നുണ്ട് അയാളുടെ സ്വഭാവവിശേഷം. ഒരു 'miserable narcissist' എന്നാണ് രഘുനന്ദന്‍ വിശേഷിപ്പിക്കപ്പെടുന്നതു തന്നെ. ഒ വി വിജയനെയും കുഞ്ഞുണ്ണിമാഷിനെയും മഹാരാജപുരം സന്താനത്തെയും ഇഷ്ടപ്പെടുന്ന അയാള്‍ക്ക് പക്ഷേ ഏറെയിഷ്ടം അയാളെത്തന്നെയാണ്. സിനിമ തുടങ്ങുന്നത് 'സ്പിരിറ്റ്' എന്ന നോവലെഴുതുന്ന രഘുനന്ദനില്‍ നിന്നാണ്. അയാളുടെ ജീവിതം തന്നെയാണാ നോവല്‍ . ഒരു പക്ഷേ അയാളുടെ മരണത്തിനു മാത്രം അന്ത്യം കുറിക്കാവുന്ന ഒന്ന്‍.

ആ മെട്രോയില്‍ അയാളുടെ അടുത്ത സുഹൃത്തുക്കള്‍ രണ്ടു പേരാണ്. കാസാ റോസ എന്ന റിസോര്‍ട്ട് നടത്തുന്ന അലക്സിയും മീരയും. മീര രഘുനന്ദന്റെ മുന്‍ഭാര്യയാണ്. അയാളുടെ കള്ളുകുടിയിലും സര്‍വപുച്ഛം നിറഞ്ഞു നില്‍ക്കുന്ന ആറ്റിറ്റ്യൂഡിലും മനം മടുത്ത് മകനെയുമെടുത്ത് ഇറങ്ങിപ്പോയതാണവള്‍ . സണ്ണി എന്ന അവരുടെ മകന് സംസാരിക്കാനാവില്ല, കേള്‍ക്കാനും. വേര്‍പിരിഞ്ഞെങ്കിലും അവരുടെ നല്ല ബന്ധം തുടരുന്നു.

രഘുനന്ദന്റെ കണ്ണില്‍ അരുന്ധതി റോയ് വെറും വേസ്റ്റ് ആണ്. അരവിന്ദ് അഡിഗ, ചവറ്. വി. എസ് നയ്പാള്‍ , ആ കുഴപ്പമില്ല. ഞാന്‍ ഒന്നിനോടും ഒബ്സസ്സ്ഡ അല്ല എന്ന്‍ ഇടയ്ക്കിടെ വിളിച്ചുകൂവുന്ന അയാള്‍ക്ക് പക്ഷേ രാവിലെ കടുംകാപ്പിയില്‍ മദ്യമൊഴിച്ച് കുടിച്ചില്ലെങ്കില്‍ കൈ വിറയ്ക്കും. അതിന് ഒരു കട്ടങ്കാപ്പിയിടാന്‍ ഗ്യാസ് കത്തിക്കാനുള്ള ധൈര്യവുമില്ല. തീ പേടിയാണ് ആശാന്. രാവിലെ ഒരു കാപ്പിയിട്ട് കിട്ടാന്‍ അയാള്‍ക്ക് വേലക്കാരി പങ്കജം വരുന്നതു വരെ നോക്കിയിരിക്കണം.

മദ്യം തലയ്ക്കു പിടിച്ചാലുണ്ടാവുന്ന സകല ഭ്രാന്തുകളും രഘുനന്ദനില്‍ ഉണ്ട്. 'കോശീസ് ബാറിലെ' സ്ഥിരം സീറ്റ്, കണ്ണില്‍ കാണുന്നവരോടൊക്കെ അനാവശ്യകാരണങ്ങള്‍ പറഞ്ഞ് തല്ലുണ്ടാക്കല്‍ എന്നിങ്ങനെ. വല്ലാത്തൊരു അമിത ആത്മാഭിമാനമോ ഹുങ്കോ നിറഞ്ഞു നില്‍ക്കുന്നതാണ് അയാളുടെ പറച്ചിലുകളെല്ലാം. 'ഷോ ദ' സ്പിരിറ്റ്' എന്ന അയാളുടെ ലൈവ് ടെലിവിഷന്‍ ഇന്‍റര്‍വ്യൂവില്‍ മുന്നിലെത്തുന്നത് ഒരു ഫ്രോഡ് രാഷ്ട്രീയക്കാരനോ കര്‍മ്മോത്സുകയായ ഒരു പോലീസ് ഓഫീസറോ ആരായാലും അയാള്‍ തന്‍റെ ബുദ്ധിജീവി നാട്യങ്ങളും വൃഥാവാദങ്ങളും നിരത്തി ചലപിലാ' എന്ന്‍ പ്രസംഗിക്കും, ഷോ കാണിക്കും, അപ്പുറത്തിരിക്കുന്നത് ഒരു എതിരാളിയെന്ന പോലെ തോല്‍പ്പിക്കാന്‍ സകല അടവുകളും പയറ്റും. ആ ഷോ കണ്ടിരിക്കുമ്പോള്‍ എനിക്കോര്‍മ്മ വന്നത് ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ വൈറല്‍ വീഡിയോ പോലെ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേണു ബാലകൃഷ്ണന്‍റെ 'ക്ലോസ് എന്‍_കൌണ്ടറിന്‍റെ' ഒരു ക്ലിപ്പാണ്. ഭരത് ചന്ദ്രന്‍ ഐ പി എസ്സിന്‍റെ BGM ഇല്‍ വേണു തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഇരുത്തിപ്പൊരിക്കുന്നു. 'മാണിക്ക് റിസോര്‍ട്ടില്ലേ, ശശി തരൂരും നായന്മാരും ദേശാടന്‍ റിസോര്‍ട്ട് നടത്തുന്നില്ലേ, ഒഴിപ്പിക്കുമോ തിരുവഞ്ചൂര്‍ ? ' എന്ന്‍ ചോദ്യത്തിന്‍റെ ചാട്ടുളികളെറിയുന്നു. തിരുവഞ്ചൂര്‍ ന്യായമായും സീറ്റിലിരുന്ന് പരുങ്ങുകയും ഞെരിപിരികൊള്ളുകയും ചെയ്യുന്നു. പ്രേക്ഷകര്‍ക്ക് ഇത് കാണുമ്പോള്‍  കിങും കമ്മീഷണറും ഒക്കെക്കൂടി കലക്കിക്കിട്ടിയ പ്രതീതി. ആവേശം മൂത്ത് പ്രേക്ഷകന്‍ വീട്ടിലിരുന്ന് കൈയടിക്കുന്നു. ആവേശത്തിന്‍റെ കെട്ടിറങ്ങുമ്പോള്‍ പൊതുജനത്തിന് പിന്നെ എന്ത് മാണി? എന്ത് ശശി തരൂര്‍ ? എന്ത് പി ജെ ജോസഫ്? നല്ല ക്ലാസ്സ് കള്ളു കുടിച്ച പോലെ താല്‍ക്കാലികമായ ഒരു ആവേശമുണര്‍ത്തി ഇറങ്ങിപ്പോകുന്ന മിനിറ്റ് നേരത്തെ സാമൂഹ്യപ്രതിബദ്ധത. ഭൂമാഫിയയ്ക്ക് എതിരെ പിന്നെ 'റിപ്പോര്‍ട്ടറി'ല്‍ ഒരു കാമ്പെയിന്‍ ഉണ്ടായതായി എന്‍റെ അറിവിലില്ല. ഫോളോ അപ്പുകള്‍ ഇല്ലാതെ ഇത്തരം നൈമിഷികാവേശങ്ങളും ഷോകളും അരങ്ങുവാഴുമ്പോള്‍ വീരേന്ദ്ര-ശ്രേയാംസ കുമാരന്മാരും മാണി-ജോസഫുമാരും സൌധങ്ങള്‍ കെട്ടിപ്പോക്കിക്കൊണ്ടേയിരിക്കുന്നു. (റിപ്പോര്‍ട്ടര്‍ ടി വി യില്‍ റെസ്യൂമെ അയച്ച് ജോലിയും കാത്തിരിക്കണ ഞാനാണ്, ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു)

ആ ക്ലോസ്-എന്‍_കൌണ്ടറില്‍ നിന്ന്‍ ഒട്ടു വ്യത്യാസം ഒന്നുമില്ല രഘുനന്ദന്‍റെ ഷോ ദ സ്പിരിറ്റിനും. മദ്യം പോലെ അതൊരു സ്പിരിറ്റുണ്ടാക്കി മടങ്ങിപ്പോകുന്നേയുള്ളൂ. ആ ഷോയ്ക്കാകട്ടെ ആരാധകരേറെയാണു താനും. ഷോകളില്‍ അഭിരമിച്ചു കഴിയുന്ന മലയാളിയെ പരിഹസിക്കാന്‍ മറ്റെന്തു വേണം?

അഞ്ചു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനാവും രഘുനന്ദന്. ഒറ്റ മകന്‍ സണ്ണിയുടെ മിണ്ടാപ്പറച്ചില്‍ അറിഞ്ഞുകൂടാ. അവന്‍ സ്വന്തം അച്ഛനോട് പറയുന്നതെന്താണെന്ന് വായിക്കാന്‍ അയാള്‍ക്ക് പരസഹായം വേണം. അയാള്‍ക്ക് മകനോട് വല്ലതും മിണ്ടാനും. മകന്‍ ഒരിക്കല്‍ വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞയച്ചത് ലഹരിയില്‍ അയാള്‍ മറന്നുപോയിരിക്കുന്നു. 'എന്തായിരുന്നു അത്? ഒരു സില്ലി ടോയ് ആയിരുന്നു' എന്നാണയാള്‍ മീരയോട് ചോദിക്കുന്നത്. 'രഘുവിനത് സില്ലിയാവും, അവന് അങ്ങനെയല്ല, എനിക്കറിയാമെങ്കിലും പറഞ്ഞു തരില്ല, ഓര്‍ത്തു കണ്ടുപിടിച്ച് വാങ്ങിക്കൊണ്ടു വാ' എന്നാണ് മീര അപ്പോള്‍ മറുപടി പറയുന്നത്. ദയനീയമായി മീരയെന്ന അമ്മയുടെ മുന്നില്‍ രഘുനന്ദന്‍ തോല്‍ക്കുന്നു. മകന്‍റെ ഒരിഷ്ടം പോലും ഓര്‍ത്തുവെക്കാനാവാത്ത അയാള്‍ക്ക് മകന്‍ ആവശ്യപ്പെട്ടത് ഒരു കടലാസുപട്ടമാണെന്ന് മനസ്സിലാക്കാന്‍ അലക്സിയെന്ന സണ്ണിയുടെ രണ്ടാനച്ഛന്‍റെ സഹായം തേടേണ്ടി വരുന്നു.

അലക്സിയെന്ന ശങ്കര്‍ രാമകൃഷ്ണന്റെ കഥാപാത്രവും പ്രസക്തമാണിവിടെ. അച്ഛനെന്ന സ്ഥാനപ്പേര് മാത്രമേയുള്ളൂ രഘുനന്ദന്. അവനെ ഓമനിക്കാന്‍ , അവന്റെ ഇഷ്ടങ്ങളറിയാന്‍ , അവനോടൊപ്പം കളിയ്ക്കാന്‍ സണ്ണിക്ക് അലക്സി മാത്രമേയുള്ളൂ. മകന്‍ ശുഭരാത്രി ആശംസിക്കുമ്പോള്‍ അത് മനസ്സിലാക്കാന്‍ അയാള്‍ക്ക് വയ്യ. 'ഓ, ഗുഡ്നൈറ്റ് എന്നങ്ങു പറഞ്ഞാപ്പോരേ മക്കളേ' എന്നാണയാള്‍ ചോദിക്കുന്നത്. 'അച്ഛന്‍ നിനക്കു വാങ്ങിത്തന്ന കളിപ്പാട്ടം അസ്സലായിട്ടുണ്ട്' എന്ന്‍ അവനോട് പറയാന്‍, അവന് ആ കളിപ്പാട്ടം എന്തു ചെയ്യണമെന്ന് ഒപ്പമിരുന്ന് സ്വപ്നം കാണാന്‍ അലക്സി എന്ന അച്ഛനാവും. രഘുനന്ദന് അതിനു കഴിയില്ല.

അലക്സി സണ്ണിയെ ഓമനിക്കുന്നതു കണ്ടു ഒട്ടസൂയയോടെ 'ഞാനൊരു നല്ല അച്ഛനും ഭര്‍ത്താവുമാണോ' എന്ന രഘുവിന്റെ ചോദ്യത്തിന് 'അല്ല'യെന്ന്‍ അടച്ചൊരു ഉത്തരമേയുള്ളൂ മീരയ്ക്ക്. 'മൈ ബാഡ് ലക്ക്' എന്നു പറഞ്ഞു അടുത്ത 'ഡ്രിങ്ക് ഫിക്സ്' ചെയ്ത് സോഫയിലേക്ക് ചായുന്നു അയാള്‍ . സകലതിനോടും 'പോട്ട് പുല്ല്' എന്ന ഭാവവുമായി നടക്കുന്ന ടിപ്പിക്കല്‍ മലയാളി ബുദ്ധിജീവി.

അലക്സി പറയാതെ വെച്ച അസുഖത്തിന്‍റെ വിവരം മുഴുവന്‍ അഞ്ചു പെഗ്ഗ് അകത്തുപോയതിന്റെ ബലത്തില്‍ മീരയുടെ മുന്നില്‍ ചെന്ന്‍ വിളമ്പുന്ന രഘുനന്ദന്  മീരയുടെ കരച്ചിലില്‍   വെറും 'മെലോഡ്രാമ' കാണാനേ കഴിയുന്നുള്ളൂ. '99 ശതമാനവും ഞാന്‍ രക്ഷപ്പെടും, ഒരു ശതമാനത്തിന്റെ കണക്കില്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ , സണ്ണിയുടെ അച്ഛനാവാന്‍ നീ അവര്‍ക്കൊപ്പം ഉണ്ടാവുമെങ്കില്‍ എനിക്ക് സന്തോഷമാണെന്ന്' പറഞ്ഞ് അലക്സി പോയതിനു ശേഷം രഘുനന്ദന്റെ കണ്ണുകളില്‍ ഉത്തരവാദിത്വബോധത്തെ ക്കുറിച്ചുള്ള ഭയമാണ് നിഴലിക്കുന്നത്. ആ ഭയം തന്നെയാണ് അയാളെ രണ്ടാമതൊരാലോചനയില്ലാതെ കള്ളിന്റെ ബലത്തില്‍ മീരയുടെ അടുത്തു ചെന്ന്‍ എടുത്തടിച്ച പോലെ അലക്സിയുടെ അസുഖത്തെക്കുറിച്ച് പറയാന്‍ പ്രേരിപ്പിക്കുന്നതും.

മുന്നില്‍ക്കാണുന്ന പെണ്‍കുട്ടികളില്‍ 'ചരക്കുകളെ' നോക്കി മുട്ടി അത് തന്റെ സുഹൃത്തിനെക്കൊണ്ട് ക്യാമറയില്‍ പകര്‍ത്തുന്ന ചെക്കനെ പിടിച്ച് പൊട്ടിക്കുന്ന വനിതാ ഐ.പി.എസ് ഓഫീസറെ കണക്കറ്റ് കളിയാക്കുകയും ,  അവന്‍ കുട്ടിയാണെന്നും, പതിനഞ്ച് വയസ്സു തികയാത്തവനാണെന്നും 'കുട്ടികളെ' ശിക്ഷിക്കുന്നതിനു പകരം സമൂഹത്തിന്‍റെ മനോഭാവം മാറ്റണമെന്നും ഒക്കെ വിശുദ്ധപ്രസംഗം നടത്തുന്നുണ്ടയാള്‍ . കള്ളിന്റെ പുറത്ത് രണ്ടാമതൊരാലോചന നടത്താതെ കാണിക്കുന്ന ഷോ മാത്രമാണത്. അതേ മനുഷ്യനെ രാത്രി വെള്ളമടിച്ച് വണ്ടിയോടിച്ചതിന് പിടിച്ച് അതേ ഐ.പി.എസ് ഓഫീസര്‍ പൊക്കി, 'ഒരു വാണിങ് തന്നു വിടാന്‍ വിളിച്ചതാ, പൊയ്ക്കോളൂ' എന്നു പറയുമ്പോള്‍ മുഖത്ത് വന്ന ജാള്യതയില്‍ നിന്ന്‍ രക്ഷ നേടാന്‍ വീണ്ടും അയാള്‍ക്കാ പ്രദര്‍ശനപരതയെ കൂട്ടുപിടിച്ചേ പറ്റൂ. 'എനിക്കാരുടേം ശുപാര്ശ വേണ്ട, ഇവിടുന്നിറങ്ങിപ്പോവാന്‍' എന്നയാള്‍ പറയുന്നതും അതുകൊണ്ടുതന്നെ. പിന്നീട് ഒരു പാര്‍ടിയില്‍ ആ പോലീസ് ഓഫീസറെ പിന്നേയും ഓരോന്നുപുലമ്പി അപമാനിക്കാന്‍ നോക്കുമ്പോഴും അവര്‍ നന്നായൊന്ന് ചിരിക്കുകയാണ് ചെയ്യുന്നത്. 'ഞാനൊരു ഷോവനിസ്റ്റല്ല' എന്നു പറയുന്ന അയാളോട് പരമപുച്ഛത്തോടെ 'ആ! അത് പറച്ചിലിലും കാണുന്നുണ്ട്' എന്ന്‍ പറയാനും അവര്‍ക്ക് കഴിയുന്നു.

സകലതും അയാള്‍ക്ക് നിസ്സാരങ്ങളാണ്. മകന്‍, അവന്റെ കുഞ്ഞ് ആവശ്യങ്ങള്‍ , ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം അങ്ങനെ വികാരങ്ങളുടെ കെട്ടുപാടുകളുള്ള എന്തും. അതു കൊണ്ടു തന്നെയാണ് ഭാര്യ ബാംഗ്ലൂരില്‍ പോയ സമയം നോക്കി വേറൊരു പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ വെമ്പുന്ന അയല്‍ക്കാരന്‍ കേണലിന് ഒരു കുപ്പി വാങ്ങിക്കൊടുത്ത് 'സംരക്ഷണകവചം' വാങ്ങാന്‍ മറക്കണ്ട എന്നു പറയാന്‍ അയാള്‍ക്ക് ഒരു ഉളുപ്പുമില്ലാത്തത്.

വളരെ ചെറിയ വലിയ കാര്യങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍ . ഓര്‍ത്താല്‍ തീരെച്ചെറുതെന്ന് തോന്നിക്കാമെങ്കിലും, ആ കുഞ്ഞുകാര്യങ്ങളാണ് ജീവിതത്തിന് അര്‍ത്ഥം സമ്മാനിക്കുന്നത്. അത് നമ്മുടെ കുഞ്ഞിന്‍റെ സ്നേഹം നിറഞ്ഞ ഒരു ആലിംഗനമാവാം, ഒരു ചെറുമഴയാവാം, കുഞ്ഞിക്കാറ്റാവാം, പോക്കുവെയിലുമാവാം.

സമീര്‍ എന്ന, ഗിരീഷ് പുത്തഞ്ചേരിയുടെ നല്ല ഛായയുള്ള, രഘുനന്ദന്റെ കൂട്ടുകാരന്‍ അത്തരമൊരു തിരിച്ചറിവിലേക്ക് അയാളെ പിടിച്ചു തള്ളിയിട്ടാണ് മടങ്ങിപ്പോവുന്നത്. ചോര ഛര്ദിച്ച് അയാളുടെ മുന്നില്‍ കുഴഞ്ഞുവീഴുന്ന സമീറിന്റെ മരണമാണ്, ഒരര്‍ഥത്തില്‍ സ്വയം ഒരുപാട് സ്നേഹിക്കുന്ന രഘുനന്ദന്റെ മരണത്തെക്കുറിച്ചുള്ള പേടിയാണ് അയാളെ സ്വബോധമുള്ള ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നത്. അങ്ങനെ ചോര ഛര്‍ദിച്ച് വല്ലയിടത്തും മരിച്ചുവീഴാന്‍ അയാളാഗ്രഹിക്കുന്നില്ല തന്നെ. മരണഭയം നിമിത്തം അയാള്‍ മദ്യത്തിനൊപ്പം അയാളുടെ ഭൂതകാലത്തേയും വാഷ്ബേസിനിലേക്ക് കമഴ്ത്തുന്നു. പിന്നീടുള്ള പ്രഭാതത്തില്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് പുതിയ വെയിലിലേക്കും, മഴയിലേക്കും വെളിച്ചത്തിലേക്കുമാണ്. കഴിഞ്ഞ 25 വര്‍ഷമായി അയാള്‍ മറന്നേ പോയവ. അവിടെ വെച്ച് രഘുനന്ദന്‍ എഴുതുന്ന ആ നോവല്‍ തന്നെയായി സിനിമ രൂപാന്തരപ്പെടുന്നു. സ്പിരിറ്റ് എന്ന ആ നോവലിലേക്ക് മദ്യം പകര്‍ന്നു തരാത്ത പല തിരിച്ചറിവുകളും എഴുതപ്പെടുന്നു.

ബോധത്തോടെ ചുറ്റും നോക്കുന്ന അയാള്‍ക്ക് മുഴുക്കുടിയനായ പങ്കജത്തിന്റെ ഭര്‍ത്താവ് മണിയന്റെയും, കുടിച്ചുമരിച്ച സമീറിനെ ഓര്‍ത്ത് 'കുടിച്ച് കരയുന്ന' ബുദ്ധിജീവികളെയും കണ്ട് കഴിഞ്ഞ കാലം, തന്റെ 'ബുദ്ധിജീവി'തത്തെ ഓര്‍ത്ത് സ്വയം സഹതാപം തോന്നുന്നു. താന്‍ അവതരിപ്പിക്കുന്ന ഷോയിലേക്ക് ഒരു ടിപ്പിക്കല്‍ മലയാളി കുടിയന്റെ ജീവിതം പകര്‍ത്തിക്കൊണ്ടു വന്നാണ് അയാള്‍ പ്രേക്ഷകസമൂഹത്തോട് ക്ഷമാപണം നടത്തുന്നത്. മണിയന്‍ എന്ന സാദാ  പ്ലംബറുടെ ജീവിതം തന്നെ എന്തിന്? തൊട്ടപ്പുറത്തെ കേണലിന്‍റെ ജീവിതം പോരേ? തന്റെ കുടിയന്‍ സുഹൃത്തുക്കളുടേത് പോരേ? എന്ന്‍ ചോദിച്ചേക്കാം നിങ്ങള്‍ . പോരാ, എന്നു തന്നെയാണ് ഞാന്‍ പറയുക. കേണലിന് തിന്ന്‍ എല്ലിന്‍റെയിടയില്‍ കുത്തുമ്പോള്‍ കാണിക്കുന്ന ആഭാസത്തരം ഒളിക്യാമറയില്‍ പകര്‍ത്തി നാട്ടുകാരെക്കൊണ്ടു വന്ന്‍ കാണിച്ചുവെന്നിരിക്കട്ടെ. ആര്‍ക്കാണ് കുറ്റബോധം തോന്നുക? മുക്കാല്‍ മലയാളികളും, പുതിയ മെട്രോ 'ന്യൂവേവ് ഓളം' സിനിമകളില്‍ കാണിക്കുമ്പോലെ വില്ലകളിലും ഫ്ലാറ്റുകളിലും താമസിച്ച് രാത്രി വൈകും വരെ 'പാര്‍ടി ടു നൈറ്റ്' എന്നു കരുതി പോകുന്നവരല്ല. പച്ചക്കറിക്കും മുട്ടയ്ക്കും വില കൂടിയാല്‍ ബേജാറാവുന്ന, സപ്ലൈകോ സ്റ്റോറുകളിലും റേഷന്‍ ഷാപ്പുകളിലും ക്യൂ നിന്ന്‍, പരിപ്പില്ല, പഞ്ചസാര വന്നിട്ട് രണ്ടു മാസായി, മണ്ണെണ്ണ ഒരു തുള്ളി ഇനി ഈ മാസം കിട്ടൂല, എന്നൊക്കെ പറയുന്നതു കേട്ടു പ്രാന്തെടുക്കുന്നവര്‍ തന്നെയാണ് ഇവിടത്തെ സാധാരണക്കാര്‍ . അവരിലെ വീട്ടമ്മമാര്‍ക്കാണ് നെഞ്ചെരിച്ചില്‍ കൂടുകയെന്ന് മാത്രം. കെട്ട്യോന്‍ ബിവറേജസിന്റെ മുന്നില്‍ ഒഴുക്കിക്കളയുന്ന കള്ളിന്റെ കാശുകൊണ്ട് എത്ര കിലോ അരി വാങ്ങാമായിരുന്നെന്നും, നാളെ കുട്ടികള്‍ക്ക് എന്ത് അനത്തിക്കൊടുത്ത് സ്കൂളില്‍ വിടുമെന്ന് ആധിപ്പെടുന്ന സത്യച്ചേച്ചിയെപ്പോലുള്ള അമ്മമാര്‍ ഇന്നുമുണ്ടെന്ന് അര്‍ത്ഥം. അവരോടാണ് ഈ കഥയുടെ രണ്ടാം പാതി സംസാരിക്കുന്നത്.

ഇനി പ്ലംബര്‍ മണി മാത്രമേ വെള്ളമടിച്ച് കെട്ട്യോളെ തല്ലുകയുള്ളോ, സമൂഹത്തിന്‍റെ ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ ചെയ്യില്ലേ? അവര് അടിച്ചു കോണ്‍ തിരിഞ്ഞാലും ഡീസന്‍റാ? അവര്‍ക്കിതിന്റെ അനന്തരഫലങ്ങളൊന്നും അനുഭവിക്കണ്ടേ എന്നു ചോദിക്കുന്നവരോട്: അടിച്ചുകോണ്‍ തിരിഞ്ഞ പണക്കാര്‍ ഡീസന്‍റായിരുന്നെങ്കില്‍ ഒരു പാര്‍ട്ടിയില്‍ രഘുനന്ദന്റെ പോലെ അലമ്പ് ഉണ്ടാക്കി ഇറങ്ങിപ്പോവുകയോ, കേണലിന്‍റെ പോലെ കുപ്പിയെയും പെണ്ണിനെയും  കാത്തുവെച്ചിരിക്കുകയും ചെയ്യില്ലല്ലോ? അനന്തരഫലങ്ങള്‍ പണക്കാര്‍ക്കുണ്ടാവില്ലെങ്കില്‍ മീര രഘുനന്ദനെ വിട്ട് കുഞ്ഞിനെയും കൊണ്ട് ഇറങ്ങിപ്പോവുകയും ചെയ്യില്ലല്ലോ?

മീര എന്ന മുന്‍ ഭാര്യയോട് 'വെള്ളത്തിലല്ലാത്തതു നന്നായി, ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാല്‍സംഗം ചെയ്തേനെ' യെന്ന്‍ അയാള്‍ പറയുമ്പോള്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി 'നിങ്ങള്‍ക്കതിന് പറ്റില്ല' എന്ന്‍ പറയാതെ പറഞ്ഞ് തിരിച്ചയക്കുന്നുണ്ട് അവള്‍ . പിന്നീട് മകനും അലക്സിയും വരുമ്പോള്‍, അവരെ ചേര്‍ത്തണച്ച് നിര്‍ത്തി അവള്‍ താന്‍ പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറുള്ള, ഏത് വിഷമത്തിലും ഒരു താങ്ങിന് കൈ പിടിക്കാന്‍ കൂടെയുള്ള ആണിനൊപ്പമേ അവള്‍ക്ക് ജീവിക്കാനാവൂ, അതേ കുടുംബം എന്നൊരു കുഞ്ഞുകിളിക്കൂടാവൂ എന്ന്‍ പ്രഖ്യാപിക്കുന്നു. ലെന അവതരിപ്പിച്ച ആ പോലീസ് ഓഫീസറുടെ കഥാപാത്രം 'ഒരു കോണ്‍സ്റ്റബിളിന്റെ' മകളായ എനിക്ക് അച്ഛന്‍ പറഞ്ഞുതന്ന ചില പ്രാക്ടിക്കല്‍ പാഠങ്ങളാണ് കുറച്ചുകൂടി ഫലപ്രദമായി തോന്നാറ് എന്ന്‍ സ്വബോധത്തിലിരിക്കുന്ന രഘുവിനോട് പറയുമ്പോള്‍ അത് ശരിയായി സ്വീകരിക്കാനും അയാള്‍ക്ക് കഴിയുന്നതും 'സ്പിരിറ്റില്‍ ' നിന്ന്‍ പുറത്തുവന്നത് കൊണ്ടു തന്നെ.

പോരായ്മകളില്ലാത്ത സിനിമയാണോ ഇത്, ക്ലാസ്സിക്? എന്നു ചോദിച്ചാല്‍ അല്ല എന്നു തന്നെയേ ഞാന്‍ പറയൂ. 25 വര്‍ഷമായി മദ്യപിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തി രണ്ടാം നാള്‍ മുതല്‍ കൈവിറ നിന്ന്‍ നോര്‍മലാവില്ല. അതുപോലെ പണ്ട് യു.കെയിലെ ബാങ്കില്‍ ജോലി ചെയ്തിരുന്നു എന്നുള്ളതുകൊണ്ട് മാത്രം, ഇതിനും മാത്രം കള്ള്‍ കാലങ്ങളായി കാശ് കൊടുത്തുവാങ്ങാന്‍ ഇയാള്‍ക്കെവിടുണ്ട് വരുമാനം എന്നതും, അവിശ്വസനീയം. താന്‍ ചെയ്യുന്ന ഷോയ്ക്ക് അഞ്ചുകാശു പോലും പ്രതിഫലം വാങ്ങാത്ത ആദര്‍ശവാനാണ് രഘുനന്ദനന്‍. എന്നിട്ടും അയാള്‍ താമസിക്കുന്നത് നഗരത്തിലെ ഒന്നാം കിട വില്ലയില്‍ . കുടിക്കുന്നത് വിലകൂടിയ വിദേശമദ്യം!

തിലകന്‍ എന്ന അതുല്യനടനെ പൂര്‍ണ്ണമായും മൂലയ്ക്കിരുത്തിയിരിക്കുകയാണ് സിനിമയില്‍ . ഒരുപാടാഴം നല്‍കാമായിരുന്ന ഒരു കഥാപാത്രത്തെ എന്തിനാണിങ്ങനെ ഒതുക്കിയതെന്ന് മനസ്സിലാവുന്നില്ല.

വീടിന്റെ മുറ്റത്തു പോലും ഇറങ്ങാതെ പുസ്തകങ്ങളില്‍ ജീവിതം തിരയുന്നവര്‍ക്ക് ഒരു ഘട്ടം കഴിഞ്ഞാല്‍ വരുന്ന അധ:പതനമുണ്ട്. രഘുനന്ദന്റെ ആ വീഴ്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പും കാണാം ഈ സിനിമയില്‍ . അതു തന്നെയാണ് ഈ സിനിമയില്‍ ജീവിതം മണക്കുന്നു എന്ന്‍ ഞാന്‍ പറയാന്‍ കാരണവും. പ്രേക്ഷകരില്‍ സാധാരണക്കാര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു വഴിയും ഞാന്‍ കാണുന്നുമില്ല.

 

Contributors: 

പിന്മൊഴികൾ

സ്പിരിറ്റ്‌ ഇഷ്ടമായി. റിവ്യൂവും. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ കാര്യങ്ങള്‍ എല്ലാം ഇതില്‍ വിശദമായി എഴുതിയിരിക്കുന്നു. പിന്നെ, ഷോ ദി സ്പിരിറ്റ്‌ ഹോസ്റ്റു ചെയ്യുന്ന മോഹന്‍ ലാല്‍ പല സമയത്തും വേണുവിനെ അനുകരിക്കുന്നതായി തോന്നിപ്പിച്ച്ചിരുന്നു..അംഗ വിക്ഷേപങ്ങള്‍ വരെ.

its good movie better thn something recently released ...i watched this movies yesterday, when in the screen the hero drinking,same time i seen a group of college boys drinking in the theatre. i dont know wht kind of attitude they have. while upto the interval our hero drinks different kinds of branded liquor.after some few incidents he began to stop drinking.......... when i watch this movie a question remains in my mind wht sbout those college guys, when their hero drinks in the screen they also drinked. when the hero stoped drinking did they stop?.....

.. ഒരു പരിധിയില്‍ കൂടുതല്‍ കള്ളുകുടിക്കാന്‍ ഒരു ഹീറോയും പ്രചോദനമോ, വിഘാതമോ ആവുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു ഹീറോ ശീലത്തിലേക്ക് തള്ളിവിടുന്ന catalyst ആയേക്കാം എന്നല്ലാതെ. ഇതൊക്കെ ആത്യന്തികമായി വളരെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണ്.

'99 ശതമാനവും ഞാന്‍ രക്ഷപ്പെടും, ഒരു ശതമാനത്തിന്റെ കണക്കില്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ , സണ്ണിയുടെ അച്ഛനാവാന്‍ നീ അവര്‍ക്കൊപ്പം ഉണ്ടാവുമെങ്കില്‍ എനിക്ക് സന്തോഷമാണെന്ന്' പറഞ്ഞ് അലക്സി പോയതിനു ശേഷം രഘുനന്ദന്റെ കണ്ണുകളില്‍ ഉത്തരവാദിത്വബോധത്തെ ക്കുറിച്ചുള്ള ഭയമാണ് നിഴലിക്കുന്നത്. ആ ഭയം തന്നെയാണ് അയാളെ രണ്ടാമതൊരാലോചനയില്ലാതെ കള്ളിന്റെ ബലത്തില്‍ മീരയുടെ അടുത്തു ചെന്ന്‍ എടുത്തടിച്ച പോലെ അലക്സിയുടെ അസുഖത്തെക്കുറിച്ച് പറയാന്‍ പ്രേരിപ്പിക്കുന്നതും.

- എന്തിനങ്ങനെ ചിന്തിക്കണം. തന്‍റെ മുന്‍ ഭാര്യയും ഇപ്പോള്‍ ഒരു നല്ല സുഹൃത്തും ആയ മീരയെക്കുറിച്ചു കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടും ഇതൊക്കെ താങ്ങാന്‍ അവള്‍ക്കു കഴിയും (അവള്‍ക്കു അതിനു കഴിയുന്നുണ്ട് സിനിമയില്‍) എന്നുമുള്ള വിശ്വാസമാകാം അതിനുള്ള കാരണം. സ്ത്രീ അബല അല്ല എന്ന പുരുഷന്ധ്യന്‍റെ സമ്മതവും പ്രഘ്യാപനവും ആയിട്ടാണ് എനിക്ക് അതു തോന്നിയത്!

തിലകന്‍റെ കഥാപാത്രം ചെറുതാണെങ്കിലും വളരെ പ്രാധാന്യമുള്ളതാണ്. ഒന്നും പറയാതെ ഒരുപാട് പറയുന്ന ഒരു കഥാപാത്രമായിരുന്നു അതു! പുച്ഛം നിറഞ്ഞ ഒരു ചിരിക്ക് വേണ്ടി മാത്രം ഉള്ള ഒരു ഷോട്ട് ആണെങ്കില്‍ പോലും അതു തിലകന്‍ ചെയ്യുന്നത് പോലെ വേറെ ആര്‍ക്കാണ് ഇന്ന് ചെയ്യാന്‍ കഴിയുക?

വായനകള്‍ പലതരം, പലമാതിരിയുള്ള വായനകളെയും സ്വാഗതം ചെയ്യുന്നു. :) തിലകന്‍ അതുല്യനടന്‍ തന്നെയാണ്. ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ പോലും ആ ശബ്ദത്തില്‍ സ്ഫുരിക്കുന്ന അഭിനയത്തിന്‍റെ ഒരു ശക്തിയുണ്ട്. powerful acting! :)

The movie which we can discuss more and more... Review is one step ahead of the film. Keep on writing...
Regards, GK.

I am not a 'Kudiyan' But have a logical dought regarding this movie. Raghu Nanadan was a drunkard for the last 25 yrs. All of sudden he decides to quit drinking and smoking. From next day onwards he is enjoying nature etc.. how ? No withdrawal symptoms ???

25 വര്‍ഷമായി മദ്യപിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തി രണ്ടാം നാള്‍ മുതല്‍ കൈവിറ നിന്ന്‍ നോര്‍മലാവില്ല. - എന്ന്‍ ഞാന്‍ പറഞ്ഞുവല്ലോ. :)

.. ന്യായീകരിക്കാന്‍ ആ സിനിമ 'അന്യായം' എന്നെനിക്കു തോന്നിയില്ല. ആ സിനിമ കാണാതെ അതിനെക്കുറിച്ചുള്ള ചിന്തകളുമുണ്ടാവില്ലല്ലോ.

Good movie, but the review is boring. ( Focus on subject and don't beating around bush)

എഴുത്ത് കൊള്ളാം.സിനിമ ഞാൻ കണ്ടില്ല,പക്ഷേ ഈയെഴുത്ത് സിനിമ "എന്തൊക്കെയോ" ആണെന്ന് തോന്നിപ്പിയ്ക്കുന്നുണ്ട്..

ഇച്ചിരി ആരാധന റിവ്യൂവിന്റെ അവിടേം ഇവിടേം പുരട്ടിയപോലൊരു ഫീൽ..ആരോട്/ആരോടൊക്കെയാണെന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലേ :)

I watched d movie.I like it very much.I have one doubt regarding d film or review.Was Raghu Nandan's attitude more correct than Lena's(IPS officer)...??I said this because Mani(plumber)'s character changed not with IPS officer's opinion but with Raghu Nandan's opinion.Actually i couldn't get d explanation of Raghu Nandan regarding that young boy who arrested from d shopping mall.Whose arguments were right in that situation..?? What was his explanation about that incident...????As far as i am concerned Raghu Nandan's argument might have been right or it should have some relevance.What's your opinion...??
I liked your review very much..most of my doubts were cleared with this review...keep writing....

keep writing.. u do have a skill in writing.. 2nd half was felt like a documentary.. It could have been made better ..overall an average film.