സിനിക്ക് പറഞ്ഞത്

 

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം. നിരീക്ഷണത്തിലുള്ള സൂക്ഷ്മത, കലാമൂല്യത്തോടുള്ള പ്രതിബദ്ധത, ലോക സിനിമയെപ്പറ്റിയുള്ള ആഴമുള്ള അറിവ്, സിനിമയുടെ സാങ്കേതികതയെക്കുറിച്ചുള്ള വിശദധാരണകൾ ഇവയൊക്കെ പിൻ ബലമേകിയതായിരുന്നു സിനിക്ക് എന്ന എം. വാസുദേവൻ നായരുടെ സത്യ വാങ് മൂല നിരൂപണങ്ങൾ. ഒരു കാലത്ത് സംവിധായകരും നിർമ്മാതാക്കളും ഭയഭക്തിബഹുമാനങ്ങളോടെ സിനിക്കിന്റെ നിരൂപണങ്ങൾ വീക്ഷിച്ചിട്ടുണ്ട്. അസ്വസ്ഥനായ ഒരു നിർമ്മാ‍താവ് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും നിരൂപണത്തിനു വിധേയമാക്കരുതെന്ന് മാതൃഭൂമിയുമായി ബലാൽക്കാര ഉടമ്പടി ഉണ്ടാക്കി എന്നു വരെയെത്തിയിട്ടുണ്ട് സിനിക്കിന്റെ ശക്തിവിശേഷപുരാവൃത്തങ്ങൾ. മുപ്പത്താറു വർഷങ്ങളോളം സിനിമയെ അപഗ്രഥിക്കാൻ ചലിച്ച ആ തൂലിക  മലയാളസിനിമ പ്രായപൂർത്തി നേടിയതിന്റെ ചരിത്രം കൂടിയാണു വരഞ്ഞിട്ടത്. 

          സിനിക്ക് കണ്ട കണ്ണു കൊണ്ട് ഇന്നും സിനിമയെ കാണാം. കാരണം അത് അത്രയ്ക്ക് നവീകരണത്തിന്റേയും പുതുകാഴച്ചപ്പാടിന്റേയും വെളിപാടുകളായിരുന്നു. കാർക്കശ്യത്തിനു പിന്നിൽ വ്യക്തമായ കലാദർശനത്തിന്റേയും പുരോഗതിയ്ക്കുള്ള പ്രത്യാശയുടേയും വെണ്മ കലർന്ന ഉണ്മയാണു നാം കാണുക. സിനിമാപ്പാട്ടുകളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലും ഈ തെളിമയുടെ ധാവള്യമാണു തിളങ്ങി വിളങ്ങുന്നത്. ഗാനങ്ങളുടെ പ്രസക്തി, സന്ദർഭോചിതത്വം, കവിതാംശം, സംഗീതമേന്മ,ആലാപന വൈശിഷ്ട്യം ഇവയൊക്കെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുതീർക്കുമ്പോൾ അതതു കാലഘട്ടത്തിന്റെ നിരീക്ഷണസൂചകമാവുകയാ‍ണ്. ഒരു സൂക്ഷ്മദൃക്കിന്റെ വിശകലനത്തിന്റെ ആർജ്ജവവും.1951 ലെ ജീവിതനൌക മുതൽ 1966 ലെ ചെമ്മീൻ വരെയുള്ള സിനിമാഗാനങ്ങളുടെ രസമാപിനിയുമാണ് സിനിക്കിന്റെ നിരീക്ഷണങ്ങൾ. 

        ഈ പരമ്പരയിൽ അടയാളപ്പെടുത്തുന്നത്  സിനിക്കിന്റെ സിനിമാസംഗീത അഭിമതികളാണ്. നിരൂപണങ്ങളിൽ നിന്നും അതേപടി അടർത്തിയെടുത്തത്.ചരിത്രവിദ്യാർത്ഥികൾക്കും സംഗീതതൽ‌പ്പരർക്കും  സിനിമാപ്പാട്ടു കമ്പക്കാർക്കും ഞങ്ങൾ ഇതു സമർപ്പിക്കുന്നു. 

1. ജീവിതനൌക (1951 ഏപ്രിൽ) 

അഭയദേവ് പതിവുപോലെ  വിജയിച്ചിട്ടില്ലെങ്കിലും ഗാനങ്ങൾ തരക്കേടില്ല. പിന്നണിസംഗീതക്കാർ  പേരുകേട്ടവർ ആയിരിക്കാം. പക്ഷേ മഗ്ദലന മറിയത്തിലെ വള്ളത്തോളിന്റെനിസ്സർഗ്ഗസുന്ദരമായ വരികൾ ഒഴിക പാട്ടൊന്നും “പൊടിപാറി”യില്ല. ഒരാവശ്യവുമില്ലാത്ത ഹിന്ദി ട്യൂണുകൾ അനുകരിച്ചതാണു ഈ തകരാറിനു പ്രധാനകാരണം. സാധാരണത്തെപ്പോലെ ബോക്സ് ഓഫീസിനുവേണ്ടി ഇതിലും ഡാൻസ് ഒട്ടിച്ചു വച്ചിട്ടുണ്ട്. 

(ഈ നിരീക്ഷണം  ശരിയല്ലെന്ന് ഉടൻ തെളിയിക്കപ്പെട്ടു.  പുഷ്പയും സെബാസ്റ്റ്യൻ  കുഞ്ഞുകുഞ്ഞുഭാഗവതരും കൂടെ  പാടിയ “ആനത്തലയോളം വെണ്ണ  തരാമെടാ“ ഹിറ്റ് ആയി മാറിയിരുന്നു. “സുഹാനീ രാത് ഢൽ ചുകീ” യുടെ മലയാളം വേർഷൻ “അകാലേ ആരു കൈവിടും” ആ ഹിന്ദിപ്പാട്ടിനു ആദരസമർപ്പണം എന്ന രീതിയിൽ അംഗീകരിക്കപ്പെട്ടിരുന്നു) 

2. നവലോകം (1951 ഏപ്രിൽ) 

ദക്ഷിണാമൂർത്തിയുടെ  സംഗീതസംവിധാനം തരക്കേടില്ല. കല്യാണിയിൽ സ്വരത്തോടു കൂടി പാടിയ “മലയാളമലർവാടി” അനവസരമെങ്കിലും വളരെ ഭംഗിയായി. അതു മഹിളാസമാജത്തിന്റെ വാർഷികത്തിൽ, ആ ഡാൻസിനു ശേഷമോ മറ്റൊ ആയിരുന്നു ഉത്തമം എന്നു മാത്രം. “ഗാ‍യകാ“ എന്ന ഗാനം പാടിയതാരാണെങ്കിലും വഷളായിപ്പോയി. പല്ലവിയിൽ ആദ്യത്തെ വരി പാടിയതിൽ വലിയ പാകപ്പിഴ വന്നതുമൂലം ആ പാട്ടിന്റെ മാധുര്യം നശിച്ചുപോയി.  പരേതനായ ഖേം ചന്ദ് പ്രകാശിന്റെ ആത്മാവ് സുമധുരമായ “ആയേഗാ” എന്ന തന്റെ ഹംസഗാനം അനുകരണത്തിൽ ഇങ്ങനെ അധഃപതിച്ചു പോയതിൽ കണ്ണീർ തൂകിയിരിക്കും. ഖാദറിന്റെ പാട്ടുകൾ നന്നായി. അനവസരത്തിലും അധികം ആവേശമുൾക്കൊള്ളുന്നുവെന്ന ഒരു ചെറിയ ന്യൂനത അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് പൊതുവേയുള്ളതാണ്. ആ കോട്ടം ഇതിലും അൽ‌പ്പം കാണാമായിരുന്നു. 

(“ഗായകാ” പാടിയ  കവിയൂർ രേവമ്മയെയാണ് ഇവിടെ  കുടഞ്ഞിരിക്കുന്നത്) 

3. വനമാല (1951 ഓഗസ്റ്റ്) 

പാട്ടിന്റെ  ട്യൂണുകളപ്പടി ബോക്സോഫീസ് വിജയം കൈവരിച്ച പല ഹിന്ദിചിത്രങ്ങളിൽ നിന്ന് കടം വാങ്ങിയതാണ്. പിന്നണിസംഗീതക്കാരായ കൃഷ്ണവേണിയുടേയും മെഹ്ബൂബിന്റേയും ശബ്ദം തരക്കേടില്ലെന്നല്ലാ ഒരുപാട്ടുകളെ സംബന്ധിച്ചും മേന്മയൊന്നും പറഞ്ഞുകൂടാ. 

4. യാചകൻ (1951 ഒക്റ്റോബർ) 

     ‘ജീവിതനൌക‘ യുടെ പ്രചരണത്തിനു മഗ്ദലനമറിയത്തിന്റെ ഉപകഥ ധാരാളം സഹായിച്ച മട്ടിൽ ഇതിൽ ചിത്രീകരിച്ചുകാട്ടിയ ‘ഇന്നു ഞാൻ നാളെ നീ’ യാചകന്റെ  പ്രചരണത്തിനു സഹായകമാവാനിടയുണ്ട്. ജിയുടെ അഭൌമസൌന്ദര്യമിയലുന്ന ആ കാവ്യതല്ലജം ഭംഗിയിൽ പാടുകയും നന്നായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പഴയ തമിഴൻ നാടകങ്ങളെ അനുസ്മരിപ്പിക്കാൻ  മാത്രമുതകുന്ന ആ സാവിത്രീ നാടകം വേണ്ടില്ലായിരുന്നു. 

    അഭയദേവിന്റെ  ഗാനങ്ങളിൽ   ‘ ജനകീയരാജനീതിയിൽ”  എന്നു തുടങ്ങുന്ന ഗാനം  നന്നായി. മറ്റവയെല്ലാം ദോഷമില്ലെന്നു പറയാം. മേലേക്കിടയിലുള്ള കാവ്യശിൽ‌പ്പം കലർന്ന ഗാനങ്ങൾ മലയാളസിനിമകളിൽ ഇനിയും കാണേണ്ടതായിത്തന്നെയിരിക്കുന്നു, കേരളക്കരയിൽ കവികൾക്കു കമ്മിയില്ലെങ്കിലും. പാട്ടുകളെല്ലാം നല്ലവണ്ണം പാടിയ പിന്നണിസംഗീതക്കാരോട്, പ്രത്യേകിച്ചു രേവമ്മയോട് നാം കടപ്പെട്ടവരാണ്. ഹിന്ദിട്യൂണുകളെ ആശ്രയിക്കാതെ തെന്നിന്ത്യൻ ചലച്ചിത്രങ്ങൾക്ക് ഉത്തമമായ കർണ്ണാടകസംഗീതത്തിൽ മാത്രം അടിയുറച്ചു നിന്ന ഇതിലെ സംഗീതസംവിധാനം മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അഭികാമ്യമായ ഒരദ്ധ്യായം തുടങ്ങി വയ്ക്കുയാണുണ്ടായത്.

മലയാള സിനിമാ ഒന്നും രണ്ടും ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് കൌതുകമാണ് ... ഇന്ന് തിളങ്ങി നില്‍ക്കുന്നവരെ കുറിച്ചൊക്കെ അന്ന് സിനിക്ക്‌ പറഞ്ഞു പോകുന്നത് എത്ര സുഖമാണെന്നോ ഇന്നും വായിക്കാന്‍ .. മോശമായെന്നു പറഞ്ഞവര്‍ പിന്നെ രംഗം പിടിച്ചടക്കിയതും ഒക്കെ .. കാല്പ്പാടിലൂടെ വന്ന ദാസേട്ടനെ വെറുതെ പേര് മാത്രം സൂചിപ്പിച്ചു കടന്നു പോയ സിനിക്ക്‌ .ഭാഗ്യജാതകത്തില്‍ എത്തുമ്പോള്‍ ദാസിന്റെ ശബ്ദ സൌഭാഗ്യം പ്രസ്താവ്യമാണെന്ന് പറഞ്ഞു തുടങ്ങുന്നതും ........ സന്തോഷം എതിരന്‍ പലരും വായിച്ചിട്ടില്ലാത്ത സിനിക്ക് പറഞ്ഞത് പങ്കു വെക്കുന്നതില്‍ .....

“. സിനിക്ക് നിരീക്ഷിയ്ക്കുന്നു: “പ്രകൃതചിത്രത്തിലെ പ്രത്യേകം പറയേണ്ട ഒരു മേന്മയാണ് പ്രേംനസീ‍ീന്റെ സമുചിത ഭാവാവിഷ്കരണവും നീട്ടിവലിച്ച് അലങ്കോലപ്പെടുത്താത്ത സംഭാഷണരീതിയും. ആ ചെറുപ്പക്കാരന്റെ മുഖത്തു നിന്ന് മൈനർഛായ മാഞ്ഞുപോയിട്ടില്ല, ഇനിയും. പക്ഷേ കഥയിൽ കുറെ ഭാഗം ‘മൊയ്തീൻ’ ആയി പ്രച്ഛന്നവേഷത്തിൽ പുലരുന്നതിനാൽ ആ കോട്ടവും കുറെ നീങ്ങിയിട്ടുണ്ട്. വിരഹരംഗങ്ങളിൽ ആ മുഖത്തു വീശുന്ന കഠിനയാതനകളുടെ കരിനിഴലുകൾ കാണേണ്ടവയത്രെ.പ്രായപൂർത്തി വന്ന്, തെല്ലു പൌരുഷം കൂടി കൈവന്നാൽ പ്രേംനസീർ മലയാളചലച്ചിത്രവേദിയിലെ ഗണനീയ നടന്മാരിൽ ഒരാളാകാനിടയുണ്ട്—അതിനകം അനാശ്യാസമായ ഡംഭ് തലയ്ക്കു കനം ചേർത്തിട്ടില്ലെങ്കിൽ. മൊയ്തീൻ ശാരദയോട് “ പോ പെണ്ണേ, നെന്റെ പാടു നോക്ക്” എന്നു പറയുന്ന രംഗത്തിന്റെ ആസ്വാദ്യത ഒന്നു പ്രത്യേകമാണ്.“)“

 

 

ഒരു ചലച്ച്ത്ര നിരൂപകന്റെ ക്രാന്ത ദർശിത്വം! എത്ര ആധികാരികമായ പ്രവചനം. ഇതു ചരിത്രമാണു. മലയാള സിനിമായുടെ വളർച്ച ഇതിൽ കൂടി ദൃശ്യം ആകുന്നു ഈ രേഖകൾ തീർച്ചയായും തലമുറകൾക്കു വ്ണ്ടി മൈക്രോ ഫിലിം ചെയ്തു സൂക്ഷിക്കേണ്ടതാണു.

 

 

 

 

മലയാള സിനിമാ ഒന്നും രണ്ടും ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് കൌതുകമാണ് ...
ഇന്ന് തിളങ്ങി നില്‍ക്കുന്നവരെ കുറിച്ചൊക്കെ അന്ന് സിനിക്ക്‌ പറഞ്ഞു പോകുന്നത് എത്ര സുഖമാണെന്നോ ഇന്നും വായിക്കാന്‍ ..
മോശമായെന്നു പറഞ്ഞവര്‍ പിന്നെ രംഗം പിടിച്ചടക്കിയതും ഒക്കെ ..
കാല്പ്പാടിലൂടെ വന്ന ദാസേട്ടനെ വെറുതെ പേര് മാത്രം സൂചിപ്പിച്ചു കടന്നു പോയ സിനിക്ക്‌ .ഭാഗ്യജാതകത്തില്‍ എത്തുമ്പോള്‍ ദാസിന്റെ ശബ്ദ സൌഭാഗ്യം പ്രസ്താവ്യമാണെന്ന് പറഞ്ഞു തുടങ്ങുന്നതും ........
സന്തോഷം എതിരന്‍ പലരും വായിച്ചിട്ടില്ലാത്ത സിനിക്ക് പറഞ്ഞത് പങ്കു വെക്കുന്നതില്‍ .....

എതിരൻ മാ‍ഷേ,

വളരെ നല്ല ഒരു ഉദ്യമമാണിത്. പഴയ കാല ഗാനങ്ങളുടെ നിരൂപണം മലയാള ഗാനപ്രേമികൾക്ക് ഒരുമുതൽക്കൂട്ടായിരിക്കും എന്നത് തീർച്ച. അക്കാലത്തെ ഗാന സാഹിത്യത്തെപ്പറ്റിയും സംഗീതത്തെപ്പറ്റിയും പുതു തലമുറയ്ക്ക് ഇതു ഉപകാരപ്പെടുമെന്നതിൽ രണ്ടു പക്ഷമില്ല. ശ്രീ. വാസുദേവൻ നായരുടെ നിഗമനങ്ങൾ മാത്രം പകർത്താതെ താങ്കളുടെ സ്വന്തം അഭിപ്രായങ്ങൾ കൂടി നൽകി വിലയിരുത്തിയാൽ കൂടുതൽ നന്നായിരുന്നു. ഒരു പക്ഷേ, അതൊരു തുറന്ന ചർച്ചയ്ക്ക് സാദ്ധ്യതകൾ നൽകിയേക്കാം.

എം.എസ്.എല്ലിന്റെ പുതിയ പംക്തിക്ക് ആശംസകൾ.

സസ്നേഹം

നിശി

സിനിക്കിന്റെ നിരൂപണങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയെന്നാൽ അതിനർത്ഥം,അൽ‌പ്പം വൈകിയാണെങ്കിലും,ചരിത്രരേഖകളെന്ന നിലയിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് അർഹിക്കുന്ന അനശ്വരത കൈവരുന്നു എന്നാണ്.

ഇത് നമ്മുടെ കതിരവൻ‌ചേട്ടന്റെ നിയോഗമാകുന്നു! അഭിനന്ദനങ്ങൾ!

പാട്ടുകളുടെ ചരിത്രമെഴുത്തുകഴിഞ്ഞാൽ,സിനിമകളുടെ ചരിത്രത്തിലേക്കും ഒന്ന് കടക്കണേ

ethiran mashe....... valare nalla udhyamam. pazhaya paatukale patti sinikkuparanjathu vaayikkan eere rasam. athodu koode ithokke ivide ethichathil ethiran maashinodu orupaadu nandi....

 

പഴയ കാലത്തിലെ ഗാനങ്ങളെ പറ്റിയുള്ള നിരൂപണം നമ്മുടെ എം എസ് എൽ നു ഒരു മുതൽ കൂട്ടാവും എന്ന കാര്യത്തിൽ സംശയം ഇല്ല.എല്ലാ ഭാവുകങ്ങളും നേരുന്നുവേദനിക്കിലും വേദനിപ്പിക്കിലും

വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍........ 

          

പുതിയ പംക്തി ആവേശത്തോടെ സ്വീകരിച്ച എല്ലാവർക്കും നന്ദി. ഇത്രയും സ്വീകരണം വാസ്തവത്തിൽ പ്രതീക്ഷിച്ചില്ല.

അഞ്ച് സിനിമകൾ വീതം 24 ഭാഗങ്ങളാണു വരാൻ പോകുന്നത്. 1951 മുതൽ 1966 വരെയുള്ള കാലഘട്ടത്തിന്റെ  പാട്ട്  നിരൂപണചരിത്രം. ആകെ 120 ഓളം സിനിമകളാണു ഉൾക്കൊള്ളിയ്ക്കപ്പെടുന്നത്.

പാട്ടുകളുടെ ചരിത്രപരമായ താരതമ്യ നിരൂപണം,  എഴുതിത്തുടങ്ങുന്നുണ്ട്. ബ്രഹുത്തായ ഒരു പ്രോജെക്റ്റ് ആണത്.

 പാട്ടുകളുടെ വിശകലനം വേറൊരു പംക്തിയായി ഉടൻ വരുന്നുണ്ട്.

 

 

എതിരേട്ടാ, ഈ പ്രൊജെക്റ്റ് ഗംഭീരമായിരിക്കുന്നു ! എല്ലാ വിധ ആശംസകളും നേരുന്നു. സിനിക്കിനെക്കുറിച്ച് വ്യക്തിപരമായ കുറച്ചു വിവരങ്ങള്‍ കൂടി ആമുഖമായി തരാമായിരുന്നില്ലേ? അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം, ജന്മദേശം, ജീവിതകാലം, അങ്ങിനെ ചില ജീവചരിത്ര വിവരങ്ങള്‍?
എങ്ങിനെ കിട്ടി ഈ പഴയ ലേഖനങ്ങള്‍? 50-കളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പൊക്കെ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടോ ? (അസൂയ സഹിക്കാന്‍ വയ്യാതെ ചോദിക്കുന്നതാണേ :-) എന്റെ കയ്യിലുള്ളത് ഞാന്‍ കുട്ടിക്കാലത്ത് സൂക്ഷിച്ച കോഴിക്കോടന്റെ ചില ലേഖനങ്ങള്‍ മാത്രം :-(

 

പാട്ടുകളുടെ ചരിത്രപരമായ പ്രസക്തിയും അവയുടെ താരതമ്യവും വളരെ നല്ല ഒരു വിഷയമാണ്. അതുപോലെ അവ ചലച്ചിത്രത്തിന്റെ കഥാഗതിയുമായി എത്രമാത്രം നീതിപുലർത്തുന്നവയാണെന്നുകൂടി വിചിന്തനം ചെയ്യുന്നത് കൂടുതൽ നന്നായിരിക്കും. എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ പ്രഗത്ഭരായ പുതിയ പല ഗാനരചയിതാക്കളുണ്ടെങ്കിൽ തന്നെയും 90 കൾക്ക് മുൻപ് ഇറങ്ങിയിരുന്ന ഗാനങ്ങൾ പ്രത്യേകിച്ച് 80കൾക്ക് മുൻപുള്ള ഗാനങ്ങൾ സന്ദർഭവുമായി ഇക്കാലത്തെ ഗാനങ്ങളേക്കാൾ വളരെ അടുത്ത് പോകുന്നതായി കാണാം. രംഗം പറഞ്ഞ് എഴുതിക്കൊടുക്കുന്ന ഗാനങ്ങൾക്ക് നേർ വിപരീതമായി ചിത്രീകരിക്കപ്പെടുന്ന സംഭവങ്ങളും ഇന്ന് ധാരാളം. പഴയകാല ഗാനങ്ങൾ വളരെ സൂക്ഷമായും കഥാസന്ദർഭത്തോട് നൂറുശതമാനം നീതിപുലർത്തുകയും ഒരു പരിധിവരെ കഥയെ മുൻപോട്ടുകൊണ്ടുപോകുകയും ചെയ്തിരുന്നപ്പോൾ ഇന്ന് ഐറ്റം ഡാൻസിനോ കോമാളിത്തരം കാട്ടാനോ മാത്രമായി ഗാനങ്ങൾ ചുരുങ്ങിപ്പോയിരിക്കുന്നു. രംഗാവബോധമില്ലാത്ത സംവിധായകന്മാരുടെ വിവരക്കേടുകൾ ഗാനത്തേയും കഥാസന്ദർഭത്തേയും പരസ്പര പൂരകങ്ങളല്ലാതാക്കി. “ബോഡീഗാർഡ്” എന്ന ചിത്രത്തിലെ ഗാനം പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. ഞങ്ങളുടെ നാട്ടിൽ ആറാട്ടെന്ന് പറഞ്ഞാൽ പത്തോ ഇരുപത്തെട്ടോ ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനുശേഷം ദേവനോ ദേവിയോ ആറാടി തിരികെ ക്ഷേത്രത്തിലെത്തി കൊടിയിറക്കുന്നതാണ്. ആറാട്ടുകഴിഞ്ഞ് കൊടിയേറുന്ന ഒരു ക്ഷേത്രവും മദ്ധ്യതിരുവിതാംകൂറിലുള്ളതായറിവില്ല, പൊതുവേ കേരളത്തിലും. ആ ചിത്രത്തിലെ ‘മച്ചിലമ്മയ്ക്കുച്ചനേരത്താറാട്ട്’ എന്ന ഗാനം അമ്പലത്തിനു മുൻപിൽ തുടങ്ങുമ്പോൾ കൊടിയേറ്റുന്നതായാണ് കാണിക്കുന്നത്! ആറാട്ട് ഉച്ചയ്ക്കായാലും വൈകിട്ടായാലും അത് ചിത്രീകരിക്കുമ്പോൾ എന്താണ് അതിൽ എഴുതിവച്ചിരിക്കുന്നത് എന്നതുപോലും സംവിധായകനോ കലാസംവിധായകനോ ശ്രദ്ധിക്കുന്നില്ല. ഇതുപോലെ ഗാനങ്ങളും സന്ദർഭവും തമ്മിൽ പുലബന്ധം പോലുമില്ലാത്ത എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. അപ്പോൾ, ഗാനാവലോകനത്തിൽ പഴയകാല / പുതിയകാല ഗാനങ്ങൾ സന്ദർഭത്തോട് എത്രമാത്രം നീതിപുലർത്തുന്നു എന്നുകൂടി നിരൂപണം ചെയ്യുന്നത് ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മലയാള സിനിമാ ചരിത്രത്തിൽ പാട്ടുകളും കഥയും തമ്മിലുള്ള രസതന്ത്രം എന്താണെന്ന് മനസ്സിലാക്കാനും പഠനവിധേയമാക്കാനും വായനക്കാർക്ക് അവസരമൊരുക്കും എന്നു ആത്മാർത്ഥമായി വിശ്വസിക്കുന്നു.

ആശംസകളോടെ,

സസ്നേഹം

നിശി/Nisi

 വളരെ സ്വാഗതാർഹമായ ഒരു ഉദ്യമമായി കരുതുന്നു. ഈ ഗാന ശാഖയെ രണ്ടു ഭാഗങ്ങളാക്കുന്നതിനു പകരം കുറഞ്ഞതു 20 വർഷങ്ങളുടെ ഭാഗങ്ങളായി തരം തിരിച്ചാൽ  കുറേക്കൂടി  ഗാനങ്ങൾ  ഉൾപ്പെടുത്തുന്നതിനും, വിപ്യുലമായി  വിലയിരുത്തുന്നതിനും കഴിയുമല്ലൊ. 40-59; 60-79;80-2009, 2010-29 അങ്ങനെ....  ഓരോ  ദശാബ്ദങ്ങളായി തിരിച്ചാൽ ഏറെ നന്നു ..ഇത്തരത്തിലുള്ള  പഠനങ്ങൾ ഇതു വരെ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു...  എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു..

ഏട്ടാ,
ഗംഭീരം.ഇത്രേം വല്യേ ഒരു സമ്രംഭം തുടങ്ങാനുള്‍ല ചങ്കൂറ്റത്തിന്‍ ആദ്യം നമോവാകം.കാത്തിരിക്കുണു, കൂടുതലറിയാന്‍.
 

 

    CTRL + Q to Enable/Disable GoPhoto.it

ethiraa....

"maലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. "

aaranu ee sinik? ethenkilum ezhuthukaranano? aa peru kettathai ormmayilla. atho ethenkilum masikayil vanna oru pankthiyano?

-ravi