ചേർത്തതു് Chandu Jagannathan സമയം
'ഹോ, രണ്ടു വർഷം ആയി അല്ലേ, സമയം പോണ പോക്കേ..' അറിയുന്നവരെല്ലാം പറയുന്നത് ഇതേ വാചകം. പക്ഷെ, ഞങ്ങൾ അറിയുന്നുണ്ടായിരുന്നു...കടന്നുപോകുന്ന ഓരോ ദിവസവും അറിയുന്നുണ്ടായിരുന്നു, ആ ശൂന്യതയുടെ ആഴം. അതെ, അച്ഛൻ മരിച്ചിട്ട് വർഷം രണ്ടാകുന്നു. ഫോണിന്റെ അങ്ങേതലയ്ക്കൽ 'ങാ മക്കളേ പറ' എന്ന മറുമൊഴി ഇല്ലാതായിട്ട് ഈ ഡിസംബർ എട്ടിന് രണ്ട് വർഷം.
സിനിമ, ടി.വി, നാടക നടനായ ജഗന്നാഥനെപ്പറ്റി എല്ലാവർക്കുമറിയാം. എന്നാൽ കുടുംബസ്നേഹിയായ, കൊച്ചുമക്കൾ വീട്ടിലെത്തിയാൽ ഷൂട്ടിംഗിന് പോകാതെ 'കള്ളമടിച്ചു' നിൽക്കുന്ന അച്ഛനെ ഞങ്ങൾക്ക് മാത്രമേ അറിയൂ.
അച്ഛൻ അഭിനയിച്ച സിനിമകൾക്കും സീരിയലിനും അനുസരിച്ച് വിളിപ്പേര് മാറുന്ന കുട്ടിക്കാലമായിരുന്നു എനിക്ക്. പൂജപ്പുര ഗവ.ഹൈസ്കൂളിൽ നാഷണൽ ഡിസിപ്ളിൻ സ്കീം അധ്യാപകനായിരുന്ന കാലത്ത് എന്നെ നാട്ടുകാർ വിളിച്ചിരുന്നത് 'എൻ.ഡി.എസ് സാറിന്റെ മോൻ'. സ്വാഗതത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ അത് 'വല്ലഭായി' ആയി. നവോദയയുടെ ബൈബിൾ കഥകളിൽ അച്ഛൻ അഭിനയിക്കാൻ പോയപ്പോഴേ എനിക്ക് 'യേശു' എന്ന പേര് വീണുകഴിഞ്ഞു. (ആ സീരിയൽ ഇടയ്ക്ക് വച്ച് നിന്നു പോയെങ്കിലും ഹിന്ദിതാരം ഋഷി കപൂറിനൊപ്പം അഭിനയിച്ചതിന്റെ ആഹ്ളാദം അച്ഛനുണ്ടായിരുന്നു). പിന്നെ സിനിമയുടെയും സീരിയലിന്റെയും എണ്ണം കൂടിയപ്പോ അതിനനുസരിച്ച് പേരുകൾ കണ്ടുപിടിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായപ്പോൾ 'സിനിമ കണ്ടുപിടിച്ചവന്റെ മകൻ' എന്നായി മാറി എന്റെ വിളിപ്പേര്.
'ജഗന്നാഥൻ', പേരു പോലെ തന്നെ സ്വന്തം ലോകത്തിന്റെ നാഥനായിരുന്നു അച്ഛൻ. സ്വന്തം കാര്യങ്ങളിൽ എല്ലാറ്റിലും ഒരു ചെറിയ ജഗന്നാഥൻ ടച്ച് ഉണ്ടായിരുന്നു. ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ 'ഹലോ' പറയാറില്ല. പകരം 'ജഗന്നാഥൻ' എന്നാവും പറയുക. വേഷത്തിൽ സർക്കാരുദ്യോഗത്തിലായിരുന്നപ്പോൾ സ്ഥിരം സഫാരി സ്യൂട്ട്. സിനിമയിലേക്ക് ചേക്കേറിയപ്പോൾ കണ്ണിൽ കുത്തുന്ന നിറങ്ങളുള്ള ഷർട്ടുകൾ. കടുംനീല, മഞ്ഞ, പച്ച തുടങ്ങിയവ. പിന്നെ അത് പതുക്കെ ജുബ്ബ, പൈജാമയിലേക്ക്. പക്ഷേ ഈ വേഷമാറ്റങ്ങളിലൊക്കെ മാറാത്ത ഒന്നുണ്ടായിരുന്നു. ഒരു ലെതർ ഷോൾഡർ ബാഗ്. സ്വന്തം അഭിപ്രായത്തിൽ, അത് തെറ്റോ ശരിയോ ഉറച്ചു നിൽക്കുന്ന സ്വഭാവമായിരുന്നു. വീട് വയ്ക്കുന്ന കാര്യത്തിലും ജോലിയിൽ നിന്നും നിർബന്ധിത വിടുതൽ സ്വീകരിക്കുന്നതിലും അക്കാര്യം ഞാൻ കണ്ടറിഞ്ഞതാണ്. പ്രമുഖ ആർക്കിടെക്റ്റ് ശങ്കറിന്റെ ആദ്യ പ്രൊജക്റ്റുകളിൽ ഒന്നാണ് ഞങ്ങളുടെ വീട്. ലോ കോസ്റ്റ് വീട് എന്ന സങ്കല്പ്പത്തെ നഖശിഖാന്തം എതിർക്കുന്ന സമൂഹമായിരുന്നല്ലോ അന്ന്. പക്ഷേ അച്ഛൻ സ്വന്തം തീരുമാനത്തില് ഉറച്ചു നിന്നു. ''എനിക്ക് ഇത്തരം വീട് മതി, അത് നന്നായാലും ചീത്തയായാലും എനിക്കു കുഴപ്പമില്ല'' അതായിരുന്നു നിലപാട്. ആ നിലപാട് ശരിയുമായിരുന്നു. പൂജപ്പുര പാതിരാപ്പള്ളി റോഡിൽ തലയുയർത്തി നിൽക്കുന്ന 'ദേവു' എന്ന വീട് ആ നിലപാടിന്റെ ഉദാഹരണവും. അച്ഛന്റെ അമ്മയുടെ പേരാണ് വീടിന് നൽകിയിരിക്കുന്നത്. ഒരു ലോണും ഇല്ലാതെയാണ് വീട് പൂർത്തിയാക്കിയത്.(എൻഎൽ. ബാലകൃഷ്ണൻ അച്ഛനെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പിൽ പറഞ്ഞത്, 'ഉള്ളതു കൊണ്ട് ജീവിക്കാനറിയുന്ന ആള്' എന്നായിരുന്നു. അതിന്റെ നല്ല ഉദാഹരണമാണ് പൂജപ്പുരയിലെ അഞ്ച് സെന്റ് സ്ഥലവും 'ദേവു' എന്ന വീടും).
രാജീവ്നാഥ് സംവിധാനം ചെയ്ത 'ഗ്രാമത്തിൽ നിന്ന്' എന്ന ചിത്രത്തിലായിരുന്നു അച്ഛൻ ആദ്യമായി അഭിനയിച്ചത്. അതിൽ പിന്നണിയും പാടിയിട്ടുണ്ട്. സിനിമ റിലീസ് ചെയ്തില്ല, പക്ഷെ കഴിഞ്ഞ വർഷം ഒരു mp3 compilationlൽ അതിലെ പാട്ട് റിലീസ് ചെയ്തിട്ടുണ്ട്. രാജീവ് നാഥിന്റെ തന്നെ 'പകൽ നക്ഷത്രങ്ങളിൽ' ജഗന്നാഥനായിത്തന്നെ അച്ഛൻ അഭിനയിച്ചു എന്നത് മറ്റൊരു കൌതുകം. അവസാന ചിത്രം 'അർദ്ധനാരി' ആയിരുന്നു. അതിലെ കഥാപാത്രം ഒരു നൃത്താധ്യാപകനും. അൽപ്പം സ്ത്രൈണതയുള്ള കഥാപാത്രങ്ങൾ അച്ഛൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. അരവിന്ദൻ സംവിധാനം ചെയ്ത 'ഒരിടത്തിൽ' നാടക നടിയുടെ അച്ഛനായി വന്ന് 'കാന്താ തൂകുന്നുതുമണം' പാടി അഭിനയിക്കുന്നതും മലയാളം ടി.വി. സീരിയലുകളിലെ എക്കാലത്തെയും ഹിറ്റ് 'കൈരളി വിലാസം ലോഡ്ജിൽ' 'കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി' പാടി നൃത്തം ചെയ്യുന്ന പോലീസുകാരൻ ഹമീദും ഒക്കെ ഇന്നും മലയാളി മനസ്സിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ്. രാജീവ് കുമാർ സംവിധാനം ചെയ്ത തച്ചോളി വർഗീസ് ചേകവരിലെ അഭിനവ പാണൻ കഥാപാത്രം അച്ഛന് വളരെ പ്രതീക്ഷയുള്ള ഒന്നായിരുന്നു. പക്ഷേ, എഡിറ്റ് ചെയ്ത് വന്നപ്പോൾ സിനിമയുടെ നീളം വളരെ കൂടിപ്പോയി. ദൈർഘ്യം കുറക്കാനായുള്ള ഏക മാർഗം ഈ 'പാണൻ' സീൻ വെട്ടിച്ചുരുക്കുക എന്നതായിരുന്നു. കാരണം സിനിമയുടെ പ്രധാന കഥാഗതിയിൽ മാറ്റം വരുത്താതെ ഒഴിവാക്കാൻ പറ്റിയ സീനുകൾ അത് മാത്രമായിരുന്നു. പക്ഷേ ടൈറ്റിൽ സോംഗ് 'നാടോടി താളം കൊട്ടി' അതേപടി നിലനിർത്തി.
മറ്റൊരു കൌതുകം മണിരത്നത്തിന്റെ 'തിരുടാ തിരുടാ' എന്ന സിനിമയാണ്. അതിൽ ഒരു ജ്യോത്സനെ അച്ഛൻ അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന് അച്ഛനെ ശുപാർശ ചെയ്തത് സുഹാസിനി ആയിരുന്നു. മലയാള സിനിമയിൽ ആദ്യമായി ഒരു ജാപ്പനീസ് ഗാനം ആലപിച്ചതിന്റെ ക്രെഡിറ്റ് ഒരുപക്ഷേ അച്ഛനായിരിക്കും. സ്വാഗതത്തിലെ 'അക്കരെ നിന്നൊരു കൊട്ടാരം' എന്ന പാട്ടിനിടയക്ക് 'വാഖാരേ...' എന്നു തുടങ്ങുന്ന നാലുവരി ജാപ്പനീസ് പാട്ട് അച്ഛൻ പാടിയിട്ടുണ്ട്. നാലു തവണ ജാപ്പനീസ് സന്ദർശനം നടത്തിയ ആളാണ് അച്ഛൻ. അങ്ങനെ പഠിച്ചെടുത്തതാണ് ആ പാട്ട്. തിയേറ്റർ പ്രസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. യാത്രകൾക്കൊടുവിൽ Jagan’s method of theatre practice എന്നൊരു moduleഉം അച്ഛൻ ഡിസൈൻ ചെയ്തിരുന്നു.
മോഹൻലാലിന്റെ ആദ്യചിത്രമായ 'തിരനോട്ട'ത്തിന്റെ നൃത്തസംവിധായകനായിരുന്നു അച്ഛൻ. കാലങ്ങൾക്ക് ശേഷം മേജർ രവി ആദ്യമായി സംവിധാനം ചെയ്ത 'പുനർജനിയിൽ’ മോഹൻലാലിന്റെ മകൻ പ്രണവിനൊപ്പവും അച്ഛൻ അഭിനയിച്ചു.
അഭിനയത്തിനു പുറമേ ചില ടെലിഫിലിമുകൾക്ക് സ്ക്രിപ്റ്റും എഴുതിയിട്ടുണ്ട് അച്ഛൻ. ദൂരദർശനിൽ അക്കാലത്ത് ഇതൊക്കെ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. പാട്ടുകളെഴുതാനും അച്ഛനിഷ്ടമായിരുന്നു. അത്തരം ചില നാടൻ പാട്ടുകൾ,ഓണപ്പാട്ടുകളായി യു.എ.ഇയിലെ റേഡിയോ ഏഷ്യ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
കേരള സംസ്ഥാന സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ അച്ഛനെ തേടിയെത്തിയിട്ടുണ്ട്. 1985ൽ ആയിരം കാതം അകലെ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടൻ പുരസ്കാരം. 1999ൽ ദ്രൌപദി എന്ന സീരിയലിലെ കഥാപാത്രത്തിന് മികച്ച സഹനടനുള്ള പുരസ്കാരം (ഈ സീരിയൽ സംവിധാനം ചെയ്തത് ശിവമോഹൻ തമ്പി..അതായത് സ്വന്തം മകളുടെ ഭർത്താവ്).
പറയാൻ ഒരുപാടുണ്ട്. താളുകൾ കുറവും. അതെപ്പോഴും അങ്ങനെയാണല്ലോ. സ്വന്തം അച്ഛനെപ്പറ്റി പറയാൻ തുടങ്ങിയാൽ ഏത് മക്കൾക്കാവും നിർത്താൻ പറ്റുക, അതും അച്ഛൻ ഒരു കലാകാരനാകുമ്പോൾ.. നർമ്മം ഏറെ ഇഷ്ടപ്പെട്ടിരുന്ന അച്ഛനെക്കുറിച്ചുള്ള ഈ ഓർമ്മക്കുറിപ്പ് ചുരുക്കുന്നത് അച്ഛൻ എഴുതിയ ഒരു നിമിഷ കവിതയിലൂടെയാകട്ടെ അല്ലേ.. സ്വന്തം കയ്യില് കടിച്ച കൊതുകിനെ തല്ലിക്കൊന്നതിനു ശേഷം അതിനെ കയ്യിലെടുത്ത് അച്ഛന് പാടിയതാണിത്.
"കൊതുകേ നിന്റമ്മേ കെട്ടിയതാരാടീ (പെണ്കൊതുകാണല്ലോ കടിക്കുന്നത്)
അതികുതുകം ഉറക്കത്തിൽ തിരിച്ചും മറിച്ചുമിട്ട് മേലേ കേറി കടിയ്ക്കുന്ന
കൊതുകേ.. നീ തന്തയ്ക്കു പിറന്നവളാണോടീ..."
ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങളോടെ
ജഗന്നാഥൻ മകൻ ചന്തു ജഗന്നാഥൻ
പെയിന്റിംഗിനു കടപ്പാട് : ആർട്ടിസ്റ്റ് സതി.
പിന്മൊഴികൾ
ashiakrish replied on Permalink
അസാധ്യഅഭിനയശേഷിയുള്ള
അസാധ്യഅഭിനയശേഷിയുള്ള നടൻ..എന്നും ഇഷ്ടം.
Swapnatakan replied on Permalink
അടൂരിന്റെ നാല്
അടൂരിന്റെ നാല് പെണ്ണുങ്ങളിലാണെന്ന് തോന്നുന്നു.... ജഗന്നാഥൻ അഭിനയിച്ച ഒരു കോടതി മുറി രംഗം എപ്പോഴും ഓർമയിൽ വരും... ജഡ്ജിയുടെ ചോദ്യത്തിനു ഉത്തരം മുട്ടി മിഴിച്ചു നിക്കണ ജഗന്നാഥൻ ക്ലോസപ്പിൽ..
ഓർമക്കുറിപ്പ് നന്നായി..
Jayakrishnantu replied on Permalink
മികച്ചൊരു കലാകാരന്റെ
മികച്ചൊരു കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. എഴുതിയിരിക്കുന്നത് ഗംഭീരമായി... അദ്ദേഹം നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കുവാൻ തന്നെ പ്രയാസം..