ബേബി സുമതി

Baby Sumathi

ബേബി സുമതി എന്ന പേരിൽ ബാലതാരമായി പ്രശസ്തി നേടിയ സുമതി,  മധുര സ്വദേശിയായ സുബ്ബരാമന്റെയും രാജാമണിയുടെയും മകളായി 1964 ആഗസ്റ്റ് 19 ന് ജനിച്ചു.  പിതാവ് സുബ്ബരാമൻ മധുരയിൽ ഫോട്ടോസ്റ്റുഡിയോ ഉടമയായിരുന്നു. രണ്ടു വയസ്സുള്ളപ്പോൾ ബാലതാരമായി സിനിമയിലെത്തിയ സുമതി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ബാലതാരങ്ങളായിരുന്ന മാസ്റ്റർ പ്രഭാകർ, മാസ്റ്റർ കുമാർ എന്നിവർ സഹോദരങ്ങളാണ്.

 മലയാളത്തിൽ മാത്രം എൺപതോളം ചിത്രങ്ങളിൽ സുമതി അഭിനയിച്ചു. ജേഷ്ഠനായ പ്രഭാകറുമൊത്ത് മലയാളത്തിൽ കൊച്ചനിയത്തി, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ തുടങ്ങിയ ചിത്രങ്ങളിലും അനുജനായ കുമാറിനൊപ്പം മുദ്രമോതിരം, ഹൃദയമേസാക്ഷി, ആശീർവാദം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  1969 ൽ നദി എന്ന ചിത്രത്തിെലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് പണിതീരാത്ത വീട്, ശംഖുപുഷ്പം എന്നി സിനിമകളിലൂടെ യഥാക്രമം 1972, 1977 വർഷങ്ങളിലും ഇതേ അവാർഡ് കരസ്ഥമാക്കി. വിവിധ ഭാഷകളിലായി 1980 കളുടെ പകുതി വരെ സുമതി സിനിമാരംഗത്ത് ഉണ്ടായിരുന്നു.. വൈകി റിലീസായ 'അമ്മൻ കാട്ടിയ വഴി' എന്ന തമിഴ് ചിത്രമാണ് അവസാനമിറങ്ങിയ ചിത്രം.  വിവാഹശേഷം 1990 ൽ, ഭർത്താവായ ആനന്ദരാധനുമൊത്ത് ക്യാനഡയിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് രണ്ട് മക്കളാണുള്ളത്. സുമതിക്ക് കനേഡിയൻ പൗരത്വവും ലഭിച്ചിട്ടുണ്ട്.