ആശ ജി മേനോൻ

Asha G Menon
ആശ സുജിത്ത്
ആശ മേനോൻ
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 20

കേരള സംസ്ഥാന അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായിക. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ അംഗീകാരം ആശയെ തേടിയെത്തിയത്. ആരാദ്യം പറയും എന്ന ആദ്യ ഗാനത്തിന്  മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ്, രാമു കാര്യാട്ട് അവാർഡ് അടക്കം ഒരുപിടി അംഗീകാരങ്ങൾ ആശയ്ക്ക് ലഭിച്ചു.

തൃശ്ശൂർ ജില്ലയിൽ 1985 ഒക്ടോബർ 25 ന് ഗോവിന്ദൻകുട്ടി മേനോന്റെയും നന്ദിനി മേനോന്റെയും മകളായി ജനിച്ചു. സംഗീതം അച്ഛന്റെ കുടുംബം വഴി പകർന്നു കിട്ടിയിരുന്നു എങ്കിലും ഗുരു മങ്ങാട് കെ നടേശന്റെ കീഴിൽ ശാസ്ത്രീയമായി അഭ്യസിച്ചു. സേക്രട്ട് ഹാർട്ട് സ്കൂളിൽ നിന്ന് പ്ലസ് ടു പാസായ ശേഷം വിമല കോളേജിൽ നിന്ന് ബി എ ഇംഗ്ലീഷ് ലിറ്ററേച്ചറും ചെയ്തു. തുടർന്ന് എം ബി എ യും കരസ്ഥമാക്കി. 

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം ഡി രാജേന്ദ്രന്റെ സംഗീത സംവിധാനത്തിൽ പി ജയചന്ദ്രനൊപ്പം പാടിയിരുന്നു എങ്കിലും ചിത്രം റിലീസ് ആയില്ല. കുടുംബ സുഹൃത്തായ ശോഭന പരമേശ്വരൻ നായർ ആയിരുന്നു റെക്കോർഡിങ് സംബന്ധമായ സഹായങ്ങൾ ഒക്കെ ചെയ്തു കൊടുത്തിരുന്നത്. തൃശ്ശൂർ ചേതന റെക്കോർഡിങ് സ്റ്റുഡിയോ സന്ദർശിക്കാറുണ്ടായിരുന്ന ആശ സിനിമയിൽ വരുന്നതിനു മുന്നേ തന്നെ പാട്ടുകൾക്ക് ട്രാക്ക് പാടുകയും കോറസ്സിൽ പാടുകയുമൊക്കെ ചെയ്തിരുന്നു. ചില ആൽബങ്ങൾക്ക് വേണ്ടിയും ആ കാലഘട്ടത്തിൽ ആശ പാടിയിട്ടുണ്ട്. പ്രശസ്ത അറബിക് ഗായകൻ ആയ ഖാലിദിന്റെ ഒരു അറബിക് ആൽബത്തിലും അഞ്ചാം വയസ്സിൽ ആശ പാടിയിരുന്നു. മഴ എന്ന സിനിമയുടെ നിർമ്മാതാവായ കരിം വഴിയാണ് ആശ രവീന്ദ്രൻ മാഷിനെ കാണുന്നതും ആരാദ്യം പറയും എന്ന പാട്ട് പാടാൻ ഇടയാവുന്നതും. പിന്നീട് പാടിയത് യേശുദാസിനൊപ്പം ഒന്നാമൻ എന്ന ചിത്രത്തിലെ മാനത്തെ തുടിയുണരും എന്ന പാട്ടാണ്. തുടർന്ന് സ്നേഹിതൻ, പട്ടണത്തിൽ സുന്ദരൻ, പ്രണയമണിത്തൂവൽ, സസ്നേഹം സുമിത്ര, കഥ, മനസ്സിനക്കരെ, ഇന്ത്യൻ റുപ്പി അങ്ങനെ കുറെയധികം ചിത്രങ്ങളിൽ ആശയുടെ പാട്ടുകൾ ഉണ്ടായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ ഇളയരാജ, രവീന്ദ്രൻ, മോഹൻ സിതാര, ഔസേപ്പച്ചൻ തുടങ്ങി പ്രശസ്തരായ സംഗീത സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാൻ ആശക്ക് സാധിച്ചു. ഇളയരാജ "ബുഡാപെസ്റ്റ്‌ സിംഫണി ഓർക്കസ്ട്ര"യോടൊപ്പം ഇന്ത്യയിലെ ഗായകരെ ഉൾപ്പെടുത്തി ചെയ്ത തിരുവാസകം ഇൻ സിംഫണി എന്ന പരിപാടിയിൽ സോളോ വരികൾ പാടുവാനുള്ള ഭാഗ്യം ആശക്ക് ഉണ്ടായി. ഇളയരാജയുടെ തന്നെ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന തമിഴ് പടത്തിലും അദ്ദേഹം ആശയെ പാടിച്ചു. പിന്നീടാണ് ഭവതരണിയുമൊത്ത് പൊന്മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ നാദസ്വരം കേട്ടോ എന്ന പാട്ടു പാടുന്നത്. ജോഷ്വാ ശ്രീധർ ഈണം നൽകിയ കാവേരി നദിയെ എന്ന കീർത്തിചക്രയിലെ ഗാനം തമിഴിലും പാടിയിരിക്കുന്നത് ആശയാണ്. 

ഏഷ്യാനെറ്റ് പ്ലസ്, മലയാളത്തിലെ നിത്യഹരിത ഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് സംപ്രേക്ഷണം ചെയ്ത ഹൃദയരാഗം എന്ന പരിപാടി ആശയുടെ അവതരണം കൊണ്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഇപ്പോൾ കുടുംബവുമൊത്ത് ദുബായിൽ താമസിക്കുന്ന ആശ ചാനൽ ഡി എന്ന ചാനലിലും പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. 2017 മുതൽ ഇന്ത്യൻ ഹൈ സ്കൂളിൽ സംഗീത അദ്ധ്യാപിക ആയി ജോലി ചെയ്തു വരുന്നു . 

അമ്മയോടും കുടുംബത്തോടുമൊപ്പം കഴിയുന്ന ആശയുടെ ഭർത്താവ് സുജിത്ത് ശ്രീധരൻ ഒറ്റപ്പാലം സ്വദേശിയാണ്. മകൾ സംവേദ്യ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. മകൻ സ്രേഷ്ട്ട് 

ഒരിടവേളക്ക് ശേഷം പോപ്പുലർ ഗാനങ്ങളുടെ കവർ വേർഷനുമായി സജീവമാവുകയാണ് ആശ വീണ്ടും. ഹേമന്തമെൻ, ശരപ്പൊളിമാല ചാർത്തി തുടങ്ങിയ ഗാനങ്ങളുടെ കവർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫേസ്ബുക്ക് പ്രൊഫൈൽ 

ഇമെയിൽ