ആര്യാടൻ ഷൗക്കത്ത്

Aryadan Shoukath

  പ്രമുഖ രാഷ്ട്രീയനേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ് ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത്.
  നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പിന്നീടത് മുനിസിപ്പാലിറ്റിയാക്കിയപ്പോൾ നിലമ്പൂർ മുനിസിപ്പൽ ചെയർമാനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 
      2003 ൽ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ആര്യാടൻ ഷൗക്കത്ത് ചലച്ചിത്രരംഗത്തെത്തുന്നത്. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ആ ചിത്രം മികച്ച നടിക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന അവാർഡും, മികച്ച നടിക്കും, മികച്ച കുടുംബക്ഷേമ ചിത്രത്തിനുമുള്ള ദേശീയ അവാർഡും അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. 2005 ൽ ഷൗക്കത്ത് കഥയും തിരക്കഥയുമെഴുതി നിർമ്മിച്ച് ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. തുടർന്ന് ടി വി ചന്ദ്രന്റെ  വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിന് കഥയെഴുതുകയും ചിത്രം നിർമ്മിക്കുകയും ചെയ്ത ഇദ്ദേഹം സിദ്ധാർത്ഥ് ശിവയുടെ വർത്തമാനം എന്ന ചിത്രത്തിന്റെ നിർമ്മാണവും രചനയും നിർവഹിച്ചു.