ടോബിൻ തോമസ്

Tobin Thomas

ടോബിൻ തോമസ്

ഛായാഗ്രഹണകലയിലെ യുവപ്രതിഭ.

പാലാ സ്വദേശി. 1989 ഒക്ടോബർ 25-ന് ശ്രീമതി ഫിലോമിന തോമസിന്റെയും ശ്രീ മാത്യു തോമസിന്റെയും മകനായി ജനനം.
IT പ്രൊഫഷണലായ ജോഫിൻ തോമസ് ജ്യേഷ്ഠ സഹോദരനാണ്.

പാലാ St. വിൻസെൻറ് സ്ക്കൂളിൽ പഠനം. തുടർന്ന്  രാമപുരം മാർ അഗസ്ത്യാനോസ് കോളേജിൽ നിന്നും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ വിഷയത്തിൽ B.Sc. പാസായി.  അതിന് ശേഷം  കാർഡിഫ് (വെയിൽസ്, UK)-ലെ ഗ്ലാമോർഗൻ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്മ്യൂണിക്കേഷനിൽ മാസ്റ്റേർസ് (MS) കരസ്ഥമാക്കിയ ടോബിൻ അവിടെയുള്ള ഒരു പ്രമുഖ ദൃശ്യമാദ്ധ്യമ ശൃംഖലയിൽ ഒരു വർഷം ജോലി ചെയ്തു. ഇതിനിടെ ഫോട്ടോഗ്രഫി എന്ന ഇഷ്ടവിഷയത്തിൽ ഒരു ഫൗണ്ടേഷൻ കോഴ്സും ചെയ്തു.

സിനിമാ മോഹവുമായി 2012-ൽ നാട്ടിലേക്ക് മടങ്ങിയ ടോബിൻ കൊച്ചിൻ മീഡിയ സ്ക്കൂളിൽ ചേർന്നു. അവിടെ നിന്നും സിനിമാട്ടോഗ്രഫി പഠനം പൂർത്തിയാക്കിയ ശേഷം "എന്ന് നിന്റെ മൊയ്തീൻ" എന്ന ചിത്രത്തിൽ സഹായിയായി പ്രവർത്തിച്ചു. തുടർന്ന് നിരവധി ഷോർട്ട് ഫിലിം & പരസ്യ ചിത്രങ്ങൾ ചെയ്ത ടോബിൻ സിനിമാ രംഗത്തും സജീവമായിരുന്നു - പ്രൊമോ വീഡിയോ ചുമതല, അസിസ്റ്റൻറ്റ് ക്യാമറാമാൻ, അസോസിയേറ്റ് അങ്ങനെ പല ചിത്രങ്ങളിൽ പ്രവർത്തിച്ച ശേഷം സ്വതന്ത്ര ചുമതലയുള്ള അഡീഷണൽ DoP (second schedule) ആയി. 

ഈ കാലയളവിൽ ടോബിൻ ഉൾപ്പെട്ടിട്ടുള്ള മറ്റു ചിത്രങ്ങൾ: "വീരം", "ഏദൻ", "മാൻ ഹോൾ". കൂടാതെ, താപ്സി പന്നു അഭിനയിച്ച "അനന്തൊ ബ്രഹ്മ" എന്ന തെലുങ്ക് ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 

ശ്രദ്ധേയമായ ഹ്രസ്വ ചിത്രങ്ങൾ: ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ "ചിത്രകഥ" (സംവിധാനം സന്ദീപ് മോഹൻ), "Every Mom is a hero" (സംവിധാനം - ടോബിൻ), "45 സെക്കൻഡ്സ്", "കള്ള സാക്ഷി"...

പരസ്യചിത്രങ്ങളിൽ ശ്രദ്ധേയമായത് Zee Keralam പ്രൊമോ സീരിസാണ്.

ടോബിൻ ആദ്യമായി സ്വതന്ത്ര ചുമതലയുള്ള DoP നിർവഹിച്ച ചിത്രം "Stand Up" (2019).

തുടർന്ന് രാഹുൽ റിജി നായർ സംവിധാനം ചെയ്ത "കള്ളനോട്ടം" (The False Eye) എന്ന ചിത്രവും അതിലെ ഛായാഗ്രഹണവും ഏറെ ശ്രദ്ധേയമായി. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ചിത്രമാണ് "കള്ളനോട്ടം".  നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശനവും ചിലതിൽ പുരസ്കാരങ്ങളും നേടിയ ഈ ചിത്രം OTT റിലീസിന് ഒരുങ്ങുകയാണ്.

രാഹുൽ സംവിധാനം ചെയ്ത "ഖോ ഖോ" ആണ് ടോബിന്റെ  ഏറ്റവുമടുത്ത് റിലീസായ ചിത്രം. ലോക്ക്ഡൗൺ നിയന്ത്രണം കാരണം തിയേറ്ററിൽ നിന്നും പിൻവലിച്ച "ഖോ ഖോ" സാറ്റലൈറ്റ് ചാനൽ/OTT പ്രദർശനത്തിന് വന്നിട്ടുണ്ട്.

കൂടാതെ ടോബിന്റെ മൂന്നു ചിത്രങ്ങൾ അണിയറയിൽ തയ്യാറാകുന്നുണ്ട്.

ടോബിന്റെ ചില ഛായാഗ്രഹണ നിമിഷങ്ങളിലൂടെ:

https://vimeo.com/307171102