എസ് എസ് ജിഷ്ണുദേവ്

SS Jishnudev
Date of Birth: 
Thursday, 24 March, 1994
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 4
സംഭാഷണം: 2
തിരക്കഥ: 3

സുധാകരന്റെയും ശാന്തിയുടെയും ഇളയ മകനായി തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ കരയിൽ പെരുമ്പഴതൂർ ഗ്രാമത്തിൽ ജനിച്ചു. ജിഷ്ണുദേവിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം ഗവണ്മെന്റ് ഹൈസ്കൂൾ പെരുമ്പഴുതൂരിലും, തുടർന്ന് ഹയർ സെക്കന്ററി വിദ്യാഭ്യാസം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നെയ്യാറ്റിൻകരയിലുമായിരുന്നു. സ്കൂൾ പഠനകാലത്തുതന്നെ നാടക അഭിനയം, സംവിധാനം എന്നിവയിൽ തത്പരനായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം കരസ്തമാക്കി . എഞ്ചിനീയറിംഗ് പഠനത്തിനൊപ്പം തന്നെ നിരവധി ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിവ ജിഷ്ണൂദേവ് സംവിധാനം ചെയ്തിരുന്നു.

 2016 -ൽ ജിഷ്ണൂദേവ് തിരുവനന്തപുരം ജില്ലയിലെ കലാകാരന്മാരെ ചേർത്ത് ആർട്ടിസ്റ്റ് ഫിലിംസ് എന്ന സിനിമ കൂട്ടായ്മയ്ക്ക് രൂപം നൽകി. സിനിമ സംവിധാനത്തിന് ഒപ്പം തന്നെ സിനിമാടോഗ്രാഫി, എഡിറ്റിംഗ്, ഗാനരചന, തിരക്കഥ എന്നിവയും നിർവഹിച്ചു വന്നിരുന്നു. 2018 -ൽ സങ്കിലി തൊടർ എന്ന തമിഴ് ഫീച്ചർ ഫിലിം സംവിധാനം നിർവഹിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ സിനിമ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് 2018 -ൽ തന്നെ ജിഷ്ണുദേവ് തമിഴിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ഫീച്ചർ ഫിലിം ആയ അമാനുട സംവിധാനം ചെയ്തു. 2019 -ൽ ഉപമ എന്ന ആർട്ട് ഫീച്ചർ ഫിലിം സംവിധാനം നിർവഹിച്ചു. ആർട്ടിസ്റ്റ് ഫിലിംസ് എന്ന സിനിമ കൂട്ടായ്മയുടെ ബാനറിൽ ആണ് ഉപമ തിയേറ്ററിൽ റിലീസ് ആയത്.  വേഗാസ് മൂവി അവാർഡ്സ്,ദ സീൻ ഫിലിം ഫെസ്റ്റിവൽ, ടാഗോർ ഇന്റർനാഷണൽ ഫിലിം അവാർഡ്സ്, ബ്രിഡ്ജ് ഫെസ്റ്റ് അവാർഡ്, .സ്പെയിനിലെ എൽ ഒക്കോ കൊകൊ ഫെസ്റ്റിവലിൽ സ്പെഷ്യൽ സ്ക്രീനിംഗ് എന്നിവയുൾപ്പെടെ ഉപമയ്ക്ക് വിവിധ രാജ്യങ്ങളിൽ നിന്നായി 130 -ൽ പരം പുരസ്കാരങ്ങൾ ലഭിച്ചു. ഏറ്റവും കൂടുതൽ വ്യത്യസ്ത കാറ്റഗറി അവാർഡുകൾ ലഭിച്ച സിനിമ എന്ന ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരവും ഉപമയ്ക്ക് ലഭിച്ചു.

ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് വൈകിയ അമാനുട ഭയം 2021 -ലാണ് മെയിൻ സ്റ്റ്രീം ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്. തമിഴിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ എന്ന റെക്കോർഡ് അമാനുടയ്ക്ക് സ്വന്തമായി മാറി. തുടർന്ന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം ഗ്ലോബൽ അവാർഡിന് 2021 ഓഗസ്റ്റിൽ അർഹനായി. ഒപ്പം യൂണിവേഴ്സൽ റെക്കോർഡ് ബുക്കിന്റെ അവാർഡും അമാനുടയ്ക്ക് ലഭിച്ചു. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, കലാം വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നിവ ലഭിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ സിനിമകളുടെ റിവ്യൂ ചാനൽ ആയ ഏഷ്യൻ മൂവി പൾസ് പുറത്തിറക്കിയ 2021 ലെ മികച്ച 15 ഏഷ്യൻ ഹോറർ സിനിമകളുടെ പട്ടികയിൽ അമാനുടയും ഉൾപ്പെട്ടിരിന്നു.

2020 -ൽ ജിഷ്ണുദേവ് മലയാളത്തിലെ ആദ്യ ഏലിയൻ ഹാൻഡ് സിൻഡ്രോം അസുഖത്തിനെ കുറിച് പ്രതിപാതിക്കുന്ന സിനിമയായ മൈസെൽഫ് ക്ലമന്റ് എന്ന സിനിമ സംവിധാനം ചെയ്തു. തുടർന്ന് 2021 -ൽ ജിഷ്ണുദേവ് സംവിധാനം ചെയ്ത ചില സാങ്കേതിക കാരണങ്ങളാൽ എന്ന സിനിമയ്ക്ക് ഏറ്റവും ദൈർഘ്യത്തിൽ സിങ്ക് സൗണ്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച സിനിമ എന്ന ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്,  കലാം വേൾഡ് റെക്കോർഡ്സ് എന്നിവയുടെ അംഗീകാരം ലഭിച്ചിരുന്നു.

2023 -ൽ ജിഷ്ണുദേവ് സംവിധാനം ചെയ്ത എന്ന് സാക്ഷാൽ ദൈവം എന്ന ചിത്രത്തിന്  വെറും 16 മണിക്കൂറുകൾ കൊണ്ട് സ്ക്രിപ്റ്റ് ടു സ്ക്രീൻ പൂർത്തീകരിച്ച സിനിമ എന്ന യൂ ആർ എഫ് വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു.

എസ് എസ് ജിഷ്ണുദേവ് - Gmail, Facebook, Web ID