ഛോട്ടാ വിപിൻ

Chotta Vipin

ആലപ്പുഴ ജില്ലയിലെ ചേർത്തല തൈക്കാട്ടുശ്ശേരിയിൽ വിജയൻ, രേണുക ദമ്പതികളുടെ മകനായി ജനിച്ചു. അത്ഭുതദ്വീപ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് വിപിൻ ചലച്ചിത്ര ലോകത്ത് അരങ്ങേറുന്നത്. അത്ഭുതദ്വീപിലെ ഉയരം കുറഞ്ഞ മനുഷ്യരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് തുടക്കമിട്ട വിപിൻ ഛോട്ടാ വിപിൻ എന്നപേരിലാണ് ശ്രദ്ധിക്കപ്പെട്ടത്.

പൊക്കമില്ലായ്മ എന്ന തന്റെ ശാരീരിക പരിമിതിയെ അതിജീവിച്ചുകൊണ്ടാണ്  ഛോട്ടാ വിപിൻ സിനിമയിൽ വളർന്നു വന്നത്. ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിപിൻ സംവിധായകനായ ചിത്രമാണ് പോർക്കളം. വിപിനെപോലെ ഉയരം കുറഞ്ഞ പതിമൂന്ന് മനുഷ്യരുടെ യഥാർത്ഥ ജീവിതം പറയുന്ന സിനിമയാണ് പോർക്കളം.

പൊക്കം കുറഞ്ഞവരുടെ ജീവിതാനുഭവങ്ങൾ പറയുന്ന "തോന്ന്യാക്ഷരങ്ങൾ" എന്ന പുസ്തകത്തിന്റെ രചയിതാവായ ഛോട്ടാ വിപിൻ ഉയരം കുറഞ്ഞ മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സ്മോൾ പീപ്പിൾസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.