ചന്ദ്രൻ പട്ടാമ്പി

Name in English: 
Chandran Pattambi

നാടകത്തിന്‍റെ അരങ്ങില്‍ നില്‍ക്കുമ്പോള്‍, തൊട്ട് മുന്നിലിരിക്കുന്ന വികാരവും വിചാരങ്ങളുമുള്ള, നാടകത്തിനെ ജീവനോളം സ്നേഹിക്കുന്ന സാധാരണക്കാരന്‍റെ മനസ്സിലേക്ക് കുടിയേറുവാന്‍, തന്‍റെ അഭിനയം കൊണ്ട് സാധിക്കുന്ന അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളാണ് ചന്ദ്രന്‍ പട്ടാമ്പി. സ്കൂൾ തലം തൊട്ട് തുടങ്ങിയ കലാ- നാടകപ്രവർത്തനങ്ങളില്‍ നടന്‍, സംവിധായകന്‍ തുടങ്ങിയ മേഖലകള്‍ക്കൊപ്പം മോണോ ആക്റ്റ്, നാടകം, കഥാപ്രസംഗം എന്നിവയിൽ സംസ്ഥാന സ്ക്കൂള്‍ തല മത്സരങ്ങളില്‍ പങ്കെടുക്കുകയും, മോണോ ആക്റ്റിൽ സംസ്ഥാന ജേതാവാകുകയും ചെയ്തു. ‘സൈത്തിന് ദുനിയാവ്’ എന്ന നാടകത്തിന്‍റെ രചനയും സംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ദൃശ്യ മാധ്യമ രംഗത്ത് ലഭിച്ച അവസരങ്ങളില്‍ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത നാടൻ പാട്ടുകളുടെ ക്ലാസുകൾ, സിറ്റി ചാനലുകൾക്ക് വേണ്ടി ആല്‍ബങ്ങളുടെ സംവിധാനം, മഴവിൽ മനോരമ കോമഡി ഫെസ്റ്റിവൽ ആർട്ടിസ്റ്റ് എന്നിവയിലെല്ലാം തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച ചന്ദ്രന്‍ പട്ടാമ്പിയുടെ അഭിനയത്തിന്‍റെ മറിമായങ്ങള്‍ ആലിയായുടെ റേഡിയോ, ദുരന്തം, വാട്ടർ ജയിൽ,, സംസ്കൃതി തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളില്‍ പ്രേക്ഷകര്‍ ആസ്വദിക്കുകയും ഉൽസാഹക്കമ്മിറ്റി, റോമൻസ്, ഒരു സിനിമാക്കാരൻ, ഓട്ടർഷ, വിശ്വവിഖ്യാതമായ ജനാല തുടങ്ങി നിരവധി സിനിമകളില്‍ വളരെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. 2013-ൽ അബേദ്ക്കർ പുരസ്ക്കാരം ലഭിച്ചിട്ടുള്ള ചന്ദ്രന്‍, പട്ടാമ്പി കേന്ദ്രമാക്കിയുള്ള "നാട്ടുറവ്" എന്ന നാടൻപാട്ട് കലാ സംഘത്തിന്‍റെ ഡയറക്ടർ കൂടിയാണ്.