രഞ്ജി കാങ്കോൽ

Ranji Kankol

കണ്ണൂർ ജില്ലയിലെ കാങ്കോൽ താഴെക്കുറുന്ത് സ്വദേശി. 1988 ഏപ്രിൽ 24ന് രാജൻ കെ കെ, രുഗ്മിണി കെവി എന്നിവരുടെ മകനായി ജനനം, സഹോദരി രേഷ്മ.  സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃക്കരിപ്പൂർ VHSCയിൽ ഇലക്ട്രോണിക്സ് പഠിച്ചു, അതിനു ശേഷം ബികോം ബിരുദം ചെയ്തു. നാടകത്തിലൂടെ ആണ് രഞ്ജിയുടെ തുടക്കം. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് മത്തി എന്ന നാടകത്തിലൂടെ രഞ്ജിക്ക് ലഭ്യമായിരുന്നു. അശോകൻ കതിരൂർ, ബാലു കണ്ടോത്ത്, ജിനോ ജോസഫ്,  പ്രമോദ് കണ്ടോത്ത് തുടങ്ങിയവരൊക്കെയാണ് നാടക ഗുരുക്കന്മാർ. സുജിത് വാസുദേവിന്റെ ഓട്ടർഷാ എന്ന സിനിമയിലൂടെ ആണ് രഞ്ജി സിനിമാ രംഗത്ത് തുടക്കമിടുന്നത്.  

മറിമായത്തിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ് ചെറുവത്തൂരിനൊപ്പം നിരവധി കലോത്സവവേദികളിലും മറ്റും നാടകങ്ങൾ, സ്കിറ്റുകൾ തുടങ്ങിയവ സംവിധാനം ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രസിദ്ധമായ പട്ടാണിച്ചികൾ എന്ന തെരുവ് ‌നാടകം സംവിധാനം ചെയ്തത് രഞ്ജിയാണ്. രാജീവൻ വെള്ളൂർ വഴിയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രധാനമായ ഒരു കഥാപാത്രമായ പത്രക്കാരൻ ബാബു എന്ന റോളിലേക്ക് രഞ്ജിയെത്തുന്നത്. കുഞ്ഞപ്പനിലെ മറ്റൊരു കഥാപാത്രം ചെയ്ത രാജേഷ് മാധവൻ വഴിയാണ് രഞ്ജി തിങ്കളാഴ്‌ച നിശ്ചയമെന്ന സിനിമയിലേക്കെത്തുന്നത്.  മടപ്പള്ളി യുണൈറ്റഡ് (സുബാഷ് ), കാർഡ്സ് ( പുരുഷു ), മറ്റൊരു പേരിടാത്ത ചിത്രം എന്നിവയൊക്കെ രഞ്ജിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളാണ്. ‌

സിനിമാ ജീവിതത്തിനു പുറമേ സിമന്റിലും പ്ലാസ്റ്റർ ഓഫ് പാരിസിലൊക്കെ ശില്പങ്ങൾ നിർമ്മിക്കുന്ന ഒരു ശില്പി കൂടിയാണ് രഞ്ജി, അത് തന്നെയാണ് പ്രധാന തൊഴിൽമാർഗ്ഗവും. 

രഞ്ജിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ