ലീല സന്തോഷ്‌

Leela
Date of Birth: 
Sunday, 18 December, 1988
ലീല സന്തോഷ്
സംവിധാനം: 1
തിരക്കഥ: 1

ആദിവാസി വിഭാഗത്തില്‍ നിന്നും ചലച്ചിത്ര സംവിധാനം രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി സംവിധായിക ലീല സന്തോഷ് 1988 ഡിസംബര്‍ 18 ആം തിയതി ശ്രീധരൻറെയും റാണിയുടേയും രണ്ടാമത്തെ മകളായി വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ പനമരം പഞ്ചായത്തിലെ പാലുകുന്ന് ഗ്രാമത്തിലാണ് ജനിച്ചത്.

1994 ല്‍ സാഹിത്യകാരനും സാമൂഹ്യ  പ്രവര്‍ത്തകനുമായ കെ ജെ ബേബി ആദിവാസികളുടെ ഗദ്ദിക എന്ന നാടന്‍ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച കനവ് എന്ന ബദല്‍ സ്‌ക്കൂളില്‍ ചേര്‍ന്നു.

ആദിവാസി കുട്ടികളെ പരിശീലിപ്പിച്ച് അവരുടെ കഴിവ് കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന കനവിൽനിന്ന് കളരിയും, കൃഷിയും, നൃത്തവും, സാഹിത്യ രചനയും, സിനിമയും നാടകവുമെല്ലാം ഗുരുകുല സമ്പ്രദായ പഠനരീതിയിലൂടെ  പഠിച്ച് വളർന്ന ഇവർ കാണുന്ന സിനിമകളുടെയെല്ലാം നിരൂപണമെഴുതിയായിരുന്നു ആദ്യത്തെ ചുവടുവെപ്പ്.

ഋതുമതിയാവുന്ന പെണ്‍കുട്ടികളെ മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന ആചാരത്തെ പറ്റി 2004 ൽ ഗുരുനാഥനായ കെ ജെ ബേബി 'ഗൂഡ' എന്ന ഗോത്രഭാഷയിലുള്ള സിനിമ നിർമ്മിച്ചപ്പോൾ സഹസംവിധായികായി പ്രവർത്തിക്കാൻ ലീലക്ക് അവസരം ലഭിച്ചു. ഈ അനുഭവം ഇവരെ ചലച്ചിത്ര നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ പ്രചോദനമാക്കി.

തുടര്‍ന്ന് തിരുവനന്തപുരത്തും രാജസ്ഥാനിലും സിനിമ നിര്‍മാണവുമായി ബന്ധപെട്ട നിരവധി വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്ത ഇവർ അവിടെനിന്നും സംവിധാനം, സ്‌ക്രിപ്റ്റ്, സിനിമയുടെ മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവ പഠിച്ചു.

സുഹൃത്ത് സിജുവന്റെ 'നാളെ' എന്ന സിനിമയുടെ സഹസംവിധായികയായി സിനിമാ ലോകത്തേക്ക് കടന്നുവരുന്ന ഇവർ 2013 ല്‍ തന്റെ ആദ്യ ഡോക്യുമെന്ററി 'നിഴലുകള്‍ നഷ്ടപെട്ട ഗോത്രഭൂമി' സംവിധാനം ചെയ്തു.വയാനാട്ടിലെ ആദിവാസി വിഭാഗമായ പണിയ സമൂഹത്തിലെ അവിവാഹിതരായ അമ്മമാരുടെ ജീവിതവും പൈതൃക നഷ്ടത്തിന്റെ കഥ പറഞ്ഞ ഈ ഹ്രസ്വചിത്രം പണിയ ഗോത്രക്കാരുടെ പ്രാദേശിക ഭാഷയിലാണ് എടുത്തിട്ടുള്ളത്.

വിനായകനെ നായകനാക്കി എടുത്ത 'കരിന്തണ്ടന്‍' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. താമരശ്ശേരി ചുരപാത യാഥാര്‍ഥ്യമാവാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്റെ കഥ പറയുന്ന ഈ ചിത്രത്തിലൂടെ ചരിത്രം മറന്നുപോയ കരിന്തണ്ടനെന്നെ നായകനെ പുനരാവിഷ്‌കരിക്കുകയാണ്.

സിനിമയിൽ കൂടുതൽ സജീവമായതിനുശേഷം ആദിവാസിവിഭാഗത്തിലുള്ളവർക്ക് അഭിനയം, എഡിറ്റ്, തുടങ്ങിയ സാങ്കേതികതയിൽ പരിശീലനം നൽകാൻ ആഗ്രഹിക്കുന്ന ഇവരുടെ ഭർത്താവ് കളരി വിദ്വാനായ സന്തോഷാണ്. വിദ്യാർത്ഥികളായ സത്തെലജ്, സ്വതിക, സിഥാർഥ് എന്നിവരാണ് മക്കൾ.