ടി വി ഗോപാലകൃഷ്ണൻ

T V Gopalakrishnan
Picture of Malayalam lyricist TV Gopalakrishnan
Date of Death: 
ചൊവ്വ, 3 June, 2014
റ്റി വി ഗോപാലകൃഷ്ണൻ
ഗോപാലകൃഷ്ണൻ ടി വി
ഗോപാലകൃഷ്ണൻ റ്റി വി
എഴുതിയ ഗാനങ്ങൾ: 6
സംവിധാനം: 1
കഥ: 1
സംഭാഷണം: 6
തിരക്കഥ: 2

മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ടി വി ഗോപാലകൃഷ്ണൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'ലൗലി' എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ 'എല്ലാ ദുഖവും എനിയ്ക്കു തരൂ' എന്ന ഹിറ്റ് ഗാനമാണ് ടി വി ഗോപാലകൃഷ്ണനെ ഏറെ പ്രശസ്തനാക്കിയത്. മുക്കുവിളയില്‍ വേലായുധന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി 1940ല്‍ ജനിച്ച ഗോപാലകൃഷ്ണന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത് തൊട്ടടുത്തുള്ള മുളങ്കാടകം ഗവ. ഹൈസ്‌കൂളില്‍ നിന്ന്. അദ്ദേഹത്തിന്റെ ആദ്യഗാനം ഗ്രാമഫോണ്‍ റെക്കോഡ് ആയി പുറത്തുവന്നത് വിദ്യാഭ്യാസകാലത്താണ്. ഒന്‍പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, 'ജ്യേഷ്ഠന്‍ ടി.വി. ഗോപിനാഥിന്റെ 'മരണം താരാട്ടുപാടി' എന്ന നാടകത്തിനുവേണ്ടി 1950 കളുടെ അവസാനമാണ് അദ്ദേഹം പാട്ടെഴുതിയത്. കൊല്ലം കെ. ഹംസയാണ് ആ ഗാനത്തിന് സംഗീതം നൽകിയത്. 18-ാമത്തെ വയസ്സില്‍ ‘ആരാണ് യൂദാസ്’ എന്ന നാടകം സംവിധാനം ചെയ്ത് അരങ്ങത്തെത്തിയപ്പോള്‍ തന്നെ ഗോപാലകൃഷ്ണനിലെ പ്രതിഭയെ ആസ്വാദകര്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് നിരവധി നാടകങ്ങള്‍ക്കുവേണ്ടി ഗോപാലകൃഷ്ണന്‍ പാട്ടെഴുതി. ഒപ്പം ആനുകാലികങ്ങളില്‍ നിരവധി കവിതകളും. 1969 ല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച അഖില കേരള നാടകമത്സരത്തില്‍ ഗോപാലകൃഷ്ണന്റെ ‘നിഴലുകള്‍’ എന്ന നാടകം സമ്മാനങ്ങള്‍ വാരിക്കൂട്ടി. 

ചവറയിൽ ലാബ് ടെക്‌നീഷ്യന്‍ ആയി ജോലിനോക്കുന്ന സമയത്താണ്  സിനിമാരംഗത്തേക്ക് എത്തുന്നത്. അന്‍വര്‍ സുബൈര്‍ കഥയും ഗാനങ്ങളും എഴുതി നിര്‍മിച്ച മുക്കുവനെ സ്‌നേഹിച്ച ഭൂതത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയായി സിനിമാജീവിതം തുടങ്ങി. സുഹൃത്തായ ഷെരീഫ് കഥയെഴുതി നിര്‍മിച്ച് എന്‍. ശങ്കരന്‍നായര്‍ സംവിധാനംചെയ്ത ലൗലിയിലാണ് ഗോപാലകൃഷ്ണന്‍ ഗാനരചയിതാവായി അരങ്ങേറുന്നത്. ആ ചിത്രത്തിലെ നാല് പാട്ടുകള്‍ക്കു പുറമേ കഥയും തിരക്കഥയും എഴുതി പോസ്റ്റര്‍ ഡിസൈനിങ് ചെയ്‌തതും അദ്ദേഹം തന്നെ. തുടര്‍ന്ന്  ചൂള, ലജ്ജാവതി, ഹൃദയം പാടുന്നു തുടങ്ങി പന്ത്രണ്ട് സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 1980ല്‍ ‘വെടിക്കെട്ട്’ എന്ന ചിത്രം സംവിധാനം ചെയ്‌തെങ്കിലും സഹസംവിധായകന്റെ പേരായിരുന്നു സംവിധായകന്റെ സ്ഥാനത്ത്. 1981ല്‍ ‘തായമ്പക’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. ഇതോടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് നിന്ന് പിന്‍വാങ്ങി. തായമ്പക പിന്നീട്, ‘വര്‍ണച്ചിറകുള്ള പക്ഷി’ എന്ന പേരില്‍ ദൂരദര്‍ശന്‍ സീരിയലാക്കി. ടി വി സീരിയലുകളിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു അത്. കൊട്ടാരക്കര ശ്രീഭദ്ര, ചങ്ങനാശ്ശേരി ജയകേരള തുടങ്ങിയ നൃത്തസംഘങ്ങൾക്ക് രചന നിർവ്വഹിയ്ക്കുകയും ചെയ്തിട്ടുണ്ട്. 

സഖി വാരിക, ഗീത, തനിനിറം, മാമ്പഴം തുടങ്ങിയ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. കൂടാതെ ആയിരത്തോളം കവിതകളും നൂറോളം നോവലുകളും എഴുതിയിട്ടുണ്ട്. കലാജീവിതത്തോടൊപ്പം സർക്കാർ ഉദ്യോഗവും ചെയ്തിരുന്ന ടി വി ഗോപാലകൃഷ്ണൻ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായാണ് വിരമിച്ചത്. 1990 ല്‍ ദൂരദര്‍ശനില്‍ ചലച്ചിത്രഗാനദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ‘ദൃശ്യഗാനമഞ്ജരി’ എന്ന പരിപാടി അവതരിപ്പിച്ചു. 

ഭാര്യ ടി.കെ.രാധാമണി. മക്കള്‍ കവിത , അഡ്വ. സംഗീത.

അവലംബം:മാതൃഭൂമിജനയുഗം