കോട്ടയം പുഷ്പനാഥ്

Kottayam Pushpanath
കോട്ടയം പുഷ്പനാഥ്
Date of Birth: 
Friday, 14 May, 1937
Date of Death: 
Wednesday, 2 May, 2018
പുഷ്പനാഥൻ പിള്ള
കഥ: 2
സംഭാഷണം: 1

സത്യനേശൻ പിള്ളയുടെയും റേച്ചലിന്റെയും മകനായി കോട്ടയത്ത് 1937 മെയ് 14 നാണ് പുഷ്പനാഥ് ജനിച്ചത്. പുഷ്പനാഥൻ പിള്ള എന്നതായിരുന്നു യഥാർത്ഥ പേര്.. കോട്ടയത്തെ ഗുഡ് ഷെപ്പേർഡ് സ്‌കൂൾ, എംടി സെമിനാരി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കേരള സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. കോട്ടയത്തെ കേംബ്രിഡ്ജ് നിക്കോൾസൺ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി എൻ ഐ) നിന്ന് ടിടിസി പൂർത്തിയാക്കിയ ശേഷം കോഴിക്കോട് കൊടിയത്തൂർ സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കല്ലാർകുട്ടി, ദേവികുളം, കാരാപ്പുഴ, നാട്ടകം, തുടങ്ങിയവിടങ്ങളിലെ വിവിധ സർക്കാർ സ്കൂളുകളിൽ ചരിത്രാധ്യാപകനായി സേവനമനുഷ്ഠിച്ചു.

എം ടി സെമിനാരി സ്‌കൂളിലെ വിദ്യാർത്ഥിയായിരിക്കെ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച പുഷ്പനാഥ്, സ്കൂൾ മാഗസിനായി തിരമാല എന്ന ചെറുകഥ എഴുതി. 1968-ൽ അദ്ദേഹം തന്റെ ആദ്യ നോവലായ ചുവന്ന മനുഷ്യൻ പുറത്തിറക്കി, അത് ഒരു സയന്റിഫിക് ത്രില്ലറായിരുന്നു. പിന്നീട് 1970 കളിലും 80 കളിലും മുഖ്യധാരാ നോവലുകൾ, സയൻസ് ഫിക്ഷൻ, ഹൊറർ ഫിക്ഷൻ എന്നിവയുൾപ്പെടെ 350 ലധികം കൃതികൾ അദ്ദേഹം എഴുതി. പുഷ്പനാഥിന്റെ പല കൃതികളും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഗുജറാത്തി, ബംഗാളി തുടങ്ങിയ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രാം സ്റ്റോക്കറുടെ ലോകപ്രശസ്ത ഗോതിക് ഹൊറർ നോവലായ ഡ്രാക്കുളയും ആർതർ കോനൻ ഡോയലിന്റെ ദി ഹൗണ്ട് ഓഫ് ദി ബാസ്കർവില്ലസും കോട്ടയം പുഷ്പനാഥ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ട് നോവലുകൾ - ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നിവ സിനിമാരൂപം കൈക്കൊണ്ടു. ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസാവാതിരുന്ന ചിത്രമാണ് ചുവന്ന അങ്കി.

ഷെർലക് ഹോംസിന്റെയും ഹെർക്കുലീസ് പൊയ്റോട്ടിന്റെയുമൊക്കെ മാതൃകയിൽ 'ഡിറ്റക്ടീവ് മാർക്സിൻ', 'പുഷ്പരാജ്' എന്നീ രണ്ട് സാങ്കൽപ്പിക ഡിറ്റക്ടീവുകളെ പുഷ്പനാഥ് സൃഷ്ടിക്കുകയും ഈ രണ്ട് പേരുകളും രചയിതാവിന്റെ പേര് പോലെ തന്നെ പ്രചാരത്തിലാവുകയും ചെയ്തു.  ഇന്ത്യ പശ്ചാത്തലമാവുന്ന നോവലുകളിൽ ഡിറ്റക്റ്റീവ് പുഷ്പരാജ് നായകനാപ്പോൾ, ഇന്ത്യയ്ക്ക് പുറത്തുള്ള നോവലുകളിലെ നായകസ്ഥാനം ഡിറ്റക്ടീവ് മാർക്സിൻ  വഹിച്ചു. ചില നോവലുകളിൽ മറ്റൊരു സാങ്കൽപ്പിക കഥാപാത്രമായ 'ഡിറ്റക്ടീവ് സുധീർ' നായകനായി വന്നു.

2018 മെയ് 2ന് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. മറിയാമ്മയാണ് ഭാര്യ. സലിം, ജമീല, സീനു എന്നിവർ മക്കൾ

നിലവിൽ പുഷ്പനാഥിന്റെ എല്ലാ സൃഷ്ടികളുടെയും റോയൽറ്റി, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന്റെ നിലവിലെ സാരഥിയായ അദ്ദേഹത്തിന്റെ കൊച്ചുമകൻ രായൺ പുഷ്പനാഥിനാണുള്ളത്.