ഫ്രാങ്കോ

Name in English: 
Franco
Franco-Singer
Artist's field: 

തൃശൂർ സ്വദേശി. ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്നും കർണാടക സംഗീതത്തിൽ ബിരുദം പൂർത്തിയാക്കി. സ്കൂൾ കാലഘട്ടത്തിൽ തന്നെ നിരവധി മത്സരങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകൾക്കുമൊക്കെ ഗാനങ്ങൾ ആലപിച്ചിരുന്നു. തൃശൂർ ലൂർദ്ദ് കത്രീഡൽ പള്ളിയിലെ കൊയർ ഗ്രൂപ്പിൽ അംഗമായിരുന്ന പരിചയം പതിനഞ്ചാം വയസ്സിൽ ആദ്യമായി സ്റ്റുഡിയോയിൽ പാടുവാൻ സഹായകമായി."ആചാര്യൻ" എന്ന ചലച്ചിത്രത്തിന്റെ ട്രാക്ക് ആലപിച്ചു കൊണ്ടാണ് പ്രൊഫൈഷണൽ മേഖലയിലെത്തുന്നത്.  2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന കമൽ ചിത്രത്തിലെ കാമ്പസ് ഹിറ്റായി മാറിയ “ എൻ കരളിൽ താമസിച്ചാൽ/രാക്ഷസി” എന്ന ഗാനമാണ് പിന്നണി ഗായകൻ എന്ന നിലയിൽ ഫ്രാങ്കോയുടെ തുടക്കം. തുടർന്ന് ഏറെ സിനിമകളിൽ ശ്രദ്ധേയമായ "പെപ്പി" ഗാനങ്ങൾ ആലപിച്ചു. മലയാളം ആൽബങ്ങളിൽ ഏറെ ഹിറ്റായി മാറിയ “ചെമ്പകമേ”യിൽ “ചെമ്പകമേ” “സുന്ദരിയേ വാ” എന്നീ ഗാനങ്ങൾ ഫ്രാങ്കോയെ ആൽബം മേഖലയിലും ഏറെ പ്രശസ്തനാക്കി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1500ൽ അധികം ആൽബങ്ങളിൽ വിവിധ ഭാഷകളിലായി പാടി. സംഗീതജ്ഞനും കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസിയും സംഗീതുമൊത്ത്  "ബാൻഡ് സെവൻ" എന്ന പോപ്പ് ബാൻഡ് രൂപീകരിച്ച് സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു. ഹിന്ദിയിലെ ആദ്യത്തെ പോപ്പ് ബാൻഡായിരുന്ന "ബാൻഡ് സെവന്റെ" പാട്ടുകൾ ദേശീയ സംഗീത ചാനലുകളുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

തൃശൂർ അടിസ്ഥാനമാക്കി സുഹൃത്തുക്കളുമൊത്ത് സ്വന്തമായി  "റോഡ് ഹൗസ്" എന്ന പേരിൽ ഒരു സംഗീതബാൻഡ് ആരംഭിച്ചു.

പ്രശസ്ത സംഗീത സംവിധായകനായ ഔസേപ്പച്ചന്റെ സഹോദരീ പുത്രനാണ് ഫ്രാങ്കോ. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബവുമായി തൃശൂരിൽ താമസിക്കുന്നു.