നിമിഷ സജയന്‍

Nimisha Sajayan

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അരങ്ങേറി.
ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ രണ്ട് സിനിമകളിലെ അഭിനയത്തിന് 2018 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്. അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. 

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നിമിഷക്കായി.