അമൽ രാജ്

Amal Raj
Date of Birth: 
ചൊവ്വ, 24 July, 1973

1973 ജൂലൈ 24 - ന്  Dr. രാജമോഹൻ നായരുടെയും പത്മകുമാരിയുടെയും രണ്ടാമത്തെ മകനായി തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ജനനം. നെയ്യാറ്റിൻകര വിദ്യാധിരാജയിലും പെരുമ്പഴുതൂർ ഗവണ്മെന്റ് സ്‌കൂളിലും ആയിട്ടായിരുന്നു സ്‌കൂൾ വിദ്യാഭാസം. അതിനുശേഷം തിരുവനന്തപുരം ധവുവച്ചപുരം VTM (വേലുത്തമ്പി മെമ്മോറിയൽ) കോളേജിൽ നിന്നും പ്രീ ഡിഗ്രിയും ഹിസ്റ്ററി യിൽ ബിരുദവും നേടി.

വിദ്യാധിരാജ സ്‌കൂളിൽ പഠിയ്ക്കുമ്പോൾ അമൽരാജ് നാലാം ക്ലാസിൽ തുടങ്ങിയതാണ് നാടക അഭിനയം. തുടർന്ന് ഗവണ്മെന്റ് സ്‌കൂളിൽ ചേർന്നതോടെ കലാരംഗത്ത് ധാരാളം അവസരങ്ങൾ, മത്സരങ്ങൾ, നാടകോത്സവങ്ങൾ. അദ്ധ്യാപകരുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ പ്രോത്സാഹനങ്ങൾ മൂലം നാടകം എന്ന സ്വപ്നം മനസ്സിൽ രൂപപ്പെടുകയും നാടകത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമായി തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പി ജി എടുക്കുകയും ചെയ്തു. ശ്രീ. ലെനിൻ രാജേന്ദ്രനുമായുള്ള ബന്ധം വഴി, അദ്ദേഹത്തിന്റെ കൂടെ സംവിധാനം പഠിക്കണമെന്ന ആഗ്രഹവുമായി ചേരാൻ ചെന്ന അമലിനെ "രാജാ രവി വർമ്മ" നാടകത്തിൽ ടൈറ്റിൽ റോൾ ചെയ്യാൻ അദ്ദേഹം സമ്മതിപ്പിക്കുന്നു. അങ്ങിനെ KPAC നാടകവേദികളിൽ പ്രൊഫഷണൽ ആയി 2000 ൽ തുടക്കം. തുടർന്ന് ശ്രീ ലെനിൻ രാജേന്ദ്രനൊപ്പം സ്റ്റേജ് വർക്കുകളിൽ പല രീതിയിൽ സഹായിയായും (സ്ക്രിപ്റ്റിംഗ് ഉൾപ്പടെ) അഭിനേതാവായും ഒരുപാട് കാലം തുടർന്നു.

സഞ്ജയ്‌ നമ്പ്യാർ 2004 ൽ സംവിധാനം ചെയ്ത യാനം എന്ന സിനിമയിലൂടെയാണ് അമൽ രാജ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന്  ലെനിൻ രാജേന്ദ്രന്റെ അന്യർ ഉൾപ്പെടെ15 ഓളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. സിനിമകളേക്കാൾ നാടകങ്ങളിലാണ് അമൽ കൂടുതൽ സജീവം. കുട്ടികൾക്ക് വേണ്ടി "തളിർ" എന്ന പേരിൽ ഒരു നാടക കളരി മാവേലിക്കരയിൽ നടത്തുന്നുണ്ട്. തളിരിന്റെ നേതൃത്വത്തിൽ അമൽ എഴുതി സംവിധാനം ചെയ്ത നാടകങ്ങൾ സൂര്യ ഫെസ്റ്റിവലുകൾ കോഴിക്കോട് PRD ഫെസ്റ്റിവൽ എന്നിവയിൽ അവതരിപ്പിച്ചിരുന്നു.

അമൽരാജിന്റെ ഭാര്യ ദിവ്യ ലക്ഷ്‌മി നർത്തകിയും അദ്ധ്യാപികയുമാണ് (ഭാവലയ, മാവേലിക്കര).രണ്ട് കുട്ടികൾ ആയുഷ്, ആഗ്നേഷ് .

Facebook, Instagram