ഹരിത ബാലകൃഷ്ണൻ

Haritha balakrishnan
Date of Birth: 
Saturday, 23 May, 1992
ആലപിച്ച ഗാനങ്ങൾ: 12

1992 മെയ് 23 ന് എം കെ ബാലകൃഷ്ണന്റെയും ഓമന ബാലകൃഷ്ണന്റെയും മകളായി കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ജനിച്ചു. കാഞ്ഞിരപ്പള്ളി സെന്റ്മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു ഹരിതയുടെ പ്രാഥമിക വിദ്യാഭ്യാസം.കാഞ്ഞിരപ്പള്ളിയിൽ നിന്ന് തന്നെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് പൂർത്തിയാക്കിയ ഹരിത ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിചെയ്യുന്നു.

പതിനഞ്ച് വർഷമായി കെ പി എസി രവി എന്ന സംഗീതജ്ഞന്റെ കീഴിൽ ഹരിത കർണ്ണാടക സംഗീതം പഠിയ്ക്കുന്നുണ്ട്. വോക്കൽ ട്രെയ്നിംഗ് സച്ചിൻ ശങ്കറിൽ നിന്നും അഭ്യസിച്ചു. ലളിത ഗാനത്തിലും കർണ്ണാടക സംഗീതത്തിലും സ്ക്കൂൾ കലോത്സവങ്ങളിൽ വിജയിയായ ഹരിത ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർസിംഗർ, കൈരളിയിലെ ഗന്ധർവ്വ സംഗീതം എന്നീ മ്യൂസിക്ക് റിയാലിറ്റിഷോകളിൽ പങ്കെടുത്തിരുന്നു.

സംഗീത സംവിധായകൻ സുമേഷ് പരമേശ്വരന്റെ കൂടെ ഹരിത ഒരു മ്യൂസിക്ക് ആൽബം ചെയ്തിരുന്നു. അദ്ദേഹവുമായുള്ള പരിചയം സിനിമയിൽ പാടുന്നതിന് സഹായകരമായി. സുമേഷ് സംഗീത സംവിധാനം ചെയ്ത ഇത് താൻടാ പോലീസ് എന്ന സിനിമയിൽ പാടിക്കൊണ്ടാണ് ഹരിത ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം ഒപ്പം എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചു. തുടർന്ന് വില്ലൻ, ബ്രദേഴ്സ്ഡേ, സഖാവ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ പാടിയിട്ടുണ്ട്. കൂടാതെ നിരവധി ആൽബങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും പരസ്യ ജിംഗിളുകളിലും പാടി.

ഹരിത ഗായിക മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. ജിയോ ബേബി സംവിധാനം ചെയ്ത 2 പെണ്‍കുട്ടികൾ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ഡബ്ബ് ചെയ്തത്. പിന്നീട് ബിഗ് ബ്രദർ, അനുഗ്രഹീതൻ ആന്റണി, എന്നിവയൂൾപ്പെടെ നാല് സിനിമകളിൽ ശബ്ദം പകർന്നു.

ആകാശവാണിയും ദൂരദർശനും നടത്തിയിരുന്ന ലളിതഗാന മത്സരങ്ങളിലും, കർണ്ണാടക സംഗീത മത്സരങ്ങളിലും പങ്കെടുത്ത് നിരവധി പുരസ്ക്കാരങ്ങൾ ഹരിതയ്ക്ക് ലഭിച്ചു.മികച്ച ഗായികയ്ക്കുള്ള കെ പി ഉദയഭാനു അവാർഡ്, എൻ പി അബു മെമ്മോറിയൽ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.

ഹരിതയുടെ ഫേസ്ബുക്ക് പ്രൊഫൈലിവിടെയുണ്ട്  |  ഇൻസ്റ്റഗ്രാം പേജിവിടെ