സ്മിത അമ്പു

Smitha Ambu
ആലപിച്ച ഗാനങ്ങൾ: 1

നാടകലോകത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് തിരുവനന്തപുരം സ്വദേശിയായ സ്മിത അമ്പു. പതിനഞ്ചു വർഷത്തിലധികമായി നാടകരംഗത്ത് സ്മിത പ്രവർത്തിയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തെ അഭിനയ പഠനകലയിലായിരുന്നു നാടക പരിശീലനത്തിന്റെ തുടക്കം. അതിനുശേഷം കർണ്ണാടകത്തിലെ തിയ്യേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും പരിശീലനം നേടി. നാടകാഭിനയത്തോടൊപ്പം ചില നാടകങ്ങളിൽ കോസ്റ്റ്യൂം ഡയറക്ടറായും സ്മിത പ്രവർത്തിച്ചിട്ടുണ്ട്.

2010 -ൽ ചിത്രസൂത്രം എന്ന ചിത്രത്തിലൂടെയാണ് സ്മിത ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. പിന്നീട്  2016 -ൽ വെളുത്ത രാത്രികൾ എന്ന സിനിമയിൽ അഭിനയിച്ചു. ആ വർഷം തന്നെ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിലും അഭിനയിച്ചു. 2017 -ൽ ഉദാഹരണം സുജാത ഏന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ ഡയലോഗ് ട്രെയിനറായി വർക്ക് ചെയ്തു. 2020 -ൽ കപ്പേള എന്ന സിനിമയിൽ സ്മിത അമ്പു അവതരിപ്പിച്ച സലീന എന്ന കഥാപാത്രം പ്രേക്ഷക പ്രീതിനേടി.

ദാഹരണം സുജാത എന്ന സിനിമയിലെ വർക്കിനിടയിൽ അതിന്റെ എഡിറ്ററായിരുന്ന. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനുമായുള്ള പരിചയമാണ് മാലിക്  എന്ന ചിത്രത്തിൽ ഡയലോഗ് സൂപ്പർവൈസറായി എത്തിച്ചത്. മാലികിൽ ഡബ്ബിങ്ങിന് മാത്രമായിരുന്നില്ല, അതിന് മുമ്പ് തന്നെ സ്ക്രിപ്റ്റിൽ തിരുവനന്തപുരം ശൈലിയിലുള്ള ഭാഷയാക്കാനായുള്ള ജോലികളൂം സ്മിത ചെയ്തിരുന്നു. അതിനോടൊപ്പം ഷേർലി എന്ന കഥാപാത്രമായി മാലികിൽ അഭിനയിക്കുയും ചെയ്തു. രണ്ടു സിനിമകൾക്കായി പാട്ടുകൾ എഴുതുകയും വിശുദ്ധ രാത്രികൾ എന്ന സിനിമയിൽ പാടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലും കന്നഡയിലും ഡബ്ബിംഗ് ആർട്ടിസ്റ്റായും സ്മിത പ്രവർത്തിയ്ക്കുന്നുണ്ട്.