ജോമോൻ ജോഷി

Joemon Joshy

1988 സെപ്തംബർ 2 ന് ജോഷിയുടെയും ടെസിയുടെയും മകനായി എറണാകുളത്ത് ജനനം. സി എം ഇ പി എസ്  പുതു വൈപ്പ്, സെന്റ്‌ മേരീസ് യു പി സ്കൂൾ ഞാറയ്‌ക്കൽ, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഞാറയ്‌ക്കൽ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മേരിമാത കോളേജ് ഞാറയ്‌ക്കൽ, ഭാരത്‌ മാതാ കോളേജ് തൃക്കാക്കര എന്നിവിടങ്ങളിലായി തുടർ പഠനം. ജേർണലിസത്തിൽ ബി എ ബിരുദധാരിയായ ജോമോൻ, ഇപ്പോൾ എൽ എൽ ബി പഠനത്തിലാണ്. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് കലോത്സവ വേദികളിൽ ജോമോൻ സജീവമായിരുന്നു.  മിമിക്രി, മോണോ ആക്ട്, മൈം, ദഫ് മുട്ട്, അർബാന മുട്ട്, നാടകം തുടങ്ങി നിരവധി ഇനങ്ങളിൽ സബ്‌ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സബ് ജില്ലാ തലത്തിൽ മൂന്നു തവണ മികച്ച നാടക നടനായും തിരഞ്ഞെടുക്കപ്പെട്ടു. 

ബാലതാരമായാണ് സിനിമയിലെത്തുന്നത്. ആദ്യ ചിത്രം പുരസ്‌കാരം. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഭരതൻ ഞാറയ്‌ക്കലിന് ജോമോന്റെ പിതാവുമായുണ്ടായിരുന്ന സൌഹൃദമാണ് അതിനു വഴി തെളിച്ചത്. ആദ്യം അഭിനയിച്ചത് പുരസ്‌ക്കാരത്തിൽ ആണെങ്കിലും പുറത്തിറങ്ങിയ ആദ്യ ചിത്രം സഹയാത്രികയ്‌ക്ക് സ്നേഹപൂർവ്വം എന്നതായിരുന്നു. തുടർന്ന് ഉന്നതങ്ങളിൽ, കവർ സ്റ്റോറി, രാക്ഷസരാജാവ്, കരുമാടിക്കുട്ടൻ, അണുകുടുംബം.കോം, ക്രോണിക്ക് ബാച്ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ചെറുതെങ്കിലും  ക്രോണിക്ക് ബാച്ചിലറിലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് പോക്കിരിരാജ, കാണ്ഡഹാർ, ഭാസ്ക്കർ ദി റാസ്ക്കൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. നടി അംബിക സംവിധാനം ചെയ്യുന്ന നിഴൽ എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. 

ജോമോൻ ജോഷിയുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ്