ഷാൻ ജോൺസൺ

Shan Johnson
Shan Johnson
Date of Death: 
Saturday, 6 February, 2016
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 1

സംഗീത സംവിധായകൻ ജോൺസൺന്റെ മകൾ. ചെറുപ്പത്തിൽ തന്നെ ശാസ്ത്രീയ സംഗീതവും ഭരതനാട്യവും അഭ്യസിച്ചു. ക്വയറിൽ സജീവമായിരുന്ന ഷാൻ, പിന്നീട് പാശ്ചാത്യ സംഗീതവും അഭ്യസിച്ചു. ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ബികോം ബിരുദം കരസ്ഥമാക്കിയ ഷാന്‍ ചെന്നൈയില്‍ രണ്ട് വെസ്‌റ്റേണ്‍ ബാന്‍ഡ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മൈസൂരിലായിരുന്നു ജോലിനോക്കിയിരുന്നത്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടര്‍ന്ന് മൈസൂരുവിലെ ജോലി മതിയാക്കി ചെന്നൈയില്‍ ജോലിയോടൊപ്പം സംഗീത രംഗത്തും സജീവമാകുകയായിരുന്നു. സിറ്റി സെന്റർ ഷോപ്പിങ്ങ് മാളിന്റെ മാർക്കറ്റിംഗ് ഹെഡായി ജോലി നോക്കിയിരുന്നു. ശാലോം ടിവിയിൽ ചില പരിപാടികളുടെ അവതാരികയായിരുന്നു. പുറത്തിറങ്ങാതെ പോയ ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിക്കൊണ്ടാണ് ഷാൻ സിനിമാ ലോകത്തേക്ക് കടന്നു വന്നത്. ജോൺസൺ മാഷിനു പൂർത്തിയാക്കാൻ കഴിയാതെ പോയ ആലോലം താലോലം കുഞ്ഞിക്കാറ്റേ എന്ന ഗാനം പൂർത്തിയാക്കി ആ ചിത്രത്തിനു വേണ്ടി ഉപയോഗിച്ചു. അതിലെ ഒരു ഗാനവും എഴുതിയിരുന്നു. പിന്നീട് പ്രയിസ് ദ ലോര്‍ഡ് എന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു ഹിന്ദി ഗാനം ആലപിച്ചു. തിര എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി വന്ന ഘോജ് ജാരി രഖ് എന്ന ഗാനം എഴുതിയതും ഷാൻ ആയിരുന്നു. സംഗീത സംവിധായകൻ ഷാൻ റഹ്മാനുമായുള്ള സൌഹൃദമായിരുന്നു അതിലേക്ക് നയിച്ചത്. കൂടാതെ ഏതാനും തമിഴ് സിനിമകളിലും പാടിയിട്ടുണ്ട്.  വേട്ട എന്ന സിനിമയിലെ ഹിന്ദി ഗാനത്തിന് വരികളെഴുതിയതും ഷാൻ ആയിരുന്നു. കൂട്ടുകാരുമൊത്ത് ദി സൗണ്ട് ബൾബ് എന്നൊരു ബാൻഡും അവർ രൂപീകരിച്ചിരുന്നു. 2016 ഫെബ്രുവരി 5 ന് ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ അവരെ കണ്ടെത്തുകയായിരുന്നു.