മനോജ് ജോർജ്ജ്

Manoj George

മൂന്ന് പ്രാവശ്യം ഗ്രാമി അവാർഡ് നേടിയ ഏക മലയാളിയാണ് മനോജ് ജോർജ്ജ്,  തൃശ്ശൂർ ജില്ലയിലെ ഒളരിക്കരയാണ് അദ്ദേഹത്തിന്റെ ജന്മദേശം. ഏഴാം ക്ലാസിൽ വെച്ചാണ് മനോജ് വയലിൻ പഠിക്കാൻ തുടങ്ങിയത്. തൃശ്ശൂർ കലാസദനിലെ ലെസ്ലി പീറ്റർ ആയിരുന്നു ആദ്യ ഗുരു.തുടർന്ന് കലാസദനിൽ ചേർന്ന് പ്രോഗ്രാമുകളിൽ വയലിനിസ്റ്റായി പങ്കെടുക്കാൻ തുടങ്ങി. കോളേജ് പഠനകാലത്തുതന്നെ യേശുദാസ്, ചിത്ര തുടങ്ങിയ വലിയ ഗായകരൊടൊപ്പം ഗാനമേളകളിൽ വയലിൻ വായിക്കാൻ തുടങ്ങിയിരുന്നു. 

ഡിഗ്രി പഠനത്തിനുശേഷം മനോജ് വെസ്റ്റേൺ മ്യൂസിക്ക് പഠിക്കുന്നതിനുവേണ്ടി പോണ്ടിച്ചേരിയിലെ ചേതന മ്യൂസിക്ക് അക്കാദമിയിൽ ചേർന്നു. അവിടെ നിന്ന് പിയാനോയും ഗിറ്റാറും പഠിച്ചു. അതിനിടയിൽ ബാംഗ്ലൂരിൽ പോയി ഫിലോമിന തമ്പുച്ചെട്ടിക്ക് കീഴിൽ വയലിനും പഠിച്ചു. അതിനുശേഷം ബാംഗ്ലൂർ സ്കൂൾ ഓഫ് മ്യൂസിക്കിൽ മനോജ് വയലിൻ പഠിപ്പിക്കാൻ തുടങ്ങി. അവിടെവെച്ച് സംഗീതജ്ഞ്യനായ രഘു ദീക്ഷിതിനെ പരിചയപ്പെടുകയും അവർ രണ്ടുപേരും ചേർന്ന് "അന്തരാഗ്നി" എന്നൊരു ബാൻഡ് ആരംഭിക്കുകയും ചെയ്തു. അന്തരാഗ്നി ബാൻഡ് നിരവധി സംഗീത പ്രോഗ്രാമുകൾ അവതരിപ്പിച്ച് പ്രശസ്തമായി. പിന്നീട് അന്തരാഗ്നിയിൽ നിന്നും പിൻവാങ്ങിയ മനോജ് ജോർജ്ജ് " ഫോർ സ്ട്രിംഗ്സ് " എന്ന പേരിൽ സ്വന്തമായി ഒരു ബാൻഡ് ആരംഭിച്ചു. മറ്റു സംഗീതജ്ഞ്യരുമായി സഹകരിച്ച് പാട്ടുകൾ ഒരുക്കി. ഗായകൻ കാർത്തിക്കിനോടൊപ്പം കുറേ സംഗീത പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം കുറച്ചുകാലം പ്രശസ്ത ഗായകൻ ലക്കി അലിയോടൊപ്പം അദ്ദേഹത്തിന്റെ ബാൻഡിൽ പ്രവർത്തിച്ചു.

സംഗീത സംവിധായകൻ റിക്കി കേജിന്റെ മ്യൂസിക്ക് ആൽബങ്ങൾക്ക് വയലിൻ വായിച്ചാണ് മനോജ് ജോർജ്ജ് മൂന്ന് പ്രാവശ്യം ഗ്രാമി അവാർഡിന് അർഹനായത്. 2015, 2022, 2023 വർഷങ്ങളിലാണ് ഗ്രാമി പുരസ്ക്കാരങ്ങൾ ലഭിച്ചത്. 2022 -ൽ മികച്ച ന്യൂ എയ്ജ് ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയത് മനോജ് വയലിനിസ്റ്റും കണ്ടക്റ്ററും സ്റ്റ്രിംഗ് അറേഞ്ചറുമായി പ്രവർത്തിച്ച ഡിവൈൻ ടൈഡ്സ് എന്ന ആൽബമാണ്. 2023 -ൽ മികച്ച ഇമ്മേഴ്സീവ് ഓഡിയോ വിഭാഗത്തിൽ ഡിവൈൻ ടൈഡ്സിലൂടെ മനോജ് വീണ്ടും ഗ്രാമി അവാർഡിന് അർഹനായി. റിക്കി കേജിന്റെ പ്രശസ്തമായ വന്ദേ മാതരത്തിന്റെ ഓർക്കസ്റ്റ്രേഷൻ ചെയ്തത് മനോജ് ജോർജ്ജായിരുന്നു.

2000 -ത്തിൽ ഖരാക്ഷരങ്ങൾ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കികൊണ്ടാണ് മനോജ് സിനിമയിൽ തുടക്കമിടുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 2012 -ൽ വാദ്ധ്യാർ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു. 2023 -ൽ റാണി ചിത്തിര മാർത്താണ്ഡ എന്ന സിനിമയ്ക്കും സംഗീത സംവിധാനം നിർവ്വഹിച്ചു. രണ്ട് കന്നഡ സിനിമകൾക്കും മനോജ് ജോർജ്ജ് സംഗീതം ചെയ്തിട്ടുണ്ട്.

മനോജ് ജോർജ്ജിന്റെ ഭാര്യ സുഷ അദ്ധ്യാപികയാണ്. രണ്ടു മക്കൾ നീൽ മനോജ്, നിയ റോസ്