മഹേഷ് ആനന്ദ്

Mahesh Anand
Date of Birth: 
Sunday, 13 August, 1961
Date of Death: 
Wednesday, 6 February, 2019

1961 ആഗസ്റ്റ് 13 ആം തിയതി മഹാരാഷ്ട്രയിലെ മുംബൈയിൽ ലാണ് മഹേഷ്‌ ആനന്ദ് ജനിച്ചത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായിരുന്ന ഇദ്ദേഹം സിനിമാഭിനയം തുടങ്ങുന്നതിന് മുമ്പ് മോഡലും ഡാൻസറും ആയിരുന്നു.

1982 ൽ പുറത്തിറങ്ങിയ കമൽഹാസ്സൻ ചിത്രമായ സനം തേരി കസമിൽ ടൈറ്റിൽ ഡാൻസ് ചെയ്തുകൊണ്ട് അഭിനയരംഗത്ത് എത്തിയ ഇദ്ദേഹം 1984 ഐ വി ശശി സംവിധാനം ചെയ്ത കമൽഹാസ്സൻ ചിത്രമായ കരീഷ്മയിലൂടെ അഭിനയരംഗത്ത് സജീവമായി. തുടർന്ന് ഭവാനി ജംക്ഷൻ, സസ്തി ദുൽഹൻ മഹേംഗ ദുൽഹാ, ഇൻസാഫ്, തൂഫാൻ, വിശ്വാത്മാ, കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്പര്‍ വണ്‍, വിജേത, ഷെഹന്‍ഷാ, ലാൽ ബാദ്ഷാ, ബാഗി, രംഗീല രാജ വരെ 80 ഓളം ഹിന്ദി ചിത്രങ്ങളും 15 ലേറെ തെലുങ്ക് ചിത്രങ്ങളും 5 ഓളം തമിഴ് ചിത്രങ്ങളും 6 ലേറെ മലയാള ചിത്രങ്ങളടക്കം 110 ഓളം ചിത്രങ്ങൾ അഭിനയിച്ചു.

ഇദ്ദേഹം ആദ്യം വിവാഹം കഴിച്ചത് തന്റെ ആദ്യ രണ്ട് പടങ്ങളുടെ നിർമ്മാതാവും പ്രശസ്ത നടി റീന റോയിയുടെ സഹോദരിയുമായ ബർഖ റോയിയെ ആണ്. ആ ബന്ധം അധികം നീണ്ട് നിന്നില്ല. പിന്നീട് 1987 ൽ മിസ്സ്‌ ഇന്ത്യ ഇന്റർനാഷണൽ എറിക്ക മരിയ ഡിസൂസയെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ ത്രിശൂൽ ആനന്ദ് (ആൻ്റണി വോറ) എന്ന മകൻ ഉണ്ടായി. ഈ ബന്ധം തകർന്ന ശേഷം മധു മൽഹോത്രയെയും ഉഷ ബച്ചാനിയെയും കല്യാണം കഴിച്ചെങ്കിലും അവയൊന്നും അധികം നിലനിന്നില്ല. പിന്നീട് 2015 ൽ റഷ്യൻ സ്വദേശി ലാനയെ കല്യാണം കഴിച്ചു.

അഭിമന്യു, ദി ഗോഡ്‌മാൻ, പ്രജ,  കിലുക്കിലുക്കം, ഊട്ടിപട്ടണം തുടങ്ങിയ ഒരു പിടി  മലയാള സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ച ഇദ്ദേഹം അവസാനമായി അഭിനയിച്ച രംഗീല രാജ 2019 ജനുവരിയിലായിരുന്നു  പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചിത്രം തനിക്ക് 18 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാലോകത്ത് നിന്ന് ലഭിച്ച ഓഫറാണെന്ന് ഈ ചിത്രത്തിന്റെ റിലീസ്  സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു. സിനിമാ ലോകത്ത് അവസരങ്ങൾ കുറഞ്ഞ ഇദ്ദേഹം പിന്നീട് ജീവിക്കാൻ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. 

മകൻ ത്രിശൂൽ ആനന്ദിനെ പിരിഞ്ഞിരിക്കുന്ന വിഷമം പലപ്പോഴും അദ്ദേഹം സുഹൃത്തുക്കളോടും ഫേസ്ബുക്ക്‌ പേജിലൂടെയും പ്രകടിപ്പിച്ചിരുന്നു. കാനഡയിൽ കഴിയുന്ന മകനെ ഒന്ന് കാണുവാൻ വേണ്ടി പല തവണ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. ഇത്തരം മാനസിക പിരിമുറുക്കങ്ങളിൽ കൂടി പൊയ്ക്കൊണ്ടിരുന്ന ഇദ്ദേഹത്തെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2019 ഫെബ്രുവരി 9 ആം തിയതി ആയിരുന്നു. 

57 വയസ്സുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. അങ്ങിനെയെങ്കിൽ ഇദ്ദേഹം ഫെബ്രുവരി 6 ആം തിയതി രാത്രി മരിച്ചിരിക്കാം. ആകെയുള്ള ഒരു മകനും പിന്നെ ഭാര്യമാരും മരണശേഷം പോലും തിരിഞ്ഞു നോക്കാത്തതിനാൽ അദ്ദേഹത്തിന്റെ സഹോദരി ആണ് സംസ്കാര ചടങ്ങുകൾ നിർവഹിച്ചത്.