കോഴിക്കോട് ശിവരാമകൃഷ്ണൻ

Kozhikkode Sivaramakrishnan

കോഴിക്കോട് ശിവരാമകൃഷ്ണൻ - വ്യത്യസ്ഥനായ ഒരു മിമിക്രി കലാകാരൻ. പ്രകൃതിയിലെ ഒട്ടുക്കിക്ക ശബ്ദങ്ങളും അനുകരിക്കാൻ കഴിയുന്ന ഈ കലാകാരൻ, സ്പെഷ്യൽ ഇഫക്റ്റ്സിനു വേണ്ടി ചില സിനിമകൾക്കും ശബ്ദം നൽകിയിട്ടുണ്ട്. കോഴിക്കോട് ചിറയ്ക്കൽ വീട്ടിൽ വിശ്വനാഥപിള്ളയുടേയും പാഞ്ചാലി അമ്മാളുടേയും മകനായി ജനനം. ചെറുപ്പത്തിൽ നാടകങ്ങളിലും മിമിക്രി മത്സരങ്ങളിലും സജീവമായിരുന്ന അദ്ദേഹം, ആകാശവാണിയുടെ ബാലമണ്ഡലം പരിപാടിയിൽ സജീവമായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തബലയിൽ കമ്പം കയറിയതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആദ്യം കെ.ടി മുഹമ്മദിന്റെ ശിക്ഷണത്തിൽ തബല അഭ്യസിച്ച അദ്ദേഹം, വടക്കേ ഇന്ത്യയിൽ പോയി തബല പഠിക്കുവാനായി നാടുവിട്ടെങ്കിലും എത്തിപ്പെട്ടത് തിരുവനന്തപുരത്തെ ഡി അബൂബക്കറുടെ അരികിലാണ്. തിരുവനന്തപുരത്തെ താമസം നിരവധി പരിപാടികളിൽ തബല വായിക്കുവാനും മിമിക്രി അവതരിപ്പിക്കുവാനുമുള്ള അവസരം അദ്ദേഹത്തിനു നൽകി. കെ എസ് ആർ ടി സിയിൽ ആദ്യം ദിവസക്കൂലിക്കാരനായും പിന്നീട് സ്ഥിരം തതികയിലും അദ്ദേഹം ജോലി നോക്കി. തിരുവനന്തപുരം ആകാശവാണിയിൽ തബല ആർട്ടിസ്റ്റിന്റെ ഒഴിവിലേക്ക് അദ്ദേഹം 1976 ൽ തിരഞ്ഞെടുക്കപ്പെട്ടു. യേശുദാസ്, കമുകറ, ബാബുരാജ്, പി ലീല, അമ്പിളി തുടങ്ങിയ പ്രഗത്ഭരായ ഗായകരുടെ ഗാനമേള ട്രൂപ്പുകളിൽ തബലിസ്റ്റായിരുന്നു ശിവരാമകൃഷ്ണൻ. കെ പി എ സിയിലും കാളിദാസ കലാകേന്ദ്രത്തിലും സഹകരിച്ചു. ആകാശവാണിയിലെ ജോലിക്കിടയിൽ നിരവധി റേഡിയോ നാടകങ്ങൾക്ക് അദ്ദേഹം ശബ്ദം പകർന്നു. അരവിന്ദന്റെ ഒരിടത്ത് എന്ന ചിത്രത്തിനു വേണ്ടി സ്പെഷ്യൽ ഇഫക്റ്റ്സായി അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിച്ചു.  അമ്പലക്കര പഞ്ചായത്ത്, അമ്പിളി അമ്മാവൻ,  ദേശാടനക്കിളി കരയാറില്ല എന്നീ ചിത്രങ്ങൾക്ക് ശബ്ദം നൽകി.

ഭാര്യ : ദീപ, മക്കൾ: അജി, സജി, രജനി.