ഷാഹുൽ ഹമീദ്

Shahul Hameed
Shahul Hameed
ആലപിച്ച ഗാനങ്ങൾ: 1

തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സയ്യദ് ഇബ്രാഹിമിന്റേയും അസ്യാ മറിയത്തിന്റെയും നാലു മക്കളിൽ രണ്ടാമത്തെ പുത്രനായി ജനനം. ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ച ഷാഹുലിന്റെ ആദ്യ ഗുരു അമ്മയായിരുന്നു. മദ്രാസിലെ ന്യൂ കോളേജിൽ നിന്നും എം ഇ ബിരുദം കരസ്ഥമാക്കിയ ഷാഹുൽ കർണ്ണാടക സംഗീതത്തിൽ ഡിപ്ലോമക്കും പിന്നീട് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുവാനായും ചേർന്നു. സംഗീത പഠനത്തിനു ശേഷം ദൂരദർശനിൽ ലളിത ഗാന പരിപാടികൾ അവതരിപ്പിച്ചു പോന്നു. ആ സമയത്താണു എ ആർ റഹ്മാനുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹവുമായുള്ള ആ ബന്ധം നിരവധി ഭക്തിഗാന കാസറ്റുകളിൽ പാടാനുള്ള അവസരം ശാഹുലിനെ തേടിയെത്താൻ കാരണമായി. റഹ്മാൻ സിനിമയിൽ എത്തിയപ്പോൾ തിരുടാ തിരുടാ എന്ന ചിത്രത്തിൽ ഷാഹുലിനു അവസരം നൽകി. പിന്നീട് ജന്റിൽമാൻ, ഉഴവൻ, കാതലൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം റഹ്മാന് വേണ്ടി ഗാനങ്ങൾ ആലപിച്ചു. തെലുങ്കിലും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം, ടോമിൻ തച്ചങ്കരിയുടെ സംഗീത സംവിധാനത്തിൽ ബോക്സർ എന്ന സിനിമയിലെ 'വാ റാണി' എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളത്തിലുമെത്തി. 1998ലുണ്ടായ ഒരു വാഹനാപകടത്തിൽ ഈ ഗായകൻ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു.

ഭാര്യ : മുംതാസ് ബീഗം, മക്കൾ : ഫാത്തിമ, രേഷ്മ