രാജീവ് പരമേശ്വരൻ

Rajeev Parameswaran

മലയാള ചലച്ചിത്ര,സീരിയൽ നടൻ.  തൃശ്ശൂർ ജില്ലയിലെ കയ്പ്പമംഗലത്ത് പരമേശ്വരന്റെയും സതീദേവിയുടെയും മകനായി ജനിച്ചു. അച്ഛൻ പരമേശ്വരൻ കെൽട്രോണിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ സതീദേവി ടീച്ചറും. രാജീവ് വിദ്യാഭ്യാസത്തിനുശേഷം അമ്മാമനോടൊപ്പം മുംബൈയിലേയ്ക്ക് പോയി. അവിടെ ഒരു കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലിയ്ക്ക് കയറി. ആ സമയത്തുതന്നെയാണ് രാജീവ് മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രശസ്ത നടൻ മാധവനോടൊപ്പം ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചു. പിന്നീട് ദുബായിലേയ്ക്ക് പോയി അവിടെ ഒരു കമ്പനിയിൽ രാജീവ് ജോലിയ്ക്ക് കയറി. ദുബായിൽ നിന്നും വിസ ചെയ്ഞ്ച് ചെയ്യാൻ നാട്ടിലെത്തിയപ്പോളാണ് സ്വയംവര പന്തൽ എന്ന സിനിമയിൽ അഭിനയിയ്ക്കാൻ അവസരം കിട്ടുന്നത്. 2000- ത്തിലായിരുന്നു സ്വയംവര പന്തൽ റിലീസാകുന്നത്. പിന്നീട് ഈസ്റ്റ്കോസ്റ്റിന്റെ നിനക്കായ്  എന്ന ആൽബത്തിൽ ഒന്നിനുമല്ലാതെ.. എന്ന ഗാനത്തിൽ അഭിനയിച്ചതോടെ രാജീവ് കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടു. 

പ്രേയസി  ആയിരുന്നു രാജീവ് പരമേശ്വരൻ അഭിനയിച്ച ആദ്യ സീരിയൽ. മരുഭൂമിയിലെ പൂക്കാലം. ഊമക്കുയിൽ, ഓമന തിങ്കൾ പക്ഷി, കാവ്യാഞ്ജലി, എന്റെ മാനസ പുത്രി, വാനമ്പാടി എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2010-ൽ ദിലീപ് നായകനായ പാപ്പി അപ്പച്ചാ എന്ന സിനിമയിൽ വില്ലനായി അഭിനയച്ചതോടെ രാജീവ് പരമേശ്വരൻ കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടു. പത്തോളം സിനിമകളിൽ രാജീവ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സീരിയലുകളിലാണ് കൂടുതൽ അഭിനയിയ്ക്കുന്നത്. മലയാളം കൂടാതെ തമിഴ് സീരിയലുകളിലും അദ്ദേഹം അഭിനയിയ്ക്കുന്നുണ്ട്.

രാജീവ് പരമേശ്വരന്റെ ഭാര്യയുടെ പേര് ദീപ,  രണ്ടു മക്കളാണ് അവർക്കുള്ളത്, മകൾ ശിവന്യ, മകൻ അഥർവ്.