സുജാത മോഹൻ

Sujatha
Singer Sujatha Mohan_m3db
Date of Birth: 
Sunday, 31 March, 1963
ആലപിച്ച ഗാനങ്ങൾ: 658

Image : Nandan

ചലച്ചിത്ര പിന്നണി ഗായിക. ഡോക്ടർ വിജയേന്ദ്രന്റെയും, ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31 ന് കൊച്ചിയിൽ ജനിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം തിരു - കൊച്ചിയുടെ ആദ്യമുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപ്പിള്ളയുടെ പൗത്രിയാണ്. എട്ടാം വയസ്സിൽ കലാഭവനിൽ ചേർന്നതോടെയാണ് സുജാത ശ്രദ്ധിയ്ക്കപ്പെട്ടുതുടങ്ങിയത്. അക്കാലത്ത് കലാഭവന്റെ ആബേലച്ചന്റെ രചനയിൽ ഇറങ്ങിയ നിരവധി ക്രിസ്തീയ ഭക്തിഗാന കാസറ്റുകളിൽ  പാടിയിട്ടുണ്ട്. പത്താമത്തെ വയസ്സുമുതൽ ശാസ്ത്രീയ സംഗീതം അഭ്യസിയ്ക്കാൻ തുടങ്ങി. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരായിരുന്നു സംഗീതത്തിലെ ഗുരുക്കന്മാർ.

1973ല്‍ എറണാകുളത്ത് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്‍പാകെ എം ജി രാധാകൃഷ്ണൻ ഈണം പകർന്ന 'ഓടക്കുഴൽവിളി ഒഴുകിയൊഴുകി..' പാടുകയും അത് ആകാശവാണി പ്രക്ഷേപണം ചെയ്ത് വൻ സ്വീകാര്യത നേടുകയും ചെയ്തു. ആ ഒരൊറ്റ ഗാനത്തിന്‍റെ ജനപ്രീതിയിൽ സുജാതയ്ക്ക് ആകാശവാണി നേരിട്ട് ബി 1 ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയിൽ ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് എം കെ അർജ്ജുനൻ സംഗീതം നൽകിയ "കണ്ണെഴുതി പൊട്ടുതൊട്ട്..." എന്ന ഗാനം പാടിക്കൊണ്ട് തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ സുജാത ചലച്ചിത്രപിന്നണി ഗാനരംഗത്തേയ്ക്ക് പ്രവേശിച്ചു. എഴുപതുകളിൽ ബേബി സുജാത എന്ന പേരിൽ പ്രശസ്തയായിരുന്ന അവര്‍ യേശുദാസിനോടൊപ്പം നിരവധി ഗാനമേളകളിൽ നിറസാന്നിധ്യം ആയിരുന്നു.

ഇളയരാജയുടെ സംഗീതത്തിൽ 1977ൽ  കാവിക്കുയിൽ എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി തമിഴിൽ പാടുന്നത്. എന്നാൽ ആ ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല. സുജാതയുടേതായി ആദ്യമായി തമിഴ് സിനിമയിൽ വന്നത് ഇളയരാജയുടെ തന്നെ സംഗീതത്തിൽ 1978ൽ റിലീസ് ചെയ്ത ഗായത്രി എന്ന സിനിമയിലെ "കാലൈ പാനിയിൽ..." എന്ന ഗാനമായിരുന്നു.

1981ൽ സുജാത, ഡോക്ടർ കൃഷ്ണമോഹനെ വിവാഹം ചെയ്യുകയും തുടര്‍ന്ന് കുറച്ചുകാലം പിന്നണി ഗാനരംഗത്തു നിന്ന് വിട്ടുനില്ക്കുകയും ചെയ്തു. പിന്നീട് പ്രിയദർശൻ ചിത്രമായ കടത്തനാടൻ അമ്പാടിയിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് തിരിച്ചുവരുന്നത്. തുടർന്ന് പ്രിയദർശൻ ചിത്രങ്ങളായ ചിത്രം, ഒരു മുത്തശ്ശിക്കഥ, വന്ദനം എന്നീ സിനിമകളിൽ പാടുകയും അവയെല്ലാം ഹിറ്റാവുകയും ചെയ്തു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാളത്തില്‍ മുന്‍നിരയിലേക്ക് വളര്‍ന്ന സുജാതയ്ക്ക് പക്ഷെ യുഗ്മഗാനങ്ങള്‍ പാടാനുള്ള അവസരങ്ങളാണ് കൂടുതലും കിട്ടിയിരുന്നത്. ഔസേപ്പച്ചന്‍, ജോണ്‍സണ്‍ എന്നീ സംഗീത സംവിധായകരാണ് കൂടുതല്‍ അവസരങ്ങള്‍ ഇക്കാലത്ത് നല്‍കിയത്.

1992ൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ പാടിയ റോജയിലെ "പുതുവെള്ളൈ മഴൈ.. എന്ന ഗാനം വലിയ തരംഗമായതോടെ തെന്നിന്ത്യയില്‍ മൊത്തം പ്രശസ്തയായി. തുടർന്ന് തമിഴിൽ ധാരാളം ഗാനങ്ങൾ സുജാതയുടെതായി പുറത്തിറങ്ങി. അവയിൽ കൂടുതൽ ഹിറ്റുകളും എ ആർ റഹ്മാനോടൊപ്പമുള്ളവയായിരുന്നു. സുജാതയുടെ ശബ്ദത്തില്‍ പ്രണയഗാനങ്ങള്‍ക്ക് കിട്ടിയ സവിശേഷ സൗന്ദര്യം ആദ്യം റഹ്മാനും പിന്നീട് മറ്റ് സംഗീത സംവിധായകരും തിരിച്ചറിഞ്ഞു. അത് സുജാതയ്ക്ക് മലയാളത്തില്‍ വലിയൊരു ബ്രേയ്ക്ക് കിട്ടുന്നതിന് കാരണമായി.

1996ല്‍ വിദ്യാസാഗറിന്റെ മലയാളത്തിലേക്കുള്ള വരവാണ് സുജാതയുടെ കരിയറില്‍ നിര്‍ണ്ണായകമായത്. വിദ്യാസാഗറിന്റെ സംഗീതത്തില്‍ സോളോകളും യുഗ്മഗാനങ്ങളുമായി ഒന്നിനുപുറകെ ഒന്നായി ഹിറ്റുകള്‍ വന്നപ്പോള്‍ സുജാതയുടെ താരമൂല്യത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായി. തുടര്‍ന്നു വന്ന എം ജയചന്ദ്രനും രമേശ്‌ നാരായണനും ഒരുപാട് മികച്ച ഹിറ്റുകള്‍ സുജാതയ്ക്ക് നല്‍കി. സീനിയര്‍ സംഗീത സംവിധായകരായ ജോണ്‍സണ്‍, ഔസേപ്പച്ചന്‍, രവീന്ദ്രന്‍ തുടങ്ങിയവരും കൂടുതലായി സുജാതയെ പരിഗണിക്കാന്‍ തുടങ്ങിയതോടെ സുജാതയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ ആയിരുന്നു 1996 മുതല്‍ 2010 വരെ.

മലയാളം,തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലായി 10000 ത്തിൽ അധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായികയായ ശ്വേത മോഹൻ മകളാണ്.

1996, 1998, 2006 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന പുരസ്കാരവും 1993, 1996, 2001 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സംസ്ഥാന പുരസ്കാരവും നേടി. കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2019ലെ തമിഴ്‌നാട് സര്‍ക്കാരിന്‍റെ പരമോന്നത കലാ - സാംസ്കാരിക പുരസ്കാരം ആയ കലൈമാമണി പുരസ്കാരം നല്‍കി ആദരിച്ചു.