ബാദുഷ

Badusha

കൊച്ചിൻ ഹനീഫയുടെ മരുമകൻ. കലൂരിലെ സെവന്‍ത്‌ ഡേ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോൾ സ്കൂളിലെ പുഞ്ചിരി മത്സരത്തിനു ഒന്നാം സമ്മാനം നേടിയത് ബാദുഷയെ സിനിമയിൽ എത്തിച്ചു. ആ മത്സരത്തിന്റെ വിധികർത്താവായിരുന്ന സംവിധായകൻ അശോകൻ (അശോകൻ - താഹ കൂട്ടുകെട്ടിലെ അശോകൻ ) സാന്ദ്രം എന്ന ചിത്രത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി അഭിനയിക്കാൻ ക്ഷണിക്കയായിരുന്നു. പിന്നീട് വ്യൂഹത്തിൽ സുകുമാരന്റെ മകന്റെ കഥാപാത്രമായി അഭിനയിച്ചു. അതിനു ശേഷമാണ് പപ്പയുടെ സ്വന്തം അപ്പൂസിൽ അഭിനയിക്കുന്നത്. ആ ചിത്രത്തിലെ അഭിനയത്തിനു ആ വർഷത്തെ മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരം ബാദുഷയെ തേടിയെത്തി. ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് കൂടുതൽ സിനിമകളിൽ ബാദുഷ അഭിനയിച്ചില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പ്ലസ്‌ടു കഴിഞ്ഞതിനുശേഷം സെന്റ്‌ ആല്‍ബര്‍ട്‌സ് കോളജില്‍നിന്നും ബീകോം ബിരുദം കരസ്ഥമാക്കി. പിന്നീട് ആലുവ എം.ഇ.എസില്‍ നിന്ന്‌ എം.ബി.എ. ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വകാര്യബാങ്കിൽ ജോലി നോക്കുന്നു. നീണ്ട ഇടവേളക്ക് ശേഷം സുഹൃത്തു കൂടിയായ ഫാസിൽ ബഷീർ സംവിധാനം ചെയ്യുന്ന മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരികെ വന്നു.