രാജേഷ് മാധവൻ

Rajesh Madhavan

കാസർഗോട് പെർലടുക്ക സ്വദേശി. കെ മാധവൻ, രത്നാവതി എന്നിവരുടെ മകനായി ജനനം. രാജി, ശ്രീജി തുടങ്ങിയവർ സഹോദരിമാരാണ്. കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക കുണ്ടംകുഴി സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സ്കൂളിൽ വച്ച് തന്നെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങി. കാസർഗോഡ് കുറ്റിക്കോലിൽ കുട്ടികളുടെ നാടകക്കളരിയായ സൺഡേ തിയറ്ററിലൂടെ സ്ഥിരമായി നാടകങ്ങളിൽ ഭാഗമായി. നാടക നടനെന്ന നിലയിൽ നല്ലൊരു അഭിനേതാവിലേക്ക് രൂപപ്പെടാൻ സഹായിച്ചത് ‌സൺഡേ തിയറ്ററിലൂടെയാണ്.  ബിരുദത്തിനു ശേഷം കൊച്ചിയിൽ അമൃത കോളേജിൽ പഠിച്ചു. ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകളിൽ ജോലി ചെയ്ത ശേഷം സജിൻ ബാബുവിന്റെ അസ്തമനം വരെ എന്ന സിനിമയിൽ പ്രൊഡക്ഷൻ കണ്ട്രോളറായി തുടക്കമിട്ടു. സുഹൃത്തായ രവിശങ്കറുമൊപ്പം Knife in the bar എന്ന ഷോർട് ഫിലിം പൂർത്തിയാക്കി. രവിശങ്കർ വഴിയാണ് ആഷിഖ് അബുവിന്റെ റാണിപത്മിനിയിലെ ഒരു അഭിനേതാവായി സിനിമാ രംഗത്ത് തുടക്കമിടുന്നത്.

തുടർന്ന് ആഷിഖ് അബു, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെയൊക്കെ സിനിമകളിൽ അഭിനേതാവായും സംവിധാന സഹായിയായും സഹസവിധായകനായും ഒക്കെ സഹകരിച്ച് സിനിമാ രംഗത്ത് സജീവമായി. ഏറെ സിനിമകളിൽ ശ്രദ്ധേയമായ റോളൂകൾ കൈകാര്യം ചെയ്ത രാജേഷ് പല സിനിമകളുടെയും കാസ്റ്റിംഗ് ഡയറക്റ്ററായും രംഗത്ത് സജീവമാണ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം മികച്ച ചിത്രമായ തിങ്കളാഴ്‌ച നിശ്ചയമെന്ന സിനിമയുടെ കാസ്റ്റിംഗ് നിർവ്വഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേർന്നാണ്. ദിലീപ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയിൽ സഹസംവിധായകനായിരുന്നു. 

മഹേഷിന്റെ പ്രതികാരത്തിലെ രാജേഷിന്റെ സൈക്കിളുകാരൻ പയ്യന്റെ വേഷം മീമുകളിലൂടെ ഇന്റർനെറ്റിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. പുറത്ത് വരാനിരിക്കുന്ന കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 

രാജേഷ് മാധവന്റെ  ഫേസ്ബുക്ക് പ്രൊഫൈൽ