ശ്രീകുമാരൻ തമ്പി

Name in English: 
Sreekumaran Thampi
കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി 1940 മാർച്ച് 16 നു ഹരിപ്പാട്ട് ജനിച്ചു.കവി,നോവലിസ്റ്റ്,ചലച്ചിത്ര ഗാന രചയിതാവ്,സംഗീത സംവിധായകൻ,നിർമ്മാതാവ്,സംവിധായകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി വിളങ്ങുന്നു.എഞിനീയറിംഗിൽ ബിരുദധാരിയാണു.കോഴിക്കോട് അസിസ്റ്റന്റ് ടൗൺ പ്ലാനറായിരിക്കേ ഉദ്യോഗം രാജി വെച്ചു.1960 ൽ പ്രഥമ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. കാക്കത്തമ്പുരാട്ടി,കുട്ടനാട് എന്നീ നോവലുകൾ ,എഞ്ചിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ എന്നീ കവിതാസമാഹാരങ്ങൾ, ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ- കണക്കും കവിതയും എന്നിവയാണു പ്രസിദ്ധകൃതികൾ.ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ്,ഫിലിം ഫാൻസ് അവാർഡ്,ഫിലിം ക്രിട്ടിക്സ് അവാർഡ്,സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ്,ഗാനം,മോഹിനിയാട്ടം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ്,ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള പ്രേംനസീർ പുരസ്കാരം,കവിതക്കുള്ള മൂലൂർ അവാർഡ്,കൃഷ്ണ ഗീതി പുരസ്കാരം,പ്രവാസകൈരളി അവാർഡ്,തുടങ്ങിയ അവാർഡുകൾ ലഭിച്ചു. 2018ൽ  കേരള സംസ്ഥാന സർക്കാരിന്റെ പരമോന്നത സിനിമാ അവാർഡായ ജെ സി ദാനിയേൽ പുരസ്ക്കാരം അദ്ദേഹത്തിന് ലഭ്യമായി.   22 കഥാചിത്രങ്ങളും 6 ടി വി പരമ്പരകളും നിർമ്മിച്ചു.ദേശീയ ഫിലിം അവാർഡ് കമ്മറ്റിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.ഭാര്യ : രാജേശ്വരി, മക്കൾ : കവിത,പരേതനായ രാജകുമാരൻ തമ്പി.