പുത്തേഴത്തു രാമൻ മേനോൻ

Puthezhathu Raman Menon
Date of Birth: 
തിങ്കൾ, 19 October, 1891
Date of Death: 
Saturday, 22 September, 1973
സംഭാഷണം: 1
തിരക്കഥ: 1

തൃശ്ശൂർ ജില്ലയിലെ മണലൂരിലെ കൊട്ടക്കാട്ട് പരമേശ്വര മേനോന്റെയും പുത്തേഴത്ത്‌ പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബർ 19 ആം തിയതി രാമൻ മേനോൻ ജനിച്ചു.

അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചുപോയത് കൊണ്ട് ഇദ്ദേഹത്തെ വളര്‍ത്തിയത് അമ്മാവനായ പുത്തേഴത്ത്‌ കുഞ്ഞുണ്ണി മേനോനായിരുന്നു.

തൃശൂരിലെ സ്കൂള്‍ പഠനശേഷം എറണാകുളം മഹാരാജാസ് കലാലയത്തില്‍ നിന്നും ഇന്റർമീഡിയേറ്റും, ബി എ ഡിഗ്രിയും എടുത്ത ഇദ്ദേഹം മദിരാശി സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദം നേടി. തുടർന്ന് വക്കീലായി ജോലിയിൽ കയറിയ ഇദ്ദേഹം കൊച്ചി മഹാരാജാവിന്റെ സര്‍വാധികാര്യക്കാരനായിരുന്നു.

കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരൻ, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശ്ശൂരിന്റേയും ചരിത്രത്തിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം അദ്ധ്യക്ഷൻ ആയിരുന്നപ്പോളായിരുന്നു ജ്ഞാനപീഠം പുരസ്കാരം നിലവിൽ വന്നത്.

ശക്തൻ തമ്പുരാൻ എന്ന ഗ്രന്ഥത്തിലൂടെ ചരിത്രകാരനായ ഇദ്ദേഹം ഹിന്ദുമതവും സംസ്കാരവും, സഹസ്രകിരണനായ ടാഗോർ എന്നീ പഠന ഗ്രന്ഥങ്ങളും ചതുരാധ്യായി എന്ന നോവലും കേരളത്തെ അറിയുക, തൃശ്ശൂർ - ട്രിച്ചൂർ എന്നീ ഉപന്യാസങ്ങളും കുട്ടികളെ നിങ്ങൾ ഈ ആളെ അറിയുമോ? എന്ന ബാല സാഹിത്യവും എഴുതിയീട്ടുണ്ട്. 

1948 ൽ ഇറങ്ങിയ മലയാളത്തിലെ നാലാമത്തെ ചലച്ചിത്രമായ നിർമ്മലയുടെ  തിരക്കഥയും സംഭാഷണവും എഴുതിയത് അദ്ദേഹമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ സാമൂഹ്യജീവിതത്തിലും സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇദ്ദേഹം ഉപന്യാസകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ്യസാഹിത്യകാരൻ, ചലച്ചിത്രകാരൻ എന്നീ നിലകളിൽ തന്റെ കയ്യൊപ്പു ചാർത്തിയ വ്യക്തിത്വമായിരുന്നു.

ആ ബഹുമുഖ പ്രതിഭ 1973 സെപ്റ്റംബർ 22 ആം തിയതി തന്റെ 82 ആം വയസ്സിൽ അന്തരിച്ചു.

മൂത്തേടത്ത് ജാനകിയമ്മയാണ്‌ ഭാര്യ. ഇദ്ദേഹത്തിന് 5 ആണ്മക്കളും 5 പെണ്മക്കളും ആയി 10 മക്കളുണ്ടായിരുന്നു.