ഫിലിപ്പ് വി ഫ്രാൻസിസ്

Philip V Francis

അകാലത്തിൽ അന്തരിച്ച സംഗീത പ്രതിഭ. 1964 നവംബർ 5ന് തൃശൂരിൽ ജനിച്ച ഫിലിപ്പ് തൃശൂരിലെ നീലാംബരി എന്ന സംഗീതട്രൂപ്പിൽ കോംഗോ പ്ലേയറായാണ് സംഗീത ജീവിതം ആരംഭിച്ചത്.. സുഹൃത്തും സംഗീതജ്ഞനുമായിരുന്നു ജീബോയിയിൽ നിന്നാണ് ഡ്രംസ് അഭ്യസിച്ചത്. തുടർന്ന് ഡൽഹി ഖരാനയിലെ ഉസ്താദ് ഫയാസ് ഖാന്റെ കീഴിൽ തബല അഭ്യസിച്ചു. തിരികെ വന്ന ശേഷം കർണ്ണാടക സംഗീതവും മൃദംഗവും പഠിച്ചു. വെസ്റ്റേൺ മ്യൂസിക്കിലും ഗിറ്റാറിലും അവഗാഹം നേടിയ ശേഷം പള്ളികളിലെ ക്വയർ, മറ്റ് സൗഹൃദ സംഘങ്ങൾ  എന്നിവയിലൂടെ സംഗീത പരിപാടികൾ, ഗസലുകൾ തുടങ്ങിയവ അവതരിപ്പിച്ച് ശ്രദ്ധ നേടി. സംഗീത സംവിധായകന്റെ അസിസ്റ്റന്റായി ഇക്കാലയളവിൽ ജോലി ചെയ്തു. ദൂരദർശന്റെയും ദേശീയ ശ്രദ്ധ നേടിയ സംഗീത പ്രോഗ്രാമുകളിലുമൊക്കെ തബല വാദകൻ ആയിരുന്ന ഫിലിപ്പ് ഓൾ ഇന്ത്യാ റേഡിയോയുടെ ഗ്രേഡഡ് ആർട്ടിസ്റ്റ് കൂടിയായിരുന്നു. ഗസലുകളും മറ്റും അവതരിപ്പിച്ച് പോന്ന ഫിലിപ്പ്  ഗായത്രി അശോകൻ, അൽഫോൻസ് ജോസഫ് തുടങ്ങിയ സംഗീതജ്ഞരിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. നിരവധി ആൽബങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുള്ള ഫിലിപ്പ് സിനിമയിലും പങ്കാളിയായിരുന്നു.

2008 മാർച്ച് നാലിനു ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽ ഫിലിപ്പ് മരണമടഞ്ഞു. ഭാര്യയും മകനുമടങ്ങുന്നതാണ് കുടുംബം. ഫിലിപ്പിന്റെ ഓർമ്മയ്ക്കായി "പിയാനോ" എന്ന ഒരു സംഘടനയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രൂപം കൊടുത്തിരുന്നു. എല്ലാ വർഷവും സംഗീത പരിപാടികൾ തൃശൂരിൽ അവതരിപ്പിക്കപ്പെടുന്നു. എസ് ജാനകിയും ഉസ്താദ് ഫയാസ് ഖാനുമാണ് പിയാനോയുടെ ആദ്യ ഷോ ഉദ്ഘാടനം ചെയ്തിരുന്നത്.