പ്രതാപ് ജോസഫ്

Prathap Joseph
Date of Birth: 
Thursday, 19 April, 1979
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 3

ചലച്ചിത്ര സംവിധായകൻ, മാധ്യമ പ്രവർത്തകൻ. 1979 ഏപ്രിൽ 19 ന് കാസർകോഡ് ജില്ലയിലെ മാലൻ കടവിൽ ജനിച്ചു.  പാലാവയൽ സെന്റ് ജോൺസ് സ്‌കൂൾ, പയ്യന്നൂർ കോളേജ്, കണ്ണൂർ എസ്സ്. എൻ.കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മാനാഞ്ചിറ ബി.എഡ്. കോളേജ് (പൂർത്തിയാക്കിയില്ല), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് (പൂർത്തിയാക്കിയില്ല), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം കോഴിക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാധ്യമപ്രവര്‍ത്തകനായി, ഫ്രീലാന്‍ഡ് സിനിമാട്ടോഗ്രഫർ എന്ന നിലയിലെല്ലാം പ്രശസ്തനായ പ്രതാപ് ജോസഫ് ഒട്ടനവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. റഷ്യന്‍ തര്‍ക്കോവിസ്‌കി പുരസ്‌കാരവും, മികച്ച ഛായാഗ്രാഹകനുള്ള പി.ജെ ആന്റണി പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.

2005 ൽ ആദ്യ ഹ്രസ്വചിത്രം "ഫ്രെയിം" സംവിധാനം ചെയ്തു. 2010 മുതൽ സിനിമയിൽ സജീവം.13 ഫീച്ചർ സിനിമകളുടെ കാമറമാനായി പ്രവർത്തിച്ചു. നാല് ഫീച്ചർ സിനിമകളും 3 ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. മുപ്പതോളം ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും കാമറാമാനായി പ്രവർത്തിച്ചു.
2013 ൽ ലളിതകലാ അക്കാദമി ഫോട്ടോഗ്രഫി ഫെല്ലോഷിപ്പ്, വിമൻസസ് ഡോക്യുമെന്ററിയുടെ കാമറയ്ക്ക് മികച്ച ഡോക്യുമെന്ററി കാമറാമാനുള്ള പി.ജെ.ആന്റണി അവാർഡ്, സെക്സി ദുർഗയുടെ കാമറയ്ക്ക് തർക്കോവ്സ്കി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡ് എന്നിവ ലഭിച്ചു. 

കുറ്റിപ്പുറം പാലം (2014) അവൾക്കൊപ്പം(2016) രണ്ടുപേർ ചുംബിക്കുമ്പോൾ(2017)
ഒരു രാത്രി ഒരു പകൽ (2019) എന്നിവയാ പ്രതാപ് ജോസഫിന്റെ ഫീച്ചർ സിനിമകൾ. ഇവയുടെ  കഥ, തിരക്കഥ, സംഭാഷണം, കാമറ, സംവിധാനം ഒക്കെ പ്രതാപ്  തന്നെ ചെയ്തു.  ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സുദേവൻ സംവിധാനം ചെയ്ത സി ആർ നമ്പർ 89, അകത്തോ പുറത്തോ; ഡോൺ പാലത്തറയുടെ ശവം; ജിജു ആൻ്റണിയുടെ ഏലി ഏലി ലാമ സബാച്തനി; സനൽകുമാർ ശശിധരൻ്റെ സെക്സി ദുർഗ, ഉന്മാദിയുടെ മരണം എന്നിവ അതിൽ ചിലതാണ്.ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ശ്രദ്ധേയമായ നിരവധി മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഒരു രാത്രി ഒരു പകൽ. സദാചാര കൊലപാതകം പ്രമേയമായ ഈ സ്വതന്ത്ര സിനിമ നിർമിക്കപ്പെട്ടത് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ്.