പി കെ മേദിനി

P K Medini
P K Medini
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 2

1933 ആഗസ്റ്റിൽ ആലപ്പുഴയിലെ ചീരഞ്ചിറയിൽ ജനിച്ച പി കെ മേദിനി കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. നാടകനടി,പുന്നപ്ര-വയലാർ സമരസേനാനി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിയ്ക്കുകയും വിപ്ലവഗായിക എന്ന നിലയിൽ അതിപ്രശസ്ത ആവുകയും ചെയ്ത പി കെ മേദിനി, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിയുറച്ച അനുഭാവിയും സംഘാടകയുമാണ്.

പുന്നപ്ര-വയലാർ സമരങ്ങളിൽ ശിക്ഷിയ്ക്കപ്പെട്ട ടി വി തോമസ്,ആർ സുഗതൻ,കെ ആർ ഗൗരിയമ്മ തുടങ്ങിയ സമരസഖാക്കൾക്ക് നൽകിയ സ്വീകരണങ്ങളിൽ പാടിയിരുന്ന മേദിനി അധികം വൈകാതെ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മിയ്ക്ക പൊതുസമ്മേളനങ്ങളിലെയും സ്ഥിരം പാട്ടുകാരി ആയി. നാടകം,പാട്ട്  തുടങ്ങിയ ജനകീയകലകളിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജനങ്ങളിലേയ്ക്കെത്തിയ്ക്കാൻ ശ്രമിച്ചവരിലെ മുൻനിരക്കാരിയായ പി കെ മേദിനിയ്ക്ക് കലാകേരളം, വിപ്ലവത്തിന്റെ വാനമ്പാടി എന്ന് വിശേഷണം ചാർത്തിക്കൊടുത്തു. കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച വിപ്ലവഗാനങ്ങൾക്ക് പുറമേ,ഇരുന്നൂറോളം വേദികളിൽ കെടാമംഗലം സദാനന്ദനോടൊത്ത് "സന്ദേശം" എന്ന നാടകത്തിലും പി ജെ ആന്റണിയോടൊപ്പം "ഇങ്ക്വിലാബിന്റെ മക്കൾ" എന്ന നാടകത്തിലും വേഷമിട്ടു. 2014ലെ "വസന്തത്തിന്റെ കനൽ വഴികൾ" എന്ന സിനിമയിൽ നായികാവേഷം ചെയ്തു. അതോടൊപ്പം ആ സിനിമയിൽ സംഗീതസംവിധാനം നിർവഹിയ്ക്കുകയും പിന്നണി പാടുകയും ചെയ്തു ഈ വിപ്ലവഗായിക.

കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐയുടെ കൂടെ ഉറച്ചു നിന്ന അവർ ഇപ്പോൾ സിപി ഐ ജില്ലാ കമ്മറ്റി അംഗം,നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഡ്യൻ വുമണിന്റെ ദേശീയ നിർവ്വഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിയ്ക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രെസിഡന്റ്,ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡെന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ചീരഞ്ചിറയിലെ പുത്തൻ പുരയ്ക്കൽ വീട്ടിൽ കങ്കാളി,പാപ്പി എന്നിവരാണ് മാതാപിതാക്കൾ. വടക്കൻപാട്ട് സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തനായ ശാരംഗപാണി മേദിനിയുടെ ഒരു സഹോദരനാണ്. മറ്റു 11 സഹോദരങ്ങൾ.

 ചിത്രത്തിനു കടപ്പാട്:വിക്കിമീഡിയ കോമൺസ്.