ജെയിൻ സിറിയക് ബാബു

Jain Syriac Babu

മലപ്പുറം നിലമ്പൂർ സ്വദേശിയാണ് ജെയിൻ ബാബു. സ്ക്കൂൾ പഠനകാലത്തുതന്നെ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന ജെയിൻ അമച്വർ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. കോട്ടയം ബിസിഎം കോളേജിൽ പി ജിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന സമയത്ത് അവിടെ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്കിന്റെ ഫീൽഡ് ആക്ഷൻ പ്രൊജക്റ്റായ ചൈൽഡ് സെക്ഷ്വൽ അഭ്യൂസിനെതിരെയുള്ള ഒരു നാടകം കളിയ്ക്കുന്നു. ഉൾവനം എന്ന ആ നാടകത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ജെയിൻ അവതരിപ്പിച്ചു. 2008 -ലെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ ഉൾവനം അവതരിപ്പിയ്ക്കുകയും ജെയിൻ സിറിയക് ബാബു മികച്ച നടനായി  തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ നാടകം കണ്ട സംവിധായകൻ പത്മകുമാർ ശിക്കാർ എന്ന തന്റെ സിനിമയിലേയ്ക്ക് ജെയിനെ തിരഞ്ഞെടുത്തു.

മോഹൻലാലിന്റെ വില്ലനായിട്ടായിരുന്നു ശിക്കാറിൽ ജെയിൻ അഭിനയിച്ചത്. ശിക്കാറിന് വേണ്ടി ഒന്നരവർഷത്തിലധികം ആയോധനകലകൾ ജെയിൻ അഭ്യസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകപ്രശംസ നേടി. തുടർന്ന് 2016 -ൽ ജലം,  2017-ൽ വിത്ത് എന്നീ സിനിമകളിൽ അഭിനയിച്ചു. നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ജെയിൻ സിറിയക് ബാബു നാടകരംഗത്ത് സജീവമായി തുടരുന്നു.