സ്വർണമാല്യ

Swarnamalya

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദവും നൃത്തചരിത്രത്തിൽ പി എഛ് ഡിയും നേടിയിട്ടുള്ള നർത്തകിയാണ് സ്വർണമാല്യ. നിരവധി നൃത്തപരിപാടികൾക്കു പുറമേ,ടെലിവിഷൻ ചാനൽ അവതാരിക എന്ന നിലയിലാണ് സ്വർണമാല്യ പ്രശസ്തയായത്. സൺ ടിവിയിലെ "ഇളമൈ പുതുമൈ" എന്ന പരിപാടി വളരെക്കാലം അവതരിപ്പിച്ചു.അതിനെത്തുടർന്ന് തമിഴ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സ്വർണമാല്യയെ "അലൈ പായുതേ" എന്ന ചിത്രത്തിൽ നായിക ശാലിനിയുടെ സഹോദരീവേഷത്തിലൂടെ മണിരത്നം ആണ് സിനിമയിൽ അവതരിപ്പിയ്ക്കുന്നത്. "എന്നിട്ടും" എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അഭിനയം തുടങ്ങി.

ശ്രീമതി കെ ജെ സരസ,ശ്രീ കലാക്ഷേത്ര ബി സീതാരാമ ശർമ്മ എന്നിവരുടെ കീഴിൽ നൃത്തം അഭ്യസിച്ചിട്ടുള്ള സ്വർണമാല്യ പതിനേഴാം വയസ്സിൽ യുവകലാ ഭാരത് പുരസ്കാരം നേടിയിരുന്നു. കാലിഫോർണിയ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയത്തിലും സംവിധാനത്തിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയിട്ടുണ്ട്.