കാജൽ കിരൺ

Kajal Kiron

മറാത്തി കുടുംബത്തിൽ നിന്നും ബോളീവുഡിൽ എത്തിയ സുനിതാ കുൽക്കർണ്ണിയാണ് പിന്നീട് നാമറിയുന്ന കാജൽ കിരൺ എന്ന നായികയായി മാറിയത്. ഋഷികപൂറിനൊപ്പം 1977-ൽ ഹം കിസി സേ കം നഹീ എന്ന മെഗാഹിറ്റ്  ബോളീവുഡ്  ചിത്രത്തിലാണ് കാജൽ കിരൺ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ മിഥുൻ ചക്രവർത്തിയുടെ നായികയായ വർഡാത്ത്, ഹംസേ ബഡ്കർ കോൻ എന്നിവയാണ് കാജലിനെ ഒരു സൂപ്പർഹിറ്റ് നായികയാക്കി മാറ്റിയത്. തുടർന്ന് എൺപതുകളുടെ അവസാനം സഹനടിയായും നൃത്തരംഗങ്ങളിലും പ്രത്യക്ഷപ്പെട്ടു. കഴിവും വിജയവും സൗന്ദര്യവുമുണ്ടായിട്ടും ഏറെക്കാലം നായികയായി പിടിച്ചു നിൽക്കാൻ കാജൽ കിരണിന് കഴിഞ്ഞില്ല.

 എൺപതുകളിലെ സൂപ്പർഹിറ്റ് സംവിധായകന്‍ സാജൻ സംവിധാനം ചെയ്ത ചക്കരയുമ്മയിലൂടെയാണ് 1984ൽ കാജൽകിരൺ മലയാളത്തിലെത്തുന്നത്. മമ്മൂട്ടിയുടെ നായികയായ ആ ചിത്രത്തിൽ വിനീതയായി കാജൽ കിരൺ മനം കവർന്നു.

ചക്കരയുമ്മയ്ക്ക് ശേഷം എം.ടി-
ഐ.വി.ശശി ടീമിൻറെ സൂപ്പർഹിറ്റ് ചിത്രമായ ഉയരങ്ങളിൽ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി. പിന്നീട് ഈ ലോകം ഇവിടെ കുറെ മനുഷ്യർ എന്നീ മലയാളം ചിത്രത്തിലും അഭിനയിച്ചു.

എൺപതുകളുടെ അവസാനം വിവാഹിതയായി നെതർലാൻഡിൽ സ്ഥിരതാമസമാക്കി.