ജനനി അയ്യർ

Janani Iyer

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1989 മാർച്ച് 31 ന്  ചെന്നൈയിലെ കത്തിവക്കം എന്ന ഗ്രാമത്തിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. ഡി എ വി ഗോപാലപുരം സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജനനി, ചെന്നൈയിലെ സവിത എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി.

പഠനത്തിനു ശേഷം മോഡലിംഗ് ഒരു പ്രൊഫഷനായി തിരഞ്ഞെടുത്ത ജനനി 150 ലധികം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009 ൽ തിരു തിരു തിരു എന്ന തമിഴ് ചിത്രത്തിൽ ഒരു മോഡലിന്റെ  വേഷം ചെയ്തുകൊണ്ടാണ് ജനനി അയ്യർ സിനിമയിലേയ്ക്ക് ചുവടുവെക്കുന്നത്. 2010 ൽ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിൽ ചെറിയൊരു റോൾ ചെയ്തു. ബിരുദ പഠനത്തിന് ശേഷം ഓസ്‌ട്രേലിയയിലെ വോലോൻഗോംഗ് സർവകലാശാലയിൽ ജനനിക്ക് സീറ്റ് ലഭിച്ചു. ആ സമയത്താണ് തമിഴ് ചിത്രമായ അവൻ ഇവൻ എന്ന ചിത്രത്തിൽ നായികയായി അവസരം ലഭിയ്ക്കുന്നത്. ആ സിനിമയിൽ അഭിനയിക്കുന്നതിനുവേണ്ടി വോലോൻഗോംഗ് സർവകലാശാലയിലെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അവൻ ഇവൻ എന്ന സിനിമയിലെ ജനനിയുടെ അഭിനയം നിരൂപക പ്രശംസ നേടി. തുടർന്ന് പാഗൻ, തെഗിഡി.. എന്നിവയുൾപ്പെടെ പത്തോളം തമിഴ് സിനിമകളിൽ അഭിനയിച്ചു.

ജനനി അയ്യരുടെ ആദ്യ മലയാള ചിത്രം 2013 ൽ ഇറങ്ങിയ 3 ഡോട്സ് ആയിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ്  അഭിനയിച്ചത്. അതിനുശേഷം പൃഥ്വിരാജ് ചിത്രമായ സെവൻത് ഡേ യിൽ ജനനി നായികയായി. കൂതറ, മോസയിലെ കുതിര മീനുകൾ എന്നിവയുൾപ്പെടെ ഏഴ് മലയാള ചിത്രങ്ങളിൽ ജനനി അയ്യർ അഭിനയിച്ചിട്ടുണ്ട്.

തമിഴ് ടെലിവിഷൻ ഷോയായ ബിഗ്ബോസിൽ ജനനി പങ്കെടുത്തിട്ടുണ്ട്.