കൈലാസി ബി വിഷ്ണുപ്രകാശ്

Vishnu Prakash
വിഷ്ണുപ്രകാശ്
Kailasi B Vishnuprakash
വിഷ്ണു പ്രകാശ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി. ഹോമിയോ ഡോക്ടറായിരുന്നു അച്ഛൻ. കായംകുളം MSM കോളേജിൽ പഠിച്ച കാലയളവിൽ കോളേജിലെ യൂണിയൻ ചെയർമാനും ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു വിഷ്ണുപ്രകാശ്. കോളേജ് യൂണിയൻ പരിപാടിക്ക് പല പ്രാവശ്യം  തോപ്പിൽ ഭാസിയെ കോളേജിലെ പരിപാടിക്ക് ക്ഷണിക്കാൻ പോയി പരിചയപ്പെട്ടതാണ് വിഷ്ണുപ്രകാശിന് നാടകത്തിൽ തുടങ്ങാനുള്ള അവസരമായത്. ഹയർ സർവേയും ബിൽഡിംഗ് ടെക്നോളജിയുമൊക്കെ പഠിച്ച് വിദേശത്ത് പോവാനുള്ള അവസരം നോക്കിയിരുന്ന വിഷ്ണുപ്രകാശിനെ തോപ്പിൽ ഭാസി തന്നെയാണ് KPAC എന്ന നാടകട്രൂപ്പിലേക്ക് ക്ഷണിച്ചത്. 1980ൽ ഭാസിയുടെ "കയ്യും തലയും പുറത്തിടരുത്" എന്ന നാടകത്തിൽ അഭിനയിച്ച് കൊണ്ട്  പ്രൊഫഷണലായി തുടക്കമിട്ടു. തിരുവനന്തപുരത്ത് നടന്ന നാടകമേളയിൽ കയ്യും തലയും പുറത്തിടരുത്, ഭഗവാൻ കാലുമാറി, മുടിയനായ പുത്രൻ തുടങ്ങിയ കെപിഎസി നാടകങ്ങളൊക്കെ കണ്ട് ഇഷ്ടപ്പെട്ട നാടകപ്രേമികളായ സംവിധായകൻ പത്മരാജനും അദ്ദേഹത്തിന്റെ പത്നിയും വിഷ്ണുപ്രകാശിനെ അഭിനന്ദിച്ചിരുന്നു. തുടർന്ന് പത്മരാജന്റെ "നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി"ലെ വക്കച്ചൻ എന്ന വേഷത്തിനു പരിഗണിക്കുകയായിരുന്നു. പിന്നീട് ഏറെ സിനിമകളിൽ വേഷമിട്ട വിഷ്ണുപ്രകാശ് ടിവി സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിലും ഏറെ പരിചിതനായി.

വലിയ ശിവഭക്തനായ വിഷ്ണുപ്രകാശ്, കൈലാസി വിഷ്ണുപ്രകാശെന്നും അറിയപ്പെടുന്നു. ഭാര്യയും അരുൺ പി ദേവ്, ഡോ.ഗോവിന്ദ് പി ദേവ് എന്ന രണ്ട് ആണ്മക്കൾക്കുമൊപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.

ഈ പ്രൊഫൈലിന്റെ കൂടെ വിവരശേഖരണത്തിനായി ചേർത്തിരിക്കുന്ന ഓഡിയോക്ക് കടപ്പാട് : ആനീസ് കിച്ചൺ പ്രോഗ്രാം, അമൃത ടിവി