വി കെ എൻ

V K N
Picture of VKN--Malayalam Writer
Date of Birth: 
Saturday, 9 April, 1932
Date of Death: 
Sunday, 25 January, 2004
AttachmentSize
Image icon VKN 20.34 KB
വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ
Vadakke kuttala Narayanankutti Nair
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ ജനിച്ചു. വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ എന്നാണു പൂർണ്ണനാമം. മെട്രിക്കുലേഷനുശേഷം 9 വർഷത്തോളം മലബാർ ദേവസ്വംബോർഡിൽ ജോലിചെയ്തു. 1959 മുതൽ പത്തുവർഷത്തോളം ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്നു.  ഇക്കാലത്ത് ശങ്കേഴ്സ് വീക്ക്ലി, സ്റ്റേറ്റ്സ്മാൻ എന്നിവയിൽ പംക്തികൾ കൈകാര്യംചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പല പകിടകളികളും മനസ്സിലാക്കുവാൻ ഈ ഊഴം അദ്ദേഹത്തെ സഹായിച്ചു.  1955 മുതൽ സാഹിത്യരംഗത്തു പ്രവർത്തിച്ചു തുടങ്ങിയ വി കെ എൻ കേരളസാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡന്റായും കിള്ളിക്കുറിശ്ശിമംഗലത്ത് കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു. 

കഥ, നോവൽ, നർമ്മലേഖനങ്ങൾ എന്നീവിഭാഗങ്ങളിലായി മുപ്പതിൽപ്പരം കൃതികൾ അദ്ദേഹമെഴുതി. ബൗദ്ധികപരമായി ഔന്നത്യം പുലർത്തുന്ന ഹാസ്യത്തിന്റെ ചേരുവകൊണ്ടു നിർമ്മിച്ചെടുത്ത സ്വന്തം ശൈലിയാൽ അനന്യമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.  അധികാരവ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനശരങ്ങൾ ആ അവനാഴിയിൽനിന്നും രചനകളിലേയ്ക്കു നിരന്തരം അദ്ദേഹം തൊടുത്തു. കഥാപാത്രങ്ങളുടെ സംഭാഷണത്തിന് എഴുത്തുകാരന്റെ തർജ്ജുമയെന്ന രീതി വി കെ എൻ പരീക്ഷിച്ചു വിജയിപ്പിച്ചു. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച കഥകളും നോവലുകളും ഏറെ ജനശ്രദ്ധനേടി.   പയ്യൻ കഥകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആരോഹണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും പിതാമഹന് മുട്ടത്തുവർക്കി അവാർഡും ലഭിച്ചിട്ടുണ്ട്. 

ഭാര്യ: വേദവതിയമ്മ
മക്കൾ: ബാലചന്ദ്രൻ, രഞ്ജന

മലയാളസിനിമയുമായുള്ള ബന്ധം:

വി കെ എന്നിന്റെ "പ്രേമവും വിവാഹവും" എന്ന കഥയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് "അപ്പുണ്ണി." വി കെ എൻ എഴുതിയ ഏക തിരക്കഥയും ഇതാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച "അപ്പുണ്ണി"യുടെ തിരക്കഥയുടെ ആമുഖത്തിൽ സത്യൻ അന്തിക്കാട് ഇങ്ങനെ കുറിക്കുന്നു:

".......താരനിർണ്ണയത്തിൽ വി കെ എൻ ഇടപ്പെട്ടില്ല. പക്ഷേ, ഒരുദിവസം എനിയ്ക്കൊരു പോസ്റ്റുകാർഡു വന്നു. അതിൽ വി കെ എന്നിന്റെ ഒരു വരി: “മറ്റു താരങ്ങൾ ആരായാലും വിരോധമില്ല. മാളുവമ്മ സുകുമാരിയായാൽ നന്ന്. ആയമ്മ ഇപ്പോൾ പൂർവ്വാധികം സുന്ദരിയായിരിക്കുന്നു.”

ചിത്രത്തിനു കടപ്പാട്: നാഷണൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ച വികെഎൻ കളരി എന്ന പുസ്തകം