ആൻഡ്രിയ ജെറമിയ

Name in English: 
Andrea Jeremiah
Andrea Jeremiah
Date of Birth: 
Sat, 21/12/1985

1985 ഡിസംബർ 21ന് ചെന്നൈയിലെ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ പിറന്ന ആൻഡ്രിയ തന്റെ പത്താമത്തെ വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്നു. ചെന്നൈ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആൻഡ്രിയ കോളേജിലെ നാടകങ്ങളിലും സംഗീത പരിപാടികളിലും കഴിവ് തെളിയിച്ചിരുന്നു. ലൈവ് ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുവാൻ തയ്യാറാക്കിയ “ഷോ മസ്റ്റ് ഗോ ഓൺ” എന്ന കമ്പനി രൂപപ്പെടുത്തി. ഗൗതം മേനോന്റെ “വേട്ടയാട് വിളയാട്” എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചു കൊണ്ട് തമിഴ് സിനിമയിലേക്കെത്തി. ഗൗതം മേനോന്റെ തന്നെ ചിത്രമായ “പച്ചക്കിളി മുത്തുച്ചര”ത്തിൽ സഹനായികയായി സിനിമയിലെ അഭിനയരംഗത്തും തുടക്കമിട്ടു. തമിഴ് സിനിമകളിലെ നായികമാർക്ക് ശബ്ദം കൊടുത്ത് ഡബ്ബിംഗ് മേഖലയിലും പ്രാഗൽഭ്യം തെളിയിച്ചു. നിരവധി തമിഴ് സിനിമകളിൽ ഗായികയായും അഭിനേത്രിയായും മികച്ച പ്രകടനം നടത്തിയ ആൻഡ്രിയ കമലഹാസന്റെ "വിശ്വരൂപൻ" എന്ന ചിത്രത്തിലെ നായികയായും അഭിനയിച്ചു. മലയാളത്തിൽ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ  നായികയായി ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വച്ചു. ഹൈക്കോടതി അഭിഭാഷകനായ പിതാവും അമ്മയും അനിയത്തിയുമടങ്ങുന്നതാണ് ആൻഡ്രിയയുടെ കുടുംബം.