രാജേന്ദ്രൻ ഇ എ

Rajendran

തൃശ്ശൂരിലാണ് രാജേന്ദ്രൻ ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ പാരാമിലിറ്ററി ഫോൾസിൽ അംഗമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അമ്മ സ്കൂൾ ടീച്ചറും. നാട്ടിക എസ് എൻ കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷമാണ്  രാജേന്ദ്രൻ അഭിനയരംഗത്തെയ്ക്കിറങ്ങുന്നത്. നാടകവേദികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഡൽഹി ലളിതകലാ അക്കാദമിയിൽ എക്സിബിഷൻ ഓഫീസറായിരുന്ന രാജേന്ദ്രന്റെ ബന്ധുവായ ധർമ്മരത്നത്തിന്റെ സഹായത്തോടെ രാജേന്ദ്രൻ ഡൽഹി നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. തുടർന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം ചേർന്ന് പഠിച്ചു.

പഠനത്തിനുശേഷം പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് ഇ എ രാജേന്ദ്രൻ തന്റെ പ്രൊഫഷന് തുടക്കം കുറിച്ചു. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1981 -ൽ ഗ്രീഷ്മം എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക്  ശേഷം 1993 -ൽ കാവടിയാട്ടം എന്ന ചിത്രത്തിലാണ് രാജേന്ദ്രൻ അഭിനയിയ്ക്കുന്നത്. അതിനുശേഷം അദ്ദേഹം സിനിമകളിൽ സജീവമായി. പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, പൊറിഞ്ചു മറിയം ജോസ് എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം തന്നെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം.

പ്രശസ്ത നാടകാഭിനേതാക്കളായിരുന്നു ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. പ്രശസ്ത ചലച്ചിത്രതാരം മുകേഷ് രജേന്ദ്രന്റെ ഭാര്യാസഹോദരനാണ്.