ജോൺ എബ്രഹാം

John Abraham
JohnAbraham-director-m3db.jpg
Date of Birth: 
Wednesday, 11 August, 1937
Date of Death: 
Sunday, 31 May, 1987
സംവിധാനം: 3
കഥ: 3
സംഭാഷണം: 2
തിരക്കഥ: 2

സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ

"ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍.
"

- ബാലചന്ദ്രൻ ചുള്ളിക്കാട് (എവിടെ ജോൺ?)

വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി കുന്നംകുളത്ത് ജനനം. ബാല്യവും പ്രൈമറി വിദ്യാഭ്യാസവും കുട്ടനാട്ടില്‍. കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റൺ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല.

എന്തിനോടും തന്റേതായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയിരുന്ന ജോൺ സിനിമയിലെ ഒറ്റയാനായ വ്യക്തിത്വമായിരുന്നു. മുത്തച്ഛനായിരുന്നു ജോണിന്റെ സിനിമാ ലോകത്തെ പഠിപ്പുര. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയത്ത് മുത്തച്ഛനോടൊപ്പം ആയിരുന്നു. ആ കാലത്ത് സിനിമയെ കൂടുതല്‍ അറിയാൻ മുത്തച്ഛൻ ജോണിനെ സഹായിച്ചു. 1962- ല്‍ കോയമ്പത്തൂരിലെ എല്‍.ഐ.സി ഓഫീസില്‍ ഉദ്യോഗസ്ഥനായി മൂന്ന് വര്‍ഷം ജോലി ചെയ്തു. പിന്നീട് സിനിമയോടുള്ള അഭിനിവേശം കാരണം ജോലി രാജിവെച്ച് 1965- ല്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നു. 1969- ല്‍ സ്വര്‍ണ്ണ മെഡലോടെ സംവിധാനത്തില്‍ ഡിപ്ലോമ നേടി.

ജനകീയ സിനിമയുടെ പിതാവ് എന്നാണ് ജോണ്‍ എബ്രഹാം അറിയപ്പെടുന്നത്. സിനിമയെ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കോഴിക്കോട് കേന്ദ്രമായി ഒസേഡേ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ നിർമ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും ചെയ്ത്, “ജനങ്ങളുടെ സിനിമ” എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടു.

വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും അദ്ദേഹത്തിന്റെ ഓരോ സിനിമയേയും വേറിട്ടു നിർത്തി. വെറും 4 സിനിമകളും 3 ഡോക്യുമെന്ററികളും മാത്രമേ സിനിമാലോകത്തിന് നല്‍കുവാന്‍ ജോണിന് കഴിഞ്ഞൂള്ളൂ. ഇത്രയും പരിമിതമായ സംഭാവനയിലൂടെ സിനിമാലോകത്തില്‍ ആദരിക്കുപ്പെടുന്ന വ്യക്തിയായിത്തീരാന്‍ ജോണിനു കഴിഞ്ഞത് കാരണം അദ്ദേഹത്തിന് സിനിമയോടുണ്ടായിരുന്ന അതിയായ സ്‌നേഹവും അര്‍പ്പണബോധവുമായിരുന്നു.

ജോണ്‍ എബ്രഹാം ഒരു കഥാകൃത്ത് കൂടിയായിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുള്ള പുസ്തകങ്ങൾ

  • നേര്‍ച്ചക്കോഴി
  • ജോണ്‍ എബ്രഹാം കഥകള്‍

1987 മേയ് 31-ന് കോഴിക്കോട് മിഠായി തെരുവിലെ പണി തീരാതെ കിടന്ന ഒയാസിസ് കോംപ്ലക്‌സിന്റെ മുകളിൽ നിന്നു വീണു മരിച്ചു.

കൗതുകങ്ങൾ/നേട്ടങ്ങൾ

  • പ്രശസ്ത ബംഗാളി സംവിധായകൻ ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തിൽ സ്വാധീനിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുൻപ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്കി റൊട്ടി (1969) എന്ന സിനിമയിൽ സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിൽ ജോൺ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.
  • ഡിപ്ലോമ ചിത്രം: പ്രിയ (1969)
  • അഗ്രഹാരത്തിൽ കഴുതൈ (തമിഴ്)- സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും നേടി
  • അമ്മ അറിയാൻ- ‍ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ് നേടി
  • കോട്ടയത്ത് എത്ര മത്തായിമാർ അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കഥയാണ്.
  • ചെറിയ വേഷങ്ങൾ ആണെങ്കിൽ കൂടിയും ഇദ്ധേഹം മൂന്നു സിനിമകളിൽ അഭിനയിച്ചു :  ഉസ്കി റൊട്ടി(ഹിന്ദി ) , അഗ്രഹാരത്തിൽ കഴുതൈ(തമിഴു) , ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍(മലയാളം)

ഇല്ല്യുസ്ട്രേഷൻ: നന്ദൻ