സുധീർ കരമന

sudheer Karamana
പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടേയും ജയ ജെ. നായരുടേയും മകൻ.
പഠിച്ചത്‌ തിരുവനന്തപുരത്ത് പട്ടത്തെ കേന്ദ്രീയവിദ്യാലയത്തിൽ. സ്‌കൂളില്‍ നടന്ന ഇംഗ്ലീഷ്‌ മോണോആക്‌ട് മത്സരത്തിലൂടെയാണ്‌ അഭിനയജീവിതത്തിന്‌ തുടക്കമിട്ടത്‌. പി.ജി. കഴിഞ്ഞിട്ട് കേരള യൂണിവേഴ്‌സിറ്റിയില്‍ ബി എഡ് ചെയ്തു.  കലാ-സാഹിത്യമേഖലകളില്‍ സജീവമാകുന്നത്‌ അക്കാലത്താണ്‌.

പഠനത്തിനുശേഷം ആക്കുളം സെസ്സില്‍ ജൂണിയര്‍ സയന്റിസ്‌റ്റായി താൽക്കാലിക ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ക്രൈസ്‌റ്റ്നഗര്‍ സ്‌കൂളില്‍ അധ്യാപകനായി. അതിനുശേഷം ഗള്‍ഫിൽ അധ്യാപകനായി ജോലി ചെയ്തു. അവധിക്ക്‌ നാട്ടില്‍ വന്നപ്പോൾ സുഖമില്ലാതിരുന്ന അഛന്റെ സംരക്ഷണത്തിനായി കൂടെ നില്‍ക്കേണ്ടിവന്നതുകാരണം ഗള്‍ഫിലേക്ക്‌ തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. വെങ്ങാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്റെ ഒഴിവ്‌ വന്നത്‌ ആ സമയത്താണ്‌. 1998ല്‍ അവിടത്തെ അധ്യാപകനായി ചേര്‍ന്നു. 2001ല്‍ തന്റെ 29 വയസ്സിൽ ആ സ്കൂളിലെ തന്നെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി.
 

കെ.ജി.ജോര്‍ജ്‌ കരമന ജനാർദ്ദനൻ നായരെ കേന്ദ്രകഥാപാത്രമാക്കി 'മറ്റൊരാള്‍' എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം ലൊക്കേഷനില്‍ അച്‌ഛനൊപ്പം സുധീറും ഉണ്ടായിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യം മുതല്‍ അവസാനം വരെ കാഴ്‌ചക്കാരനായി. അതാണ്‌ അഭിനയിക്കാനുള്ള പ്രേരണ ഉണ്ടാക്കിയത്‌. -
  ഭരത് ഗോപി 'മറവിയുടെ മണം' എന്ന പേരില്‍ ടെലിഫിലിം എടുത്തപ്പോൾ അതിൽ സുധീറിനു ഒരു വേഷം കിട്ടി.. അതിശേഷമാണ് എം.പത്മകുമാര്‍ സംവിധാനം ചെയ്‌ത 'വാസ്‌തവ'ത്തില്‍ അഭിനയിച്ചത്‌. പാമ്പ്‌ വാസു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 2007 നവംബറില്‍ ലാല്‍ജോസിന്റെ 'മുല്ല'യില്‍ നല്ലൊരു വേഷം ചെയ്തു.

സുധീര്‍ കരമനയുടെ ഭാര്യ അഞ്‌ജന ശാസ്‌തമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു ടീച്ചറാണ്‌. മക്കള്‍: സൂര്യനാരായണന്‍, ഗൗരി കല്യാണി.