ദേവകീ ഭായി

Devaki Bhai

തമിഴ്നാട്ടിലെ തഞ്ചാവൂർകാരിയായിരുന്ന ദേവകീ ഭായിയും കുടുംബവും മദ്രാസിലായിരുന്നു താമസം. തമിഴ് നാടക-ചലച്ചിത്രവേദികളിലെ പ്രസിദ്ധ നടിയായിരുന്നു ദേവകീഭായി. അഭിനയത്തിലൂടെ ഏറെ പ്രശസ്തിയും പണവും സ്വന്തമാക്കിയ അഭിനേത്രിയായിരുന്നു അവർ. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദചിത്രമായ മാർത്താണ്ഡവർമ്മയിലെ നായികയായി അവരെ തിരഞ്ഞെടുത്തത് സുന്ദരരാജാണ്. ചിത്രീകരണവേളയിൽ "മാർത്താണ്ഡവർമ്മ"യുടെ സംവിധായകനും നിർമ്മാതാവുമായ സുന്ദരരാജിനോട് തോന്നിയ അടുപ്പം അവരുടെ വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മാർത്താണ്ഡവർമ്മയുടെ ചിത്രപ്രദർശനം കോടതി തടഞ്ഞതോടെ വൻ സാമ്പത്തികബാധ്യതയിലായ സുന്ദരരാജിനെ ആദ്യമൊക്കെ താങ്ങി നിർത്തിയത് ദേവകീഭായിയുടെ സ്വത്തായിരുന്നെങ്കിലും പിൽക്കാലത്ത് ദാരിദ്ര്യത്തിൽ കലാശിക്കുകയായിരുന്നു ആ കുടുംബജീവിതം. തുടർന്ന് മദ്രാസിലും തൃശിനാപ്പള്ളിയിലും മധുരയിലുമൊക്കെയായി പല ജോലികളും ചെയ്ത് ജീവിതം തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും ദാരിദ്ര്യം വിട്ടൊഴിഞ്ഞിരുന്നില്ല. എന്നാൽ മറ്റ് നടികൾ ചെയ്യുന്നത് പോലെ ദേവകീഭായി സുന്ദരരാജിനെ ഉപേക്ഷിച്ച് പോയില്ല.

ഒടുവിൽ തിരുവനന്തപുരത്തെ കണ്ണമ്മൂലയിൽ സുന്ദരജാജ് കുടുംബവുമായി വന്ന് താമസിച്ചു. ഒരു കാലത്തെ പ്രശസ്ത നടിയും സുന്ദരിയുമായിരുന്ന ദേവകീഭായി ആണെന്ന് തൊട്ടടുത്തവർക്ക് പോലും മനസിലായിരുന്നില്ല. അവരൊട്ട് അക്കാര്യമൊന്നും  ആരോടും പറഞ്ഞിരുന്നുമില്ല. 1987 ജൂൺ പതിനാലാം തീയതി ആണ് ദേവകീഭായി എന്ന നടി ജീവിച്ചിരിപ്പുള്ളതായി ജനം അറിഞ്ഞത്. തിരുവനന്തപുരത്തെ സൂര്യ ഫിലിം സൊസൈറ്റി പഴയകാല നടീനടന്മാരെ ആദരിക്കുവാൻ തയ്യാറാക്കിയ ചടങ്ങിൽ ദേവകീഭായിയേയും ക്ഷണിച്ചിരുത്തി. രണ്ട് വാക്കുകൾ പറയണമെന്ന് ശ്രോതാക്കൾ ആവശ്യപ്പെട്ടപ്പോൾ തമിഴും മലയാളവും കലർന്ന ഭാഷയിൽ നാലഞ്ച് വാക്കുകൾ പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. ദേവകീഭായി എന്ന അഭിനേത്രിയുടെ അനുസ്മരണം അവിടെ അവസാനിച്ചു. 2001 ജൂൺ രണ്ടിന് അധികം ആരുമറിയാതെ അവർ മരണമടഞ്ഞു. 

അവലംബം:- ചേലങ്ങാട്ട് ഗോപാലന്റെ ലേഖനം.

ആദ്യത്തെ ചിത്രത്തിനു കടപ്പാട് :- ഗീത ഫ്യോദ്

Date of Death: Provided by ‎Pradeep Malayilkada