ഒ വി വിജയൻ

O V Vijayan

നോവലിസ്റ്റ്/ചെറുകഥാകൃത്ത്/കാര്‍ട്ടൂണിസ്റ്റ്/രാഷട്രീയ ചിന്തകന്‍/പത്ര പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്‍ 1930 ജൂലായ് 2 ആം തിയതി പാലക്കാട് ജില്ലയിലെ മങ്കരയില്‍ വേലുക്കുട്ടിയുടെയും കമലാക്ഷിയമ്മയുടെയും മകനായി ജനിച്ചു. 

അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍റ്‍ററി/ കോട്ടയ്ക്കല്‍ രാജാസ്/കൊടുവായൂര്‍ ബോര്‍ഡ്/ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍/ മദിരാശിയിലെ താംബരം/കോര്‍ളി എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യഭ്യാസവും. പാലക്കാട് ഗവണ്‍മെന്‍റ്‍റ് വിക്ടോറിയാ കോളജില്‍ നിന്ന്  ഇന്‍റ്‍റര്‍മീഡിയറ്റും/ബി.എയും. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദവും നേടിയ അദ്ദേഹം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി. 

കടുത്ത ഇടതുപക്ഷ ചിന്തകനായ അദ്ദേഹം തന്റെ എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ ആ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് 1958 ൽ ശങ്കേഴ്സ് വീക്കിലിയിലും/1963 ൽ പേട്രിയറ്റ് ദിനപത്രത്തിലും കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്ത അദ്ദേഹം 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.

ഹോങ്കോങ്ങിലെ ഫാര്‍ ഈസ്റ്‍റേണ്‍ ഇക്കണോമിക് റിവ്യൂ/പൊളിറ്‍റിക്കല്‍ അറ്റ്‌ലസ്/ ഹിന്ദു/മാതൃഭൂമി/കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. കലാകൌമുദിയിലെ  ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന കാര്‍ട്ടൂണ്‍ പരമ്പരയും/മലയാളനാട് വാരികയിലെ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പരമ്പരയും/മാതൃഭൂമി/ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ അദ്ദേഹത്തിന്റെ പരമ്പരകളും പ്രശസ്തമായിരുന്നു.

1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ അദ്ദേഹത്തെ മലയാളത്തിലെ എഴു‍ത്തുകാരില്‍ നിന്നും വിഭിന്നനാക്കുന്നു.

ഖസാക്കിന്റെ ഇതിഹാസം (1969)/ധര്‍മ്മപുരാണം (1985)/ഗുരുസാഗരം (1987)/മധുരം ഗായതി (1990)/പ്രവാചകന്റെ വഴി (1992)/തലമുറകള്‍ (1997) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. വിജയന്റെ കഥകള്‍ (1978)/ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979)/ കടല്‍ത്തീരത്ത് (1988)/കാറ്റ് പറഞ്ഞ കഥ (1989)/അശാന്തി (1985)/ബാലബോധിനി (1985)/പൂതപ്രബന്ധവും മറ്റ് കഥകളും (1993)/ കുറെ കഥാബീജങ്ങള്‍ (1995) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കഥകള്‍. ഘോഷയാത്രയില്‍ തനിയെ (1988)/ വര്‍ഗ്ഗസമരം/സ്വത്വം (1988)/കുറിപ്പുകള്‍ (1988)/ ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ലേഖനങ്ങള്‍. എന്റെ ചരിത്രാന്വേഷണ പരീക്ഷകള്‍ (1989) എന്നിവ ആക്ഷേപഹാസ്യവും/ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) കാര്‍ട്ടൂണുമാണ്. അതുപോലെ സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) ഒരു സ്മരണയുമാണ്. ഇദ്ദേഹത്തിന്റെ കടൽതീരത്ത്/അരിമ്പാറ എന്നീ കഥകൾ സിനിമയുമായിട്ടുണ്ട്.

കൂടാതെ പല നോവലുകളും കഥകളും ഇദ്ദേഹം സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സ്റ്‍റോറീസ്/സാഗ ഓഫ് ധര്‍മപുരി/ലെജന്‍ഡ് ഒഫ് ഖസാക്ക്/ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്സ് എന്നിവ ഇദ്ദേഹത്തിന്റെ ഇംഗ്ളീഷ് കൃതികളാണ്.

ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍ ആണ്  ഭാര്യ/ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. 

കേന്ദ്ര/കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍/വയലാര്‍/മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍/എഴുത്തച്ഛന്‍ പുരസ്കാരം/1993 ല്‍ പത്മഭൂഷൻ/2001 ൽ പത്മശ്രീ തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 

2005 മാര്‍ച്ച് 30 ആം തിയതി ഹൈദരാബാദില്‍ വെച്ച് അദ്ദേഹം അന്തരിച്ചുവെങ്കിലും അദ്ദേഹം മലയാള മനസുകളില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനസ്യൂതമായ ഉല്‍ഫുല്ലത അദ്ദേഹത്തെ സജീവ ചേതസ്സാക്കുന്നുണ്ട്.