കൂത്താട്ടുകുളം ലീല

Koothattukulam Leela

നാടകത്തിൽ നിന്ന് സിനിമയിലെത്തിയ അഭിനേത്രിമാരിലൊരാളാണ് കൂത്താട്ടുകുളം സ്വദേശിയായ ലീല. കോട്ടയം നാഷണൽ തീയേറ്റേഴ്സ്, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം അജന്ത, ചങ്ങനാശ്ശേരി തരംഗം തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ ഭാഗമായിട്ടുള്ള  ഇവർ രാഗം, കാട്ടുതീ, ക്രൈം 302, മനസ്സില്ല മന്ത്രിയാകാൻ, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ തുടങ്ങി നിരവധി പ്രശസ്ത നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1984, 1994 എന്നീ വർഷങ്ങളിൽ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കൂത്താട്ടുകുളം ലീലയ്ക്കാണ്. 
     1968 ൽ റിലീസായ വെളുത്ത കത്രീന എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത് ചെറിയൊരു വേഷം ചെയ്തതാണ് സിനിമയിലെ തുടക്കം. പിന്നീടും ഏതാനും സിനിമകളിൽ വേഷമിട്ടു. താവളം, നീയരികെ ഞാനകലെ എന്ന പുറത്തിറങ്ങാത്ത ചിത്രം തുടങ്ങിവയൊക്കെ അവയിലുൾപ്പെടും.  സിനിമകളിലഭിനയിച്ചെങ്കിലും സ്വന്തം തട്ടകമായ നാടകമേഖലയിൽത്തന്നെ സജീവമായി തുടർന്ന ലീല പിൽക്കാലത്ത് ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു. ഇടക്കാലത്ത് ഭർത്താവിനും മക്കൾക്കുമൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയത് അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കാൻ കാരണമായി. തുടർന്ന് ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തി തിരുവനന്തപുരത്ത് താമസമാക്കിയ ഇവർ ശ്യാമപ്രസാദിന്റെ കാസിമിന്റെ കടൽ, അനിൽ വി നാഗേന്ദ്രന്റെ തീ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയിലെത്തി. 
     
    സിനിമ, സീരിയൽ മേഖലകളിൽ അറിയപ്പെടുന്ന നടിമാരായ ബിന്ദു രാമകൃഷ്ണൻ, കൂത്താട്ടുകുളം ഷൈനി, ജോളി ഈശോ എന്നിവർ ലീലയുടെ ഇളയ സഹോദരിമാരാണ്.