അജയ് കുമാർ

Ajay Kumar
ഗിന്നസ് പക്രു
ഉണ്ട പക്രു
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. 

1976 ആഗസ്റ്റ് 31-ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ രാധാകൃഷ്ണ പിള്ള അംബുജാക്ഷിയമ്മ ദമ്പതികളുടെ മകനായി ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ ജനിച്ചു.  അജയ് ജനിച്ചതിനു ശേഷം കുടുംബം കോട്ടയത്തേയ്ക്ക് താമസം മാറ്റി. കോട്ടയം സി എം എസിൽ  നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ  അജയ് കുമാർ കോട്ടയം ബസേലിയസ് കോളേജിൽ നിന്നും  ഇക്കണോമിക്സിൽ ബിരുദവും നേടി.

നാദിർഷ, കോട്ടയം നസീർ തുടങ്ങിയ പ്രഗത്ഭ മിമിക്രി ആർട്ടിസ്റ്റുകളുടെ കൂടെ അവരുടെ ട്രൂപ്പിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്നു. പതിനെട്ട്  വയസ്സായപ്പോഴേയ്ക്കും ആയിരത്തോളം വേദികളിൽ അദ്ദേഹം മിമിക്രി അവതരിപ്പിച്ചു. ഉയരക്കുറവ് ആദ്യകാലത്ത് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചെങ്കിലും പിന്നീട് അത് മിമിക്രി വേദികളിലും സിനിമകളിലും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് വലിയ നേട്ടമായി.

 1984-ൽ അമ്പിളി അമ്മാവൻ എന്ന സിനിമയിൽ ബാല നടനായിട്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമകളിലെ അഭിനയം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയതാരമാക്കി.

വിനയൻ സംവിധാനം ചെയ്ത് 2005-ൽ റിലീസ് ആയ "അത്ഭുതദ്വീപ് " എന്ന ചിത്രം വഴിത്തിരിവായി. ഒരു ദ്വീപിൽ താമസിയ്ക്കുന്ന ഉയരം കുറഞ്ഞ മനുഷ്യരുടെ കഥ പറഞ്ഞ അത്ഭുതദ്വീപ് എന്ന ഫാന്റസി ചിത്രം വലിയ സാമ്പത്തിക വിജയം നേടി. ഈ ചിത്രം തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.  അഞ്ചോളം സിനിമകളിൽ തമിഴിലും അഭിനയിക്കാൻ അവസരം ലഭിച്ചു. 2013-ൽ പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമയാക്കിയത്. 2018 ഏപ്രിൽ 21-ന് ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീകരിച്ച്, ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി അദ്ദേഹം റെക്കോർഡ് സ്ഥാപിച്ചിരുന്നു. വിനയൻ സംവിധാനം നിർവഹിച്ച 'അത്ഭുതദ്വീപിൽ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും 2018 ല്‍   അദ്ദേഹത്തെ തേടി എത്തി.

2019-ൽ രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്ത ഫാൻസിഡ്രസ്സ് എന്ന ചിത്രം ഇദ്ദേഹമാണ് നിർമ്മിച്ചത്.

ടെലിവിഷൻ സീരിയലുകളിലും, ഷോ-കളിലും സജീവമായ അദ്ദേഹം മിമിക്രി, കോമഡി ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും വരുന്നുണ്ട്.

ഭാര്യ ഗായത്രി, മകൾ ദീപ്ത കീർത്തി.